Connect with us

Gulf

അറബ് മീഡിയാ ഫോറം ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

അറബ് മീഡിയ ഫോറം ഉദ്ഘാടനം ചെയ്യാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എത്തിയപ്പോള്‍

ദുബൈ: 15ാമത് അറബ് മീഡിയാ ഫോറത്തിന്റെ ഉദ്ഘാടനം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍വഹിച്ചു. ശൈഖ് മുഹമ്മദ് മിഡിയാ ഫോറത്തിന് എത്തിയ പ്രതിനിധികള്‍ക്കിടയിലൂടെ സഞ്ചരിക്കുകയും ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. മീഡിയാ ഫോറത്തിന്റെ ഭാഗമായ വിവിധ പ്രദര്‍ശന സ്ഥലങ്ങളിലും ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി.
മാധ്യമങ്ങള്‍ നന്മക്ക് എന്ന പ്രമേയത്തിലാണ് ഇന്നലെയും ഇന്നുമായി വേള്‍ഡ് ട്രേഡ് സെന്ററില്‍ അറബ് മീഡിയാ ഫോറം സംഘടിപ്പിക്കുന്നത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ശൈഖ് മുഹമ്മദിന്റെ പത്‌നിയും യു എന്‍ സമാധാന സന്ദേശവാഹകയും ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി ചെയര്‍പേഴ്‌സണുമായ ശൈഖ ഹയ ബിന്‍ത് അല്‍ ഹുസൈന്‍ രാജകുമാരി മുഖ്യ പ്രഭാഷണം നടത്തി.
രാഷ്ട്രീയവും സാമൂഹികവുമായി മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ മാനുഷികമായ പ്രശ്‌നങ്ങള്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുകയാണെന്ന് ശൈഖ ഹയ ഓര്‍മിപ്പിച്ചു. മേഖലയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിലേക്ക് ഇത്തരം പ്രശ്‌നങ്ങള്‍ എത്തിയിരിക്കയാണ്. നമ്മുടെ മതത്തെക്കുറിച്ചും അറബ് ജനതയെക്കുറിച്ചും തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിലേക്ക് മേഖലയിലെ പ്രശ്‌നങ്ങള്‍ വളര്‍ന്നിരിക്കുന്നൂവെന്നത് ദു:ഖകരമായ കാര്യമാണ്. ഈ വിഷയത്തില്‍ സത്യത്തിന് ഒന്നും ചെയ്യാനാവാത്ത സ്ഥിതി ഉണ്ടായിരിക്കുന്നത് ആശങ്കാജനകമാണ്.
മേഖല കടന്നുപോകുന്ന വര്‍ത്തമാന സാഹചര്യത്തില്‍ പുതുതായി നിയമിതരായ സന്തോഷത്തിന്റെയും സൗഹാര്‍ദത്തിന്റെയും മന്ത്രിമാര്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. മാധ്യമങ്ങള്‍ക്കെതിരെ മേഖലയില്‍ നിലനില്‍ക്കുന്ന എല്ലാവിധ വിലക്കുകളും ഇല്ലാതാക്കണമെന്നും എന്നാലെ നാലാം തൂണായ അവര്‍ക്ക് തങ്ങളുടെ കര്‍മം ശരിയായ രീതയില്‍ നടത്താനാവൂ. എല്ലാവരും നിയമം അനുസരിക്കണമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അറബ് മീഡിയ ഫോറത്തിന്റെ കീഴില്‍ മാധ്യമങ്ങള്‍ക്കായി പുതിയ ഒരു ചാര്‍ട്ടര്‍ രൂപവത്ക്കരിക്കണമെന്നും ശൈഖ ഹയ ആവശ്യപ്പെട്ടു.
ദുബൈ പ്രസ് ക്ലബ്ബ് പ്രസിഡന്റും അറബ് മീഡിയാ ഫോറം ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ മോന ഗാനിം അല്‍ മര്‍റ സ്വാഗത പ്രസംഗം നടത്തി.ജോര്‍ദാന്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസി കാര്യ മന്ത്രിയുമായ നാസര്‍ ജുദേഹ് മുഖ്യ പ്രഭാഷണം നടത്തി. എം ബി സി അവതാരകന്‍ യാസര്‍ അല്‍ അംറോ, യു എ ഇയുടെ റഷ്യന്‍ സ്ഥാനപതി ഉമര്‍ സെയ്ഫ് അല്‍ ഗോബാഷ് തുടങ്ങിയവര്‍ സംസാരിച്ചു.