Connect with us

National

രാജസ്ഥാന്‍ മരുഭൂമി കാത്തിരിക്കുന്നു സര്‍ക്കാറിന്റെ ജലവാഹനം

Published

|

Last Updated

അജ്മീര്‍: മരു സംസ്ഥാനമായ രാജസ്ഥാന്‍ വേനല്‍ കൂടി കനത്തതോടെ നേരിടുന്നത് കനത്ത കുടിവെള്ള ക്ഷാമം. ശുദ്ധമായ കുടിവെള്ളത്തിനായി സര്‍ക്കാര്‍ ജല ടാങ്കറുകളെ കാത്തിരിക്കുകയാണ് സംസ്ഥാനത്തെ 13,500 ഓളം ഗ്രാമങ്ങള്‍. ഭൂവിസ്തൃതിയില്‍ രാജ്യത്തിന്റെ പത്ത് ശതമാനം വരുന്ന ഈ സംസ്ഥാനത്ത് പക്ഷേ വെറും 1.1 ശതമാനം മാത്രമാണ് ജലസ്രോതസുകളുള്ളത്. അവയും വളരെ വേഗം വറ്റിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
സംസ്ഥാനത്ത് മൊത്തമുള്ള കിണറുകളില്‍ പത്ത് ശതമാനത്തില്‍ മാത്രമാണ് വെള്ളമുള്ളത്. 88 ശതമാനം ജലവും ഉപ്പുകലര്‍ന്നതായിരിക്കുമ്പോള്‍ 55 ശതമാനത്തില്‍ ഉയര്‍ന്ന അളവില്‍ ഫഌറൈഡിന്റെ അംശവും സ്ഥിരീകരിച്ചിട്ടുണ്ട്. അജ്മീറിലെ ബാല്‍പൂര്‍ ഗ്രാമത്തിലെ സ്ത്രീകള്‍ ദിവസം പലതവണ മൂന്ന് കിലോമീറ്ററിലധികം നടന്നെത്തിയാണ് അന്നന്നത്തെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നത്. ഈ ഗ്രാമത്തില്‍ 150 കിണറുകളുണ്ടെങ്കിലും പത്തെണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളത്. കടുത്ത ജലക്ഷാമം കാരണം സംസ്ഥാനം അനിയന്ത്രിതമായി ഭൂഗര്‍ഭജലം ചൂഷണം ചെയ്യുകയാണെന്നും ഇത് ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 236 ബ്ലോക്കുകളില്‍ 190ലും ഭൂഗര്‍ഭജല വിതാനം അപകടകരമാം വിധം താഴ്ന്നിരിക്കുകയാണ്. സംസ്ഥാനം ജലചൂഷണം നടത്തുകയാണെന്നാണ് ആരോഗ്യമന്ത്രി കിരണ്‍ മഹേശ്വരി തന്നെ പറയുന്നത്. സര്‍ക്കാര്‍ ഒരു കുഴല്‍ കിണര്‍ കുഴിച്ചാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ അത് വറ്റുന്നു. ഹാന്‍ഡ് പമ്പ് ഉണ്ടാക്കിയാല്‍ വെറും എട്ട് മാസം കൊണ്ടാണ് അത് വരണ്ടുപോകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, സംസ്ഥാനത്ത് ഉഷ്ണക്കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഡിഗ്രീ സെല്‍ഷ്യസില്‍ 41നും 47നും ഇടയിലാണ് സംസ്ഥാനത്തെ താപനില.

Latest