Connect with us

Sports

റാനിയേരിക്ക് ഇറ്റലിയുടെ ആദരം

Published

|

Last Updated

റാനിയേരി പുരസ്‌കാരം സ്വീകരിക്കുന്നു

റോം: സീസണിലെ മികച്ച ഇറ്റാലിയന്‍ പരിശീലകനുള്ള എന്‍സോ ബിയര്‍സോട് പുരസ്‌കാരം ലീസെസ്റ്റര്‍ സിറ്റിയുടെ ക്ലോഡിയോ റാനിയേരിക്ക്. ഫുട്‌ബോള്‍ ലോകത്തെയൊന്നടങ്കം വിസ്മയിപ്പിച്ചു കൊണ്ട് ലീസെസ്റ്ററിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയതാണ് റാനിയേരിയുടെ പ്രശസ്തി. റോമില്‍ പ്രൗഢമായ ചടങ്ങില്‍ റാനിയേരി പുരസ്‌കാരം സ്വീകരിച്ചു. റെലഗേഷന്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സീസണ്‍ ആരംഭിച്ച തന്റെ ടീം കിരീടത്തിലാണ് ഫിനിഷ് ചെയ്തത്. കരിയറിലെ മഹത്തായ നേട്ടമാണിത്- റാനിയേരി പറഞ്ഞു.
ഇറ്റലിയിലെ സ്‌പോര്‍ട്‌സ് പത്രങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് പുരസ്‌കാര ജൂറി. 1982 ല്‍ ഇറ്റലിക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് എന്‍സോ ബിയര്‍സോട്. 2010 ല്‍ അന്തരിച്ച ഇതിഹാസ പരിശീലകന്റെ ഓര്‍മയ്ക്കാണ് വര്‍ഷാവര്‍ഷം മികച്ച ഇറ്റാലിയന്‍ കോച്ചിന് പുരസ്‌കാരം നല്‍കി വരുന്നത്. 2014 ല്‍ റയല്‍മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരാക്കിയ കാര്‍ലോ ആഞ്ചലോട്ടിയും 2015 ല്‍ യുവെന്റസന്റിനെ സീരി എ ചാമ്പ്യന്‍മാരാക്കിയ മാസിമിലിയാനോ അലെഗ്രിയും മികച്ച ഇറ്റാലിയന്‍ പരിശീലകരായി തിരഞ്ഞെടുക്കപ്പെട്ടു.

മാന്ത്രിക സീസണ്‍
ക്ലോഡിയോ റാനിയേരിക്ക് കിരീട വിജയം വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇതൊരു മാന്ത്രിക സീസണ്‍ ആയിരുന്നു. അടുത്ത സീസണില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നറിയില്ല. എങ്കിലും ഞാന്‍ എന്റെ കുട്ടികളോട് പറയുന്നു : കിരീടം നിലനിര്‍ത്തുന്നത് സ്വപ്‌നം കാണുക.

തുടരണം ഈ ടീം

ലീസെസ്റ്റര്‍ സിറ്റിയെ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയ കോച്ച് ക്ലോഡിയോ റാനിയേരിക്ക് ഒരപേക്ഷ മാത്രമാണ് കളിക്കാരോടുള്ളത് : തുടരണം ഈ ടീം. ഒരു വര്‍ഷം കൂടി കളിക്കാര്‍ ഈ ടീമില്‍ തന്നെ നില്‍ക്കണം.അതിന് ശേഷം ഏത് ക്ലബ്ബിലേക്ക് വേണമെങ്കിലും ചേക്കേറിക്കോളൂ.
അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തുക, ചാമ്പ്യന്‍സ് ലീഗില്‍ അട്ടിമറി പോരാട്ടം നടത്തുക എന്നീ സ്വപ്‌നങ്ങള്‍ റാനിയേരി കണ്ടു തുടങ്ങിയിരിക്കുന്നു. അതിന് ഈ ടീം അതേ പടി വേണം ഇറ്റാലിയന്‍ കോച്ചിന്. ചാമ്പ്യന്‍ ടീമിലെ പ്രധാനികളെ ഇപ്പോള്‍ തന്നെ വന്‍ ക്ലബ്ബുകള്‍ നോട്ടമിട്ടിരിക്കുന്നു.
മിഡ്ഫീല്‍ഡര്‍മാരായ മഹ്‌റെസ്, എന്‍ ഗോലോ കാന്റെ എന്നിവര്‍ക്കായി ചെല്‍സി, ആഴ്‌സണല്‍, യുവെന്റസ് ക്ലബ്ബുകള്‍ രംഗത്തുണ്ട്.
എന്നാല്‍, ലീസെസ്റ്ററിന്റെ ഫുള്‍ബാക്കുകളായ ഡാനി സിംപ്‌സനും ക്രിസ്റ്റ്യന്‍ ഫുഷ്‌സും കോച്ചിന്റെ ആവശ്യം ഏറ്റുപിടിച്ചു. ഈ ടീമിനെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഞങ്ങള്‍ ഒരുമിച്ച് തന്നെയുണ്ടാകും അടുത്ത സീസണിലും- ഇരുവരും പറയുന്നു.

ഇറ്റലിക്ക് റാനിയേരിയെ വേണം

ഇറ്റലിയുടെ ദേശീയ ടീം പരിശീലകന്‍ അന്റോണിയോ കോന്റെ ഇംഗ്ലണ്ടില്‍ ചെല്‍സിയുടെ പരിശീലക സ്ഥാനത്തേക്ക് പോകുന്ന ഒഴിവില്‍ ക്ലോഡിയോ റാനിയേരിയെ പ്രതിഷ്ഠിക്കാന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കാര്‍ലോ ടവെഷിയോക്ക് ഒരാഗ്രഹം. ചെല്‍സി, വലന്‍ഷ്യ, യുവെന്റസ്, റോമ, പാര്‍മ, ഇന്റര്‍മിലാന്‍ ക്ലബ്ബുകളുടെ പരിശീലകനായിരുന്ന റാനിയേരി ഗ്രീസിന്റെ ദേശീയ ടീമിനെയും പരിശീലിപ്പിച്ചു. എന്നാല്‍, മുപ്പത് വര്‍ഷ കരിയറില്‍ ക്ലോഡിയോ റാനിയേരിയുടെ ചരിത്ര പ്രാധാന്യം ലീസെസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയതാണ്. റാനിയേരി ഇപ്പോള്‍ ഇറ്റലിയെ പരിശീലിപ്പിക്കുവാന്‍ തയ്യാറാകില്ലെങ്കിലും ഭാവിയില്‍ ഞങ്ങളത് ആഗ്രഹിക്കുന്നു – ഫെഡറേഷന്‍ പ്രസിഡന്റ് കാര്‍ലോ ടവെഷിയോ പറഞ്ഞു. വിട്ടോറിയോ പോസോ, എന്‍സോ ബിയര്‍സോട്, മാര്‍സലോ ലിപ്പി എന്നിവരെ പോലെ ഇറ്റലിക്ക് ലോകകപ്പ് സമ്മാനിക്കുന്ന കോച്ചായിരിക്കും റാനിയേരിയെന്നും കാര്‍ലോ പറഞ്ഞു.

---- facebook comment plugin here -----

Latest