Connect with us

Gulf

അത്യാഹിതമല്ലാത്ത ഘട്ടങ്ങളില്‍ ഹമദില്‍ വരരുതെന്ന് അധികൃതര്‍

Published

|

Last Updated

ദോഹ: അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ രോഗികള്‍ ഹമദ് ജനറല്‍ ആശുപത്രില്‍ ചികിത്സ തേടാവൂ എന്നും സാധാരണ സന്ദര്‍ഭങ്ങളില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ (പി എച്ച് സി സി) ഉപയോഗപ്പെടുത്തണമെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. ഹമദ് എമര്‍ജന്‍സി വിഭാഗത്തില്‍ തിരക്ക് വര്‍ധിച്ച് രോഗികള്‍ക്ക് കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഹമദിന്റെ അഭ്യര്‍ഥന.
ഹമദില്‍ ഏര്‍പ്പെടുത്തിയ പുതിയ ക്ലിനിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ഭാഗമായി രോഗികള്‍ക്ക് കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ടി വരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഗള്‍ഫ് ടൈംസ് പത്രം നടത്തിയ അന്വേഷണത്തിനുള്ള മറുപടിയിലാണ് രോഗികള്‍ പി എച്ച് സി സികളില്‍ പോകാന്‍ സന്നദ്ധമാകണമെന്നും പുതിയ സിസ്റ്റം അനുസരിച്ച് നടപടികള്‍ക്ക് വൈകല്‍ സംഭവിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചത്. രോഗികളെ രജിസ്റ്റര്‍ ചെയ്യുന്നതിന് കൂടുതല്‍ സമയം വേണ്ടി വരുന്നുണ്ട്. ആദ്യത്തെ അപ്പോയിന്‍മെന്റിനും ആദ്യമായി ഡോക്ടറെ കാണാന്‍ വരുന്നവര്‍ക്കുമാണ് പ്രധാന പ്രശ്‌നമെന്നും അധികൃതര്‍ വ്യക്തമാക്കി.
എമര്‍ജന്‍സി വിഭാഗത്തില്‍ അവശരായ രോഗികളെ ആദ്യം പരിഗണിക്കുന്നതിനാണ് ശ്രമിച്ചു വരുന്നത്. അതുകൊണ്ടു തന്നെ അത്യാവശ്യമില്ലാത്ത രോഗികള്‍ക്ക് കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ടി വരും. അവര്‍ ഈ സാഹചര്യം ഒഴിവാക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോകണം. നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തുടക്കത്തിലെ വൈകലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഹദമില്‍ ഓരോ ദിവസവും ശരാശരി ആയിരം രോഗികളാണ് എത്തുന്നത്. ഇത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നു. രോഗികള്‍ സഹകരിക്കണമെന്ന് ഹമദ് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Latest