Connect with us

Articles

മറക്കാനാകാത്ത ഒരു മുത്തം

Published

|

Last Updated

ചവറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ രാഹുല്‍ കൃഷ്ണന്‍ എന്ന ഏഴാം ക്ലാസുകാരന്‍ എനിക്കൊരു മുത്തം തന്നു. മെനഞ്ചൈറ്റിസ് രോഗം വന്ന് അസ്ഥിപഞ്ജരമായി കട്ടിലില്‍ കിടന്നിരുന്ന രാഹുല്‍ ജീവിതത്തിലേക്കു തിരിച്ചുവന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച സഹായത്താലാണത്രേ.
എവിടെപ്പോയാലും ഇത്തരം അനുഭവങ്ങള്‍ എനിക്കു പുതുമയല്ല. ചിലരുടെ മുത്തം, ചിലരുടെ ആലിംഗനം, ചിലരുടെ ഷെയ്ക്ക് ഹാന്‍ഡ്, ചിലരുടെ സ്പര്‍ശം, ചിലരുടെ നോട്ടം, ചിലരുടെ കൂപ്പുകൈകള്‍… അങ്ങനെ ഒരുപാട് സ്‌നേഹസ്പര്‍ശങ്ങള്‍. യു ഡി എഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് ഏറ്റവും സായൂജ്യം ലഭിച്ചത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായ റിസല്‍ട്ടിലാണ്.
സര്‍ക്കാര്‍ ആരംഭിച്ച കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിയിലൂടെ 645 കുട്ടികളുടെ സംസാര/ കേഴ്‌വി ശേഷി വീണ്ടെടുക്കാന്‍ സാധിച്ചു. ഇതുവരെ 30.61 കോടി രൂപ ഇതിനായി ചെലവഴിച്ചു. ഒരു കോക്ലിയാര്‍ ഇംപ്ലാന്റേഷനും തുടര്‍ പരിചരണത്തിനും വേണ്ട അഞ്ചു ലക്ഷം രൂപയുടെ ചികിത്സാചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുന്നു. കേള്‍വി തകരാര്‍ നേരത്തെ കണ്ടുപിടിക്കാനുള്ള സ്‌ക്രീനിംഗ് സംവിധാനം 40 സര്‍ക്കാര്‍ ആശുപത്രികളില്‍ തുടങ്ങി. ശ്രവണശേഷിയില്ലാത്ത ഒരു നവാഗത കുട്ടിപോലും ഇനി കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല എന്നാണ് എന്റെ ആഗ്രഹം.
ക്ഷേമപെന്‍ഷന്‍കാരുടെ എണ്ണം മൂന്നിരട്ടിയാക്കുകയും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയും ശമ്പളം നല്‍കുന്നതു പോലെ യഥാസമയം അതു വിതരണം നടത്തുകയും ചെയ്യുന്നു. ഇടതു സര്‍ക്കാറിന്റെ കാലത്ത് 12.90 ലക്ഷം പേര്‍ക്കാണു ക്ഷേമപെന്‍ഷന്‍ നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് മൂന്നിരട്ടിയാക്കി 34.43 ലക്ഷം പേര്‍ക്കു നല്‍കുന്നു. മുന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം 592 കോടി രൂപ ക്ഷേമപെന്‍ഷന്‍ നല്‍കിയിരുന്നിടത്ത് യു ഡി എഫ് ഒരു വര്‍ഷം 3116 കോടി രൂപ നല്‍കി. ഇടതു സര്‍ക്കാര്‍ എല്ലാ വിഭാഗത്തിലും 300 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്കിയിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ 600 മുതല്‍ 1,500 വരെയുള്ള വിവിധ സ്ലാബുകളിലാണു ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. തൊഴില്‍ വകുപ്പ് ഏഴു ലക്ഷം പേര്‍ക്കും കൃഷിവകുപ്പ് 3.35 ലക്ഷം ചെറുകിട കര്‍ഷകര്‍ക്കും ക്ഷേമപെന്‍ഷന്‍ നല്‍കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഇന്ന് പാവപ്പെട്ടവരുടെ ഏറ്റവും വലിയ അത്താണിയാണ്. മുന്‍ സര്‍ക്കാര്‍ ആകെ വിതരണം ചെയ്തത് 120.24 കോടി രൂപയാണെങ്കില്‍ ഈ സര്‍ക്കാര്‍ 798 കോടി രൂപ നല്‍കി. 7.89 ലക്ഷം പരാതികള്‍ക്കു പരിഹാരം കണ്ടു.
സര്‍ക്കാര്‍ അധികാരമേറ്റ് നൂറു ദിവസത്തിനുള്ളിലാണ് 95 ലക്ഷം പേര്‍ക്ക് ഒരു രൂപ അരി നല്‍കുന്ന പദ്ധതി നടപ്പാക്കിയത്. ഇടതുസര്‍ക്കാര്‍ 2006 ലെ പ്രകടനപത്രികയില്‍ രണ്ട് രൂപ അരി വാഗ്ദാനം ചെയ്തിട്ട് ബി പി എല്ലുകാര്‍ക്ക് നടപ്പാക്കിയത് നാല് വര്‍ഷം കഴിഞ്ഞ് 2010 ഒക്‌ടോബറിലും എ പി എല്ലുകാര്‍ക്ക് നല്‍കിയത് ഇലക്ഷന് തൊട്ടുമുമ്പ് 2011 മാര്‍ച്ചിലുമാണ്. സൗജന്യ അരി നല്‍കുന്ന രണ്ടാമത്തെ സംസ്ഥാനമാണിന്നു കേരളം. നമ്മുടെ സംസ്ഥാനത്ത് പട്ടിണി ഇല്ലാതായത് ഈ ഒരൊറ്റ തീരുമാനത്തിലൂടെയാണ്.
അത്യന്തം ആഹ്ലാദം ലഭിച്ച മറ്റൊരു പദ്ധതി ആശ്രയയുടെ വിജയകരമായ നടത്തിപ്പാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തിനു വേണ്ടി നടപ്പാക്കിയ ഈ പദ്ധതിയില്‍ ഒന്നര ലക്ഷം കുടുംബങ്ങളെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ആശ്രയ പദ്ധതി മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കി. ഒന്നാം ഘട്ടത്തില്‍ വിട്ടുപോയവരെക്കൂടി ചേര്‍ത്ത് രണ്ടാംഘട്ടം നടപ്പാക്കി വരികയാണ്. രോഗികളും വൈകല്യമുള്ളവരും ഉപേക്ഷിക്കപ്പെട്ടവരുമായ വ്യക്തികള്‍ക്ക് പരിചരണം, ഭക്ഷണം, സാന്ത്വനം, മരുന്ന് തുടങ്ങിയ സേവനങ്ങള്‍ തുടര്‍ച്ചയായി ഉറപ്പാക്കുന്ന കനിവ് പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് ആക്കി സൗജന്യ വിദ്യാഭ്യാസം നല്‍കിയതാണ് മറ്റൊരു ശ്രദ്ധേയമായ ചുവടുവെപ്പ്. ഇവര്‍ക്ക് പഠിക്കാന്‍ സ്വകാര്യ എയ്ഡഡ് സ്‌കൂളുകളേ ഉള്ളൂ. ഇവരെ പഠിപ്പിക്കുകയെന്ന ശ്രമകരമായ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം മാത്രമാണ്. അതുകൊണ്ടാണ് നൂറിലധികം കുട്ടികള്‍ പഠിക്കുന്ന 33 സ്‌കൂളുകളെ ആദ്യഘട്ടം എയ്ഡഡ് ആക്കിയത്. രണ്ടാം ഘട്ടത്തില്‍ 50നും 100നും ഇടക്ക് കുട്ടികളുള്ള സ്വകാര്യ സ്‌കൂളുകളും പഞ്ചായത്തുകള്‍ നടത്തുന്ന 25 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള ബഡ്‌സ് സ്‌കൂളുകളും ഉള്‍പ്പെടെ 118 സ്‌കൂളുകളെ എയ്ഡഡാക്കുകയും ചെയ്തു. സമൂഹത്തിന്റെ പ്രത്യേക പരിഗണന ലഭിക്കേണ്ടവരാണിവര്‍.
ഹീമോഫീലിയ രോഗികള്‍ക്ക് ദാരിദ്ര്യരേഖ പരിഗണിക്കാതെ മാസാന്തം 1000 രൂപ ധനസഹായവും ആജീവനാന്തം സൗജന്യചികിത്സയും നല്‍കുന്നു. ജീവന്‍ നിലനിര്‍ത്തുന്നതിന് ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ വൈദ്യുതിയും സൗജന്യം. 730 ബാറുകള്‍ പൂട്ടിയതോടെ നമ്മുടെ സമൂഹത്തിലും വീടുകളിലും ഉണ്ടായ ഗുണപരമായ മാറ്റം ഇനിയാര്‍ക്കും അവഗണിക്കാനാകില്ല.
വ്യക്തിക്കോ കുടുംബത്തിനോ ഒരു പ്രതിസന്ധി ഉണ്ടായാല്‍ ഈ സര്‍ക്കാര്‍ കൂടെയുണ്ട് എന്നതാണ് ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം. നിങ്ങളെ സഹായിക്കാനും നിങ്ങളെ താങ്ങിനിര്‍ത്താനും സര്‍ക്കാറിന്റെ കരുത്തുറ്റ കരങ്ങള്‍ ഓടിയെത്തും. സംസ്ഥാനത്തെ 70 ലക്ഷം കുടുംബങ്ങളിലും ഈ ആത്മവിശ്വാസം പകര്‍ന്നു കൊടുക്കാന്‍ യു ഡി എഫ് സര്‍ക്കാറിനു സാധിച്ചു.
യു ഡി എഫ് സര്‍ക്കാറിന്റെ മുഖമുദ്ര തന്നെ കനിവും കരുതലുമാണ്. ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാന്‍ ഓരോരോ ക്ഷേമകാര്യങ്ങളുണ്ട്. ഒരു സര്‍ക്കാറിന് ഇതില്‍ കൂടുതല്‍ എന്താണു വേണ്ടത്!