Connect with us

Gulf

കുടുംബബന്ധങ്ങള്‍ ഗാഢമാക്കാന്‍ മന്ത്രിസഭ പദ്ധതി ആവിഷ്‌കരിച്ചു

Published

|

Last Updated

അബുദാബി: കുടുംബബന്ധങ്ങള്‍ ഗാഢമാക്കാനും ദൃഢതയോടെ വളര്‍ത്താനും സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കാനുമായി യു എ ഇ ഭരണകൂടം “കൊഹെസ്സീവ് ഫാമിലി 2021” എന്ന തലക്കെട്ടില്‍ ദേശീയ കാമ്പയിന്‍ അവതരിപ്പിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
യു എ ഇയുടെ ഐക്യത്തിന് പരസ്പരാശ്രയത്വമുള്ള കുടുംബങ്ങളുടെ അനിവാര്യത യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കിയതായി ശൈഖ് മുഹമ്മദ് പറഞ്ഞു. ലോകത്തിലെ മികച്ച രാജ്യമാവുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിന് ദൃഢതയാര്‍ന്ന ബന്ധത്തോടെയുള്ള കുടുംബങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വേണം. ഗവണ്‍മെന്റിന്റെ ദേശീയ പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ കാമ്പയിന്‍.
യു എ ഇ വിഷന്‍ 2021ന്റെ ഭാഗമായുള്ള ദേശീയ പദ്ധതിയാണിത്. നിരവധി പദ്ധതികളും സാംസ്‌കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടപ്പാക്കും. “കുടുംബ പ്രതിജ്ഞ”യാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍നിന്നുള്ളവരോടും കാമ്പയിനില്‍ പങ്കാളികളാവാന്‍ ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.
www.cohesivefamilies2021.ae എന്ന ലിങ്കിലൂടെ പ്രതിജ്ഞയില്‍ പങ്കാളികളാവുകയും #CohesiveFamilies2021 എന്ന് ഹാഷ്ടാഗ് ചെയ്ത് ഇമറാത്തി സമൂഹത്തിലെ കുടുംബബന്ധത്തെ ശക്തിപ്പെടുത്താന്‍ അദ്ദേഹം പറഞ്ഞു.
യു എ ഇ സാമൂഹിക വികസന വകുപ്പാണ് കാമ്പയിന് നേതൃത്വം നല്‍കുന്നത്.

Latest