Connect with us

Gulf

മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവരില്‍ 98 ശതമാനം സീറ്റ് ബെല്‍റ്റ് ധരിക്കുന്നതായി സര്‍വേ

Published

|

Last Updated

ദുബൈ: ദുബൈയിലെ ടാക്‌സികളില്‍ മുന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരില്‍ 98 ശതമാനവും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതായി സര്‍വേയില്‍ വ്യക്തമായി. അടുത്തിടെ യാത്രക്കാരെ കേന്ദ്രീകരിച്ച് നഗരത്തില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. അതേ സമയം പിന്‍ സീറ്റില്‍ ഇരിക്കുന്നവരില്‍ 56.7 ശതമാനം മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ച് യാത്ര ചെയ്യുന്നത്. കഴിഞ്ഞ മാസം നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നതെന്ന് റോഡ് സേഫ്റ്റി യു എ ഇ സ്ഥാപകനും എം ഡിയുമായ തോമസ് എഡ്ല്‍മാന്‍ വ്യക്തമാക്കി. 259 പേരെ ഉള്‍പെടുത്തിയാണ് സര്‍വേ നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം യു എ ഇയില്‍ ഏറ്റവും കൂടുതല്‍ റോഡപകട മരണങ്ങള്‍ക്ക് ഇടയാക്കുന്നത് കാറുകളാണ്. ലക്ഷത്തിന് 10.9 എന്ന തോതിലാണ് യു എ ഇയില്‍ മരണ നിരക്ക്. കൂടിയ നിരക്കുള്ള സൗഊദി അറേബ്യയില്‍ ലക്ഷത്തിന് 27.4 ആണ്. ഒമാനില്‍ ഇത് 25.4ഉം കുവൈത്തില്‍ 18.7ഉം ഖത്തര്‍ 15.2ഉം ബഹ്‌റൈന്‍ 8.0വുമാണ്.
റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ടാക്‌സി കമ്പനിയായ കരീം പ്രത്യേക ആപ്പിന് രൂപംനല്‍കിയിരിക്കയാണ്. കരീമിന്റെ കാറുകളില്‍ യാത്രക്കാരന്‍ കയറിയാല്‍ ബെല്‍റ്റ് ധരിച്ചെന്ന് ഉറപ്പായാലെ കാര്‍ മുന്നോട്ടു നീങ്ങൂ. ബെല്‍റ്റ് ധരിക്കാന്‍ കൂട്ടാക്കത്ത യാത്രക്കാരെ കയറ്റേണ്ടെന്നും കമ്പനി തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ യാത്രക്കാര്‍ അവരുടെ സുരക്ഷയുടെ മൂല്യം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരീം യു എ ഇ ജനറല്‍ മാനേജര്‍ ക്രിസ്റ്റ്യന്‍ ഈദ് പറഞ്ഞു. മിന മേഖലയിലെ 27 നഗരങ്ങള്‍ കേന്ദ്രീകരിച്ച് ടാക്‌സി സേവനം നടത്തുന്ന സ്ഥാപനമാണ് കരീം.