Connect with us

Kannur

കണ്ണൂര്‍:സമ്പൂര്‍ണാധിപത്യത്തിന് ഇടത്; വിറക്കാതെ വലത്

Published

|

Last Updated

മറ്റ് ജില്ലകളെ അപേക്ഷിച്ച് കണ്ണൂര്‍ പലപ്പോഴും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാവാറുണ്ട്. സി പി എമ്മിന്റെ രാഷ്ട്രീയ തലസ്ഥാനം എന്നറിയപ്പെടുന്ന കണ്ണൂരില്‍ പാര്‍ട്ടിക്കുണ്ടാകുന്ന നേട്ടവും കോട്ടവും കേരളത്തിനപ്പുറം വരെ ചര്‍ച്ചയാവാറുണ്ട്. ഇവിടുത്തെ നേട്ടം എന്നും സി പി എമ്മിന്റെ അഭിമാനമാണ്. അതുപോലെ തളര്‍ച്ച വലിയ ഭീഷണിയും. എന്നാല്‍, ഇത്തവണ എല്‍ ഡി എഫിന് ചരിത്രത്തിലില്ലാത്ത വിധം വിജയം നല്‍കാന്‍ കണ്ണൂര്‍ ജില്ല ഒരുങ്ങിയെന്നാണ് വിലയിരുത്തല്‍. ഇത് കേവലം പാര്‍ട്ടി വിലയിരുത്തല്‍ മാത്രമായി കാണരുതെന്ന് സി പി എം നേതൃത്വം പറയുമ്പോള്‍ ആശങ്കയോടെയാണെങ്കിലും കണ്ണൂരില്‍ ഒരട്ടിമറിയും സംഭവിക്കില്ലെന്ന് യു ഡി എഫ് വ്യക്തമാക്കുന്നു. കണ്ണൂരെന്ന ചെങ്കോട്ടയില്‍ പകുതിയിടങ്ങളിലെങ്കിലും തങ്ങളുടെ കുത്തക ഉറപ്പിച്ചു നിര്‍ത്താന്‍ ഇക്കുറി കഴിയുമെന്ന ആത്മവിശ്വാസമാണ് യു ഡി എഫ് ക്യാമ്പില്‍ നിന്ന് അവസാന നിമിഷവും ഉയരുന്നത്. വലിയതോതില്‍ രാഷ്ട്രീയ അടിയൊഴുക്കുകളൊന്നും ഇല്ലാത്തസ്ഥിതിയില്‍ കണ്ണൂരില്‍ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് യു ഡി എഫിന്റെ ഉറച്ച വിശ്വാസം. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും കാര്യങ്ങള്‍ ഇത്തവണ അത്ര പന്തിയല്ലെന്നത് രഹസ്യമായി ചില നേതാക്കള്‍ സമ്മതിക്കുന്നുമുണ്ട്.

പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം, അവസാനനിമിഷംവരെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി വാദപ്രതിവാദങ്ങളുയര്‍ന്ന കെ സി ജോസഫിന്റെ ഇരിക്കൂര്‍, കനത്തപോരാട്ടം നടക്കുന്ന മന്ത്രി കെ പി മോഹനന്റെ കൂത്തുപറമ്പ്, എം വി ആറിന്റെ മകന്‍ എം വി നികേഷ്‌കുമാര്‍ പോരിനിറങ്ങിയ അഴീക്കോട് തുടങ്ങി മലയാളികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കണ്ണൂരില്‍ ഇക്കുറി പോരാട്ടം കനത്തത് തന്നെയാണ്. പിണറായിക്ക് പുറമേ കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, കെ കെ ശൈലജ, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍, ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, യു ഡി എഫില്‍ മുന്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി, എ പി അബ്ദുല്ലക്കുട്ടി തുടങ്ങി കേരള രാഷ്ട്രീയത്തില്‍ ഏറെ പേരും പെരുമയുമുള്ളവരാണ് കണ്ണൂരില്‍ മത്സരിക്കുന്നത്.
കണ്ണൂരില്‍ ആകെയുള്ള 11 മണ്ഡലങ്ങളില്‍ നിലവില്‍ അഞ്ചെണ്ണം യു ഡി എഫിനാണ്. കണ്ണൂര്‍.പേരാവൂര്‍, അഴീക്കോട്, ഇരിക്കൂര്‍, കൂത്തുപറമ്പ് എന്നിവയാണവ. ധര്‍മടം, തലശ്ശേരി, മട്ടന്നൂര്‍, കല്യാശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളാണ് എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റുകള്‍. ജില്ലയില്‍ 11 ല്‍ അഞ്ച് സീറ്റ് എന്നത് യു ഡി എഫിന്റെ വലിയ നേട്ടമായിരുന്നു. അതേസമയം, നന്നായിപ്പൊരുതിയാല്‍ ഇരിക്കൂര്‍ ഉള്‍പ്പടെയുള്ള യു ഡി എഫിന്റെ അഞ്ച് മണ്ഡലങ്ങളും പിടിച്ചെടുക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് എല്‍ ഡി എഫിന് ഇത്തവണയുള്ളത്. അതിന്റെ ആത്മ വിശ്വാസത്തിലാണ് അവര്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുമ്പെങ്ങുമില്ലാത്ത മേല്‍ക്കൈ നേടിയിട്ടുള്ളത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും എല്‍ ഡി എഫിന് മുന്‍കാലങ്ങളെ അപേക്ഷിച്ച് വോട്ടുശക്തി വര്‍ധിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെ പ്രധാന കാരണവും അതുതന്നെ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ മുന്നേറ്റം ആറില്‍നിന്ന് ഏഴായി മാറി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിച്ച ആറുമണ്ഡലങ്ങളിലും വന്‍ ലീഡാണ് ലഭിച്ചത്. പയ്യന്നൂരില്‍ സി കൃഷ്ണനും മട്ടന്നൂരില്‍ ഇ പി ജയരാജനും 30,000ത്തിനുമേലെ ഭൂരിപക്ഷം പിടിച്ചപ്പോള്‍ കല്യാശ്ശേരിയില്‍ ടി വി രാജേഷും തളിപ്പറമ്പില്‍ ജയിംസ് മാത്യുവും തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണനും ഭൂരിപക്ഷം കാല്‍ലക്ഷത്തിലധികം ഉയര്‍ത്തി. ധര്‍മടത്ത് കെ കെ നാരായണന് 15,000വും ലഭിച്ചു. അതേസമയം, ഇരിക്കൂറില്‍ മാത്രമാണ് യു ഡി എഫിന് സാമാന്യം മെച്ചപ്പെട്ട ഭൂരിപക്ഷം ലഭിച്ചത്. 11,757 വോട്ട്. അഴീക്കോട്ട് കെ എം ഷാജിക്ക് വെറും 493ന്റെയും കൂത്തുപറമ്പില്‍ കെ പി മോഹനന് 3303 വോട്ടിന്റെയും പേരാവൂരില്‍ സണ്ണി ജോസഫിന് 3440 വോട്ടിന്റെയും ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. കണ്ണൂരില്‍ എ പി അബ്ദുല്ലക്കുട്ടിക്ക് 6443 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. പുതിയ സാഹചര്യത്തില്‍ യു ഡി എഫിന്റെ ഈ കുറഞ്ഞ ഭൂരിപക്ഷം അട്ടിമറിക്കാന്‍ എളുപ്പമാണെന്ന് എല്‍ ഡി എഫ് കരുതുന്നു. ഒടുവില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ ഒഴികെ എല്ലാ മണ്ഡലങ്ങളിലും യു ഡി എഫിന്റെ വോട്ടുകള്‍ ഗണ്യമായി ചോര്‍ന്നതും ശ്രദ്ധേയം. മാത്രമല്ല ഇരിക്കൂറിലും പേരാവൂരിലും അഴീക്കോട്ടും കണ്ണൂരും യു ഡി എഫ് വിമതര്‍ നേടുന്ന വോട്ടുകള്‍ എല്‍ ഡി എഫ് സാഥാനാര്‍ഥികളുടെ വിജയ സാധ്യതയാണ് കൂട്ടുന്നത്. ഇതില്‍ ഇരിക്കൂറിലാണ് വിമതരുടെ സാന്നിധ്യം വലിയ അട്ടിമറിക്കുള്ള സാധ്യത ഉയര്‍ത്തുന്നത്. അഴീക്കോട്ട് വിമതനായി മത്സരിക്കുന്ന പി കെ രാഗേഷ് പരമാവധി വോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്തിയാല്‍ നികേഷ്‌കുമാറിന്റെ വിജയം എളുപ്പത്തിലാകുമെന്ന് കണക്കുകൂട്ടുന്നുണ്ട്.
കണ്ണൂരിലെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനുണ്ടായ മുന്നേറ്റവും കണ്ണൂര്‍ സീറ്റ് പിടിക്കാന്‍കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. അതിനുപുറമേ മന്ത്രി കെ പി മോഹനന്‍ മത്സരിക്കുന്ന കൂത്തുപറമ്പില്‍ സീറ്റ് പിടിച്ചെടുക്കല്‍ ലക്ഷ്യംവെച്ച് കേന്ദ്രക്കമ്മിറ്റി അംഗം കെ കെ ശൈലജയെ നിര്‍ത്തിയും കനത്തപോരാട്ടത്തിനും തുടക്കമിട്ടു. തലശ്ശേരിയില്‍ ഇക്കുറി എ എന്‍ ഷംസീറിനെതിരെ എ പി അബ്ദുള്ളക്കുട്ടി പ്രചാരണം കനപ്പിച്ചിട്ടുണ്ട്. എന്നാല്‍ തലശ്ശേരിയുടെ ചരിത്രം മാറ്റിയെഴുതാനാവില്ലെന്നു സി പി എം ഉറപ്പിച്ചു പറയുന്നു.
ബി ജെ പി യുടെ വോട്ട് ലോക്‌സഭയിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കൂടിയിട്ടുണ്ട്. പക്ഷേ, മറ്റു പല ജില്ലകളിലുമെന്നപോലെ ഇരുമുന്നണികളുടെയും തിരഞ്ഞെടുപ്പ് സാധ്യതകളെ ഇത് ബാധിക്കുന്നില്ല. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ബി ജെ പി ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബി ജെ പി ക്ക് ഒരുലക്ഷത്തിലധികം വോട്ടുകള്‍ കൂടിയിട്ടുണ്ട്. ബി ജെ പി ഇനിയും പുതുതായി പിടിക്കുന്ന വോട്ടുകള്‍ ആരെ ബാധിക്കുമെന്ന് പറയാറായിട്ടില്ല. വെല്‍ഫെയര്‍പാര്‍ട്ടി, എസ് ഡി പി ഐ എന്നീ സംഘടനകള്‍ മത്സരിക്കുന്നുണ്ടെങ്കിലും ഒരിടത്തും തിരഞ്ഞെടുപ്പിന്റെ ജയപരാജയത്തെ ബാധിക്കില്ല. കാന്തപുരം വിഭാഗത്തിന്റെ വോട്ടുകള്‍ പല മണ്ഡലങ്ങളിലും നിര്‍ണായകമാകും.
കണ്ണൂരിന്റെ വികസനം മുന്‍നിര്‍ത്തിയാണ് യു ഡി എഫ് വോട്ട്‌ചോദിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തിയതും ബാരോപോള്‍ പദ്ധതി, അഴീക്കോട് കൈത്തറിഗ്രാമം, യൂനിവേഴ്‌സിറ്റി സെന്‍ട്രല്‍ ലൈബ്രറി തുടങ്ങിയവ വികസനത്തിന്റെ പുതിയ സന്ദേശങ്ങളാണെന്ന പ്രചാരണമുയര്‍ത്തിയാണ് യു ഡി എഫ് പ്രചാരണ രംഗത്ത് മുന്നേറുന്നത്. എന്നാല്‍ യു ഡി എഫ് പറയുന്ന വികസനങ്ങളെല്ലാം തങ്ങളുടെ ഭരണ കാലത്ത് തുടങ്ങിയതാണെന്ന് തെളിവ് സഹിതം വേട്ടര്‍മാരെബോധ്യപ്പെടുത്താനാണ് ഇടതുമുന്നണിയുടെ ശ്രമം.അതിനായി വിമാനത്താവള വികസനത്തിന്റെ നാള്‍ വഴികള്‍ എല്‍ ഡി എഫ് വ്യക്തമാക്കുന്നു. വിലക്കയറ്റമുള്‍പ്പടെയുള്ള സാധാരണക്കാരെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ജനങ്ങള്‍ക്കു മുന്‍പില്‍ ഇടതുമുന്നണി നിരത്തുന്നുണ്ട്.കഴിഞ്ഞ സര്‍ക്കാറിന്റെ അഴിമതിയുള്‍പ്പടെ തുറന്നു കാട്ടാന്‍ കലാപരിപാടികളുള്‍പ്പടെയുള്ള പ്രചാരണ പരിപാടികളും എല്‍ ഡി എഫ് സ്വീകരിക്കുന്നുണ്ട്. ദേശീയ നേതാക്കള്‍ ഇരുമുന്നണികള്‍ക്കുവേണ്ടിയും ബി ജെ പിക്ക് വേണ്ടിയും ഇതിനകം ജില്ലയില്‍ ഒരു വട്ടം പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു.