Connect with us

Gulf

ഷാര്‍ജയില്‍ വീട്ടു വാടക 5.7 ശതമാനം കറഞ്ഞു

Published

|

Last Updated

ഷാര്‍ജ: വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കിടിയില്‍ ഷാര്‍ജയില്‍ വീട്ടുവാടക 5.7 ശതമാനം കുറഞ്ഞു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ക്ലട്ടണ്‍സ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2015ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ 11.8 ശതമാനം വര്‍ധനവ് ഉണ്ടായ സാഹചര്യത്തിലാണ് ഈ വര്‍ഷം വാടകയില്‍ കുറവുണ്ടായിരിക്കുന്നത്. വീട്ടുവാടക ഇതേ നിലയില്‍ തുടരില്ലെന്നും വീണ്ടും താഴാനാണ് സാധ്യതയെന്നും ക്ലട്ടണ്‍സ് അധികൃതര്‍ സൂചന നല്‍കി. അതേ സമയം താമസക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഇടങ്ങള്‍ക്കും പഴയ വസ്തുക്കള്‍ക്കും വാടകയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. പല കെട്ടിട ഉടമകളും വാടകക്കാര്‍ മറ്റിടങ്ങളിലേക്ക് മാറാതിരിക്കാന്‍ വാടകയില്‍ വര്‍ധനവ് വരുത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.
ചിലര്‍ മൂന്നു വര്‍ഷം വരെ വാടക വര്‍ധിപ്പിക്കില്ലെന്നും താമസക്കാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. പൊതുവില്‍ വാടകയില്‍ കുറവ് സംഭവിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ഇത്തരം നിലപാടാണ് കെട്ടിട ഉടമകള്‍ക്ക് അഭികാമ്യമെന്നാണ് ഷാര്‍ജ നഗരസഭാ അധികൃതരുടെയും നിലപാട്. വാടക ഏകപക്ഷീയമായി വര്‍ധിപ്പിക്കുന്നതിന് എതിരായി കര്‍ശന നിലപാടിലേക്ക് അടുത്തിടെ നഗരസഭ നീങ്ങിയിരുന്നു. അന്യായമായി വാടക വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താമസക്കാരില്‍ നിന്ന് ലഭിച്ച പരാതികളായിരുന്നു നിലപാട് കര്‍ശനമാക്കാന്‍ നഗരസഭയെ പ്രേരിപ്പിച്ചത്. കൂടുതല്‍ താമസ കേന്ദ്രങ്ങള്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് ആവശ്യക്കാരുടെ എണ്ണം കുറയാനും വാടകയില്‍ കുറവ് വരുത്താനും റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളെയും കെട്ടിട ഉടമകളെയും പ്രേരിപ്പിച്ചത്.