Connect with us

Kerala

ബി ജെ പി ബന്ധം: സോഷ്യല്‍ മീഡിയയില്‍ വി എസ്- ഉമ്മന്‍ ചാണ്ടി യുദ്ധം

Published

|

Last Updated

തിരുവനന്തപുരം: ബി ജെ പി ബന്ധം പരസ്പരം ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വി എസ് അച്യുതാനന്ദന്‍-ഉമ്മന്‍ചാണ്ടി യുദ്ധം. യു ഡി എഫ് ബി ജെ പി സഹകരണം ആരോപിച്ചുകൊണ്ടുള്ള വി എസ് അച്യുതാനന്ദന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മറുപടിയുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നു. വഴി മുട്ടിയ ബി ജെ പി, വഴികാട്ടാന്‍ ഉമ്മന്‍ചാണ്ടിയെന്നായിരുന്നു വി എസിന്റെ ട്വീറ്റ്. ബി ജെ പിയുടെ പ്രചാരണ തലവാചകം ഉപയോഗിച്ച് നടത്തിയ പരാമര്‍ശത്തിന് സോഷ്യല്‍ മീഡയയില്‍ വലിയ പ്രതികരണം ലഭിച്ചു.

വഴിമുട്ടിയപ്പോഴൊക്കെ ബി ജെ പിക്ക് വഴികാട്ടിയായത് സി പി എമ്മാണെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്. കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാകാതെ നിന്ന ബി ജെ പിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സി പി എമ്മാണ്. ഇത് എന്റെ വാദമല്ല. തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതകളാണിത്. വടക്ക് മഞ്ചേശ്വരത്തും തെക്ക് നേമത്തും ഇതിന് വ്യക്തമായ കണക്കുകളുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരളത്തിലും സി പി എമ്മിന്റെ ജീര്‍ണതയും വിഭാഗീയതയുമല്ലേ ബി ജെ പിക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സി പി എം പ്രമേയം അച്ചടിച്ചു വിതരണം ചെയ്തല്ലേ ബി ജെ പി വോട്ട് പിടിച്ചത്. ഇത്തവണയും സി പി എമ്മിന്റെ ജീര്‍ണതയും ഇരട്ടത്താപ്പും എണ്ണിപ്പറഞ്ഞല്ലേ ബി ജെ പി വോട്ട് പിടിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ച്, യു ഡി എഫ്-ബി ജെ പി ബന്ധം ആരോപിക്കുന്ന സി പി എമ്മിന്റെ പണി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Latest