Connect with us

National

വിജയ് മല്യയെ നാടുകടത്താനാകില്ലെന്ന് ബ്രിട്ടന്‍

Published

|

Last Updated

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയെ നാടുകടത്താനാകില്ലെന്ന് ബ്രിട്ടന്‍. അതേസമയം മല്യയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പിന്തുണയ്ക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിന്റെ പേരില്‍ മല്യയെ തിരിച്ചുവിടാനാകില്ല. നാടുകടത്തണമെങ്കില്‍ ഇന്ത്യ അതിനായി ആവശ്യപ്പെടണം. മല്യയെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിനുമറുപടിയായാണ് നിലപാട് വ്യക്തമാക്കി ബ്രിട്ടന്‍ രംഗത്തെത്തിയത്. മല്യയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ബ്രിട്ടന്റെ തീരുമാനം.

കേസുകളുടെ അന്വേഷണത്തിന് 2002ലെ കള്ളപ്പണ നിരോധ നിയമ പ്രകാരം മല്യയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് കാണിച്ചാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന് കത്തയച്ചിരുന്നതെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയോ നിയമനടപടികള്‍ തുടങ്ങുകയോ വേണമെന്ന് ബ്രിട്ടന്‍ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. 1971ലെ കുടിയേറ്റ നിയമപ്രകാരം ഒരാള്‍ക്ക് യുകെയില്‍ തുടരുന്നതിന് പാസ്‌പോര്‍ട്ട ആവശ്യമില്ല. അവര്‍ രാജ്യം വിടുകയോ വിസ കാലാവധിക്കുശേഷം തുടരുകയോ ചെയ്യുമ്പോഴാണ് പാസ്‌പോര്‍ട്ടിന്റെ ആവശ്യം വരിക. അതേസമയം, ആരോപണങ്ങളുടെ ഗൗരവം അവര്‍ മനസിലാക്കിയിട്ടുണ്ട്. ഇന്ത്യയോട് നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ബ്രിട്ടന്‍ ചെയ്തത് വികാസ് സ്വരൂപ് പറഞ്ഞു. വിദേശ കാര്യ മന്ത്രാലയം നേരത്തേ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു.

13 ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9,000 കോടിയിലേറെ രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. നിയമ നടപടികള്‍ തുടങ്ങിയതിന് പിന്നാലെ മാര്‍ച്ച് രണ്ടിന് മല്യ രാജ്യംവിട്ടു. ഏപ്രില്‍ 24 ന് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്.