Connect with us

Articles

തലൈവി ചരിത്രം തിരുത്തുമോ?

Published

|

Last Updated

രാത്രി അവസാനിക്കുമ്പോള്‍ പകലെത്തും. പകലൊടുങ്ങുമ്പോള്‍ രാത്രിയും. അധികാര കൈമാറ്റത്തിന്റെ വഴിയില്‍ കേരളവും തമിഴ്‌നാടും ഒരുപോലെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായി. കേരളത്തില്‍ ഇടത്, വലത് മുന്നണികളാണ് മാറിമാറി ഭരണത്തിലേറുന്നതെങ്കില്‍ തമിഴക രാഷ്ട്രീയം രണ്ട് “ദ്രവീഡിയിന്‍” പാര്‍ട്ടികളുടെ ചുറ്റുമാണ്. കെ കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സഖ്യം കേരളത്തില്‍ അധികാരത്തിലെത്തിയ 91ല്‍ തലൈവി ജയലളിതയുടെ നേതൃത്വത്തില്‍ എ ഐ എ ഡി എം കെ തമിഴ്‌നാട്ടില്‍ അധികാരത്തിലേറി. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇ കെ നായനാരും എ കെ ആന്റണിയും വി എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരകളില്‍ എത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ കലൈഞ്ജറും തലൈവിയും ആ പദവി മാറി മാറി അലങ്കരിച്ചു (ഇടക്ക് ജയലളിതക്ക് മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ വിശ്വസ്തനായ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായതൊഴിച്ചാല്‍). ഡി എം കെയെ പിളര്‍ത്തി എ ഐ എ ഡി എം കെ രൂപവത്കരിച്ച് അധികാരത്തിലെത്തിയ എം ജി ആറിനു ശേഷം പിന്നീടിതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തമിഴകം തുടര്‍ച്ചയായി ഭരിച്ചിട്ടില്ല. ഇക്കുറി ഈ ചരിത്രം തിരുത്തിയെഴുതാനാണ് എം ജി ആറിന്റെ പിന്‍ഗാമിയായി തമിഴക രാഷ്ട്രീയത്തിലെത്തിയ തലൈവിയുടെ ശ്രമം.
pvr12006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലുണ്ടായ അപചയത്തില്‍ നിന്ന് കാര്യമായി കരകയറാന്‍ ഡി എം കെക്ക് ഇതുവരെ സാധിച്ചിട്ടില്ല. കേബിള്‍ ടി വി, റിയല്‍ എസ്റ്റേറ്റ് തുടങ്ങി സമസ്ത മേഖലകളിലും കരുണാനിധി, മാരന്‍ കുടുംബം വന്‍ ശക്തിയായി നില്‍ക്കെ പുറത്തുവന്ന 2ജി കുംഭകോണമാണ് ജയലളിതയെ വീണ്ടും അധികാരത്തിലെത്തിച്ചത്. 96ല്‍ തലൈവിയെ പുറത്തുനിര്‍ത്തിയതിനു സമാനമായൊരു ജനവികാരം ഇത്തവണ തമിഴകത്ത് അലയടിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം അവസാനമുണ്ടായ ചൈന്നൈ പ്രളയത്തില്‍ ഒന്നുലഞ്ഞെങ്കിലും അതില്‍ നിന്ന് കരകയറിയെന്നു തന്നെയാണ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ വ്യക്തമാകുന്നത്. ഇത്തവണയും കരുണാനിധിയുടെ കുടുംബാധിപത്യവും അഴിമതിയും ഉയര്‍ത്തിക്കാട്ടിയാണ് ജയലളിത വോട്ട് തേടുന്നത്. കരുണാനിധി എന്തെല്ലാം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ അതെല്ലാം തന്നെ ഡി എം കെ നേതാക്കള്‍ക്ക് മാത്രമാണ് പ്രയോജനമായതെന്ന് പ്രചാരണത്തില്‍ തലൈവി ആവര്‍ത്തിക്കുന്നു.
ക്യാപ്റ്റന്റെ ചുവടുമാറ്റം
വിഘടിച്ചു നില്‍ക്കുന്ന പ്രതിപക്ഷമാണ് ജയലളിതക്ക് ഏറെ ആശ്വാസം പകരുന്നത്. ഒറ്റക്ക് മത്സരിക്കുന്ന ജയലളിതയുടെ പ്രധാന എതിരാളി ഡി എം കെ- കോണ്‍ഗ്രസ് സഖ്യമാണ്. പുതിയ തമിഴകവും മുസ്‌ലിം ലീഗും മുന്നണിയിലുണ്ട്. ഇതിന് പുറമെ ക്യാപ്റ്റന്‍ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡി എം ഡി കെ ഉള്‍പ്പെടുന്ന ജനക്ഷേമ മുന്നണി, ബി ജെ പി, പി എം കെ എന്നിങ്ങനെ വിഭജിച്ചാണ് തമിഴകത്ത് അങ്കം മുറുകുന്നത്. അഞ്ച് വര്‍ഷം പ്രതിപക്ഷ സ്ഥാനത്തിരുന്ന ക്യാപ്റ്റന്‍ വിജയകാന്ത് ഇടതു പാര്‍ട്ടികള്‍ക്കൊപ്പം മൂന്നാം മുന്നണിയായാണ് മത്സരിക്കുന്നത്. ഡി എം ഡി കെയെ ഒപ്പം നിര്‍ത്താന്‍ കരുണാനിധി ശ്രമിച്ചെങ്കിലും അവസാന നിമിഷമാണ് ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ക്യാപ്റ്റനെത്തുന്നത്. ജി കെ വാസന്റെ തമിഴ് മാനിലാ കോണ്‍ഗ്രസ്, വൈകോയുടെ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, തിരുമാവളവന്റെ വിടുതലൈ ചിരുതൈകള്‍ കച്ചി, സി പി എം, സി പി ഐ എന്നീ കക്ഷികളാണ് ക്യാപ്റ്റനൊപ്പം ജനക്ഷേമ മുന്നണിയിലുള്ളത്.
ഇത്തവണ മുഴുവന്‍ സീറ്റുകളിലും എ ഐ എ ഡി എം കെ തനിച്ചാണ്. ഏഴ് സീറ്റുകള്‍ ചെറുകിട കക്ഷികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെങ്കിലും അണ്ണാ ഡി എം കെയുടെ രണ്ടില ചിഹ്നത്തിലാണ് ഇവരും ജനവിധി തേടുന്നത്. എം ജി ആര്‍ സര്‍ക്കാറുണ്ടാക്കിയ 77ലെ തിരഞ്ഞെടുപ്പില്‍ ഡി എം കെ 230 സീറ്റില്‍ തനിച്ച് പോരാടിയതിനു ശേഷം ഇതാദ്യമായാണ് ഒരു ദ്രാവിഡ പാര്‍ട്ടി മുഴുവന്‍ സീറ്റിലും ജനവിധി തേടുന്നത്. അന്ന് 48 സീറ്റില്‍ മാത്രം വിജയിച്ച ഡി എം കെക്ക് 48 സീറ്റില്‍ കെട്ടിവെച്ച പണവും നഷ്ടമായി. ഇത്തവണ 174 സീറ്റിലാണ് ഡി എം കെയുടെ മത്സരം. 41 സീറ്റില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ മുസ്‌ലിം ലീഗും നാല് സീറ്റില്‍ പുതിയ തമിഴകവും മത്സരിക്കും. കാര്യമായ സ്വാധീനമില്ലെങ്കിലും ഏറെക്കുറെ തനിച്ചാണ് ബി ജെ പിയും ജനവിധി തേടുന്നത്. പി എം കെയും മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്നുണ്ട്.
പ്രതിപക്ഷം നാലായി വേര്‍പിരിഞ്ഞതോടെ ചെറിയ തോതിലെങ്കിലുമുള്ള ഭരണവിരുദ്ധ വോട്ടുകള്‍ ഇതുവഴി ഭിന്നിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2001ലും 2006ലും ഭരണവിരുദ്ധ വികാരത്തിനൊപ്പം ശക്തമായ ഐക്യമാണ് പ്രതിപക്ഷ നിരയിലുണ്ടായത്. 2001ല്‍ ജയലളിതക്കൊപ്പം കോണ്‍ഗ്രസ്, ടി എം സി, പി എം കെ, ഇടത് കക്ഷികള്‍ നിരന്നപ്പോള്‍ ഡി എം കെക്കൊപ്പം ബി ജെ പി മാത്രമാണുണ്ടായിരുന്നത്. 2006ലെത്തിയപ്പോള്‍ കോണ്‍ഗ്രസ്, പി എം കെ, ഇടത് കക്ഷികള്‍ കലൈഞ്ജറിന് പിന്തുണ നല്‍കി. എം ഡി എം കെ ജയലളിതയെ പിന്തുണച്ചു. ജനക്ഷേമ മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോഴും ഇത്തവണ മത്സരിക്കാനില്ലെന്ന വൈകോയുടെ നിലപാട് പരാജയം ഉറപ്പിക്കുന്നതിന്റെ സൂചനയും നല്‍കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38.4 ശതമാനം വോട്ടാണ് എ ഐ എ ഡി എം കെ നേടിയത്. ഡി എം കെ 22.4ഉം ഡി എം ഡി കെ 7.9ഉം ശതമാനം വോട്ടാണ് നേടിയത്. 2014ലെ ലോക്‌സഭാ മണ്ഡലത്തില്‍ 39 മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിച്ച എ ഐ എ ഡി എം കെ 37 സീറ്റും 44.9 ശതമാനം വോട്ടും നേടിയിരുന്നു. ഡി എം കെ 23.9 ശതമാനമായി ഉയര്‍ത്തിയപ്പോള്‍ ഡി എം ഡി കെയുടെ വോട്ടിംഗ് ശതമാനം 5.2 ശതമാനമായി കുറയുകയാണ് ചെയ്തത്. കൂടുതല്‍ സീറ്റില്‍ മത്സരിച്ചതാണ് ജയലളിതയുടെ വോട്ടിംഗ് ശതമാനം ഉയര്‍ത്തിയതെന്ന് പറയാമെങ്കിലും അന്നത്തേതിനു സമാനമായി ഇത്തവണയും പ്രതിപക്ഷം വിഘടിച്ചു തന്നെയാണ്.
വാഗ്ദാനപ്പെരുമഴ
“സൊല്‍വതെ സെയ്‌വും, സെയ്‌വതെ സൊല്‍വും” എന്ന മുദ്രാവാക്യവുമായാണ് ഡി എം കെ പ്രകടനപത്രിക പുറത്തിറക്കിയത്. വിദ്യാഭ്യാസ, കാര്‍ഷിക വായ്പ എഴുതിത്തള്ളും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ടാബ്‌ലെറ്റും ലാപ്പ്‌ടോപ്പും, നെല്ലിന്റെ താങ്ങുവില ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് ഡി എം കെ നല്‍കുന്നത്. ഇതിന് തൊട്ടുപിന്നാലെ “സൊന്നതൈ സെയ്താന്‍, സൊല്ലാതെയും സെയ്താന്‍” എന്ന വാക്യവുമായി തലൈവിയും രംഗത്തെത്തി. വനിതകള്‍ക്ക് ഇരുചക്രം വാങ്ങാന്‍ അമ്പത് ശതമാനം സബ്‌സിഡി, സൗജന്യ ലാപ്‌ടോപ്, വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് എട്ട് ഗ്രാം സ്വര്‍ണം തുടങ്ങി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സെല്‍ഫോണ്‍ വരെ ഉള്‍പ്പെടുന്നതാണ് എ ഐ എ ഡി എം കെയുടെ പ്രകടനപത്രിക. കരുണാനിധി സര്‍ക്കാര്‍ നടപ്പാക്കിയ കളര്‍ ടെലിവിഷനും ഒരു രൂപക്ക് അരിയും പദ്ധതികളുടെ ചുവടുപിടിച്ചാണ് തലൈവി കഴിഞ്ഞ തവണ വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ലാപ്‌ടോപ്പുമായി അധികാരത്തിലേറിയത്. ഇത്തവണ വാഗ്ദാനങ്ങള്‍ക്കൊപ്പം മുന്നോട്ടുവെക്കാന്‍ ഏറെ ജനക്ഷേമ പദ്ധതികളുമുണ്ടെന്നത് തള്ളിക്കളയാനാകില്ല. കുറഞ്ഞ വിലക്ക് ഭക്ഷണം ലഭിക്കുന്ന അമ്മ കാന്റീന്‍ മുതല്‍ അമ്മ കുടിവെള്ളം, അമ്മ ഉപ്പ് തുടങ്ങി അമ്മ സിമന്റ് വരെ വിപണിയിലുണ്ട്.
സ്റ്റാലിനും യാത്രയും
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡി എം കെ ട്രഷററും കരുണാനിധിയുടെ മകനുമായ എം കെ സ്റ്റാലിന്‍ നടത്തിയ “നമുക്കു നാമെ” ജനസമ്പര്‍ക്ക യാത്ര വന്‍ വിജയമായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും നടത്തിയ പര്യടനത്തിന്റെ ചുവടുപിടിച്ചാണ് ഡി എം കെ പ്രചാരണം മുന്നോട്ടുപോകുന്നത്. നിങ്ങളുടെ മുഖ്യമന്ത്രിയെ ചിത്രത്തിലും ടി വിയിലുമല്ലാതെ നേരിട്ടു കണ്ടിട്ടുണ്ടോയെന്നാണ് ഡി എം കെ ചോദിക്കുന്നത്. സ്റ്റാലിനാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതെങ്കിലും തൊണ്ണൂറ്റിരണ്ടുകാരനായ കരുണാനിധി തന്നെയാണ് ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ഥി. സ്‌പെക്ട്രം കുംഭകോണത്തില്‍ വീണ ഡി എം കെക്ക് അതിനു ശേഷം ഉയര്‍ന്നുവന്ന ഗ്രാനൈറ്റ് കുംഭകോണം കാര്യമായി ഉയര്‍ത്താന്‍ സാധിക്കാത്തത് തിരിച്ചടിയായിട്ടുണ്ട്. പതിനാറായിരം കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയ മധുര ഗ്രാനൈറ്റ് കുംഭകോണം അന്നത്തെ കലക്ടറായിരുന്ന സഹായം ആണ് പുറത്തുകൊണ്ടുവന്നത്.
സര്‍വേ ഫലം
ഭൂരിഭാഗം സര്‍വേ ഫലങ്ങളും തലൈവിയെ തുണക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണയുണ്ടായതു പോലുള്ള ഏകപക്ഷീയമായ വിജയം ഇത്തവണയുണ്ടാകില്ലെന്നു തന്നെയാണ് വിലയിരുത്തുന്നത്. ആകെയുള്ള 234 സീറ്റില്‍ എ ഐ എ ഡി എം കെ മാത്രം 150 സീറ്റ് നേടിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഖ്യം 203 സീറ്റ് സ്വന്തമാക്കിയാണ് അധികാരത്തിലെത്തിയത്. അന്ന് ഒപ്പം നിന്ന ഡി എം ഡി കെ 29 സീറ്റ് നേടി രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയും ക്യാപ്റ്റന്‍ പ്രതിപക്ഷ നേതാവുമായി. ഡി എം കെ 23 സീറ്റില്‍ ഒതുങ്ങി. ഒറ്റക്ക് മത്സരിക്കുന്ന എ ഐ എ ഡി എം കെക്ക് ഇത്തവണ 130 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. ഇന്ത്യ ടി വി- സീ വോട്ടര്‍ ജയലളിതക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സര്‍വേ ഫലമാണ് പുറത്തുവിട്ടത്. 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്ത് നിന്ന് ആരെയെങ്കിലും കൂടെ നിര്‍ത്തി ഭരണം നിലനിര്‍ത്താമെന്നും തലൈവി കണക്കുകൂട്ടുന്നു. ക്യാപ്റ്റനെ കാര്യമായി ആക്രമിക്കാതിരിക്കാന്‍ കരുണാനിധിയും ജയലളിതയും ശ്രദ്ധിക്കുന്നത് ഇതിന്റെ സൂചനയായി വേണം കരുതാന്‍.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ വെറുതെ വിട്ട കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുകയാണ്. സുപ്രീം കോടതി വിധി എതിരായാല്‍ തലൈവിയുടെ രാഷ്ട്രീയ ഭാവിയുടെ മേല്‍ കരിനിഴല്‍ വീഴും.

Latest