Connect with us

Gulf

മണിക്കൂറില്‍ 251 കിലോ മീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ച ആള്‍ പിടിയില്‍

Published

|

Last Updated

ദുബൈ: മണിക്കൂറില്‍ 251 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ച ഡ്രൈവറെ പിടികൂടിയതായി അജ്മാന്‍ പോലീസ് അറിയിച്ചു. എമിറേറ്റിലെ വേഗപരിധി വകവെക്കാതെ വാഹനം ഓടിച്ച ഡ്രൈവറെയാണ് പിടികൂടിയത്. ഏറ്റവും കൂടിയ വേഗത്തില്‍ നിയമം ലംഘിച്ച് വാഹനം ഓടിച്ചത് മണിക്കൂറില്‍ 251 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡിലായിരുന്നു വാഹനത്തിന്റെ മരണപ്പാച്ചില്‍ അരങ്ങേറിയത്.
മൊത്തം 3,49,725 ഗതാഗത നിയമലംഘനങ്ങളാണ് 2015ല്‍ പിടികൂടിയത്. ഇതില്‍ 2,36,506 ഗതാഗത നിയമലംഘനങ്ങളും അമിതവേഗവും ചുവപ്പ് വെളിച്ചം മറികടന്നതുമായും ബന്ധപ്പെട്ടാണ്. 2014മായി താരതമ്യപ്പെടുത്തുമ്പോള്‍ 11 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ വാഹനങ്ങളുമായി ചീറിപ്പാഞ്ഞ 107 പേരെയാണ് പിടികൂടിയത്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സില്‍ 12 ബ്ലാക്ക് പോയന്റാണ് രേഖപ്പെടുത്തുകയെന്ന് അജ്മാന്‍ പോലീസ് ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ സെയ്ഫ് അബ്ദുല്ല അല്‍ ഫലാസി വ്യക്തമാക്കി. മൊത്തം സംഭവിക്കുന്ന ഗതാഗത നിയമലംഘനങ്ങളില്‍ 68 ശതമാനവും അമിതവേഗവും ചുവപ്പ് വെളിച്ചം മറികടക്കലുമായും ബന്ധപ്പെട്ടാണ്.
കഴിഞ്ഞ വര്‍ഷം സംഭവിച്ച അപകടങ്ങളില്‍ 56 ശതമാനത്തിലേക്കും നയിച്ചത് അമിതവേഗമായിരുന്നു. പോലീസ് അമിത വേഗത്തെക്കുറിച്ച് നിരന്തരം ബോധവത്ക്കരണം നടത്തുമ്പോഴും ഡ്രൈവര്‍മാര്‍ നിയമലംഘനം ആവര്‍ത്തിക്കുകയും സ്വന്തം ജീവിതം ഇല്ലാതാക്കുകയും ചെയ്യുന്നത് സങ്കടകരമായ കാര്യമാണ്. ഏറ്റവും ഗുണമേന്മയുള്ള ക്യാമറകളാണ് അജ്മാനിലെ റോഡുകളില്‍ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാനായി പോലീസ് സജ്ജമാക്കിയിരിക്കുന്നത്. ഓരോ റോഡിലും മണിക്കൂറില്‍ അനുവദനീയമായതിലും 60 കിലോമീറ്റര്‍ കൂടിയ വേഗത്തില്‍ വാഹനം ഓടിച്ചാല്‍ 1,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. ഇത്തരക്കാരുടെ വാഹനങ്ങള്‍ 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. അമിത വേഗക്കാരെ കുടുക്കാന്‍ 14 പുതിയ വേഗനിയന്ത്രണ ക്യാമറകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. നിയമംലംഘിക്കുന്നവരെ പിടികൂടാനായാണിത്. ചുവപ്പ് വെളിച്ചം മറികടക്കുക, മുമ്പിലെ വാഹനത്തില്‍ നിന്ന് മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘകരെയും ഫലപ്രദമായി പിടികൂടാന്‍ പുതിയ ക്യാമറകളാല്‍ സാധിക്കും. പല ഡ്രൈവര്‍മാര്‍ക്കും അമിതവേഗത്തിന്റെ ഭവിഷ്യത്ത് അറിയില്ല. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ 50 നിലയുള്ള കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുമ്പോഴുണ്ടാവുന്നത്രയും വലിയ നാഷനഷ്ടമാണ് സംഭവിക്കുക. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. 140 കിലോമീറ്റര്‍ വേഗത്തില്‍ ഓടവേ കൂട്ടിയിടിച്ചാല്‍ 30 നിലയുള്ള കെട്ടിടത്തില്‍ നിന്ന് വീഴുമ്പോഴുണ്ടാവുന്ന ആഘാതമാണ് ഉണ്ടാവുക. ഇതാണ് വാഹനാപകടങ്ങളില്‍ മരണ നിരക്ക് കൂടാന്‍ ഇടാക്കുന്നത്.
റോഡില്‍ വാഹനം ഓടിക്കുന്നവര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രമിച്ചാലെ അപകടങ്ങളും മരണവും ഒഴിവാക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Latest