Connect with us

Ongoing News

എല്‍ ഡി എഫ് അധികാരത്തില്‍ വരുമെന്ന് ഐമെഗ് സര്‍വേ

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ എല്‍ ഡി എഫ് അധികാരത്തില്‍ വരുമെന്നും 83 മുതല്‍ 90 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മോണിറ്ററിംഗ് ഇക്കണോമിക് ഗ്രോത്തിന്റെ (ഐമെഗ്) സര്‍വേ അഭിപ്രായപ്പെട്ടു.
ഐമെഗ് നടത്തിയ ഏഴാമത് എഡിഷന്‍ അഭിപ്രായ സര്‍വേ അനുസരിച്ച് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് 50 മുതല്‍ 57 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും ബി ജെ പി അക്കൗണ്ട് തുറക്കാനുള്ള സാധ്യത സര്‍വേയില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ബോധ്യപ്പെട്ടതായി ഐമെഗ് ഡയറക്ടര്‍ ജനറല്‍ എ മീരാസാഹിബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വടക്കന്‍കേരളവും തെക്കന്‍കേരളവും എല്‍ ഡി എഫിന് മുന്‍തൂക്കം നല്‍കുമ്പോള്‍ മധ്യകേരളത്തില്‍ യു ഡി എഫിനാണ് മുന്‍തൂക്കം. ബി ഡി ജെ എസിനെ മുന്നില്‍ നിര്‍ത്തി ബി ജെ പിക്ക് നേട്ടം കൊയ്യാന്‍ കഴിയില്ല. ചുരുക്കം ചില മണ്ഡലങ്ങളില്‍ മാത്രമാണ് ത്രികോണ മത്സരമുള്ളത്. എന്‍ ഡി എ 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതിനാല്‍ വോട്ട് വിഹിതം കൂടും. വടക്കന്‍ കേരളത്തില്‍ വിമതനീക്കം യു ഡി എഫിന്റെ സാധ്യതകളെ സാരമായി ബാധിക്കുമെന്നും സര്‍വേഫലം ചൂണ്ടിക്കാട്ടുന്നതായി അദ്ദേഹം പറഞ്ഞു.
അഴിമതി, മന്ത്രിമാര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍, സോളാര്‍ തട്ടിപ്പ്, ബാര്‍കോഴ തുടങ്ങിയ വിഷയങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ പ്രതികരണം അടിസ്ഥാനമാക്കിയാണ് സര്‍വേഫലം തയ്യാറാക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ പ്രഫ. എം സഫറുല്ല ഖാന്‍, എ എം ജോസഫ്, ടി പി മുകുന്ദന്‍ പങ്കെടുത്തു.

Latest