Connect with us

Editorial

ജനാധിപത്യത്തിന്റെ വിജയം

Published

|

Last Updated

ജുഡീഷ്യറി സ്വീകരിച്ച ശക്തമായ നിലപാട് ഉത്തരാഖണ്ഡില്‍ റാവത്ത് മന്ത്രിസഭയുടെയും ജനാധിപത്യത്തിന്റെയും തിരിച്ചുവരവിന് വഴിയൊരുക്കിയിരിക്കുന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചതോടെ അവിടെ നരേന്ദ്രമോദി, അമിത്ഷാ കൂട്ടുകെട്ടിന്റെ കുതന്ത്രങ്ങള്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. 365-ാം വകുപ്പ് ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ പ്രതിയോഗികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കുന്ന രാഷ്ട്രീയ കുതന്ത്രമാണ് രണ്ട് മാസം മുമ്പ് കേന്ദ്രവും ബി ജെ പിയും ഉത്തരാഖണ്ഡില്‍ നടത്തിയത്. ഒമ്പത് എം എല്‍ എമാരെ കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് അടര്‍ത്തിയെടുത്ത് റാവത്തിന് ഭീഷണി ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 28ന് ഭൂരിപക്ഷം തെളിയിക്കാന്‍ റാവത്ത് സര്‍ക്കാറിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ബി ജെ പിയുടെ നീക്കങ്ങളെ സമര്‍ഥമായി പ്രതിരോധിച്ച് റാവത്ത് സഭയില്‍ വിശ്വാസം തെളിയിക്കുമെന്നായപ്പോള്‍ അതിന് കാത്തു നില്‍ക്കാതെ വോട്ടെടുപ്പിന്റെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ മന്ത്രിസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
കേന്ദ്ര നടപടിക്കെതിരെ റാവത്ത് സമര്‍പ്പിച്ച ഹരജിയില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി രാഷ്ടപതി ഭരണം റദ്ദാക്കുകയും അദ്ദേഹത്തിന് അധികാരത്തില്‍ തുടരാമെന്ന് വിധിക്കുകയും ചെയ്തതോടെ കേന്ദ്രത്തിന്റെ പണി പാളി. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചു ഹൈക്കോടതി നടപടിയെ സുപ്രീം കോടതി സ്റ്റേ ചെയ്‌തെങ്കിലും കോടതിയുടെ നേതൃത്വത്തില്‍ റാവത്തിന് വിശ്വാസം തെളിയിക്കാന്‍ അവസരം നല്‍കി. ഇതനുസരിച്ച് നടന്ന വോട്ടെടുപ്പില്‍ 62 അംഗ സഭയില്‍ റാവത്ത് 34 പേരുടെ പിന്തുണ തെളിയിക്കാനായി. തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭ ചേര്‍ന്ന് രാഷ്ട്രപതി ഭരണം പിന്‍വലിക്കുകയും ചെയ്തു. ബി എസ് പി, എം എല്‍ എമാരുടെയും സ്വതന്ത്ര അംഗങ്ങളുടെയും പുറമെ ഒരു ബി ജെ പി, എം എല്‍ എയുടെയും പിന്തുണ റാവത്തിനുണ്ടായിരുന്നു. വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കെ ഹരീഷ് റാവത്തിന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തെ യു പി എ സര്‍ക്കാറും അതിന് മുമ്പ് കേന്ദ്രത്തില്‍ അധികാരത്തിലേറിയ മറ്റു സര്‍ക്കാറുകളും 365-ാം വകുപ്പ് ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചു വിട്ടിട്ടുണ്ടെങ്കിലും ജുഡീഷ്യറിയുടെ സഹായത്തോടെ കേന്ദ്ര നടപടിയെ മറികടന്നു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയ സംഭവം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. ഒമ്പത് എം എല്‍ എമാര്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് പ്രതിപക്ഷത്തേക്ക് മാറിയ ഉടനെ സ്പീക്കര്‍ അവരെ അയോഗ്യരാക്കിയ നടപടിയാണ് ബി ജെ പിക്ക് എതിരായ നീക്കത്തെ അതിജീവിക്കാന്‍ റാവത്തിനെ സഹായിച്ചത്. ഇതുമൂലം അവര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. അയോഗ്യത നീക്കിക്കിട്ടുന്നതിനുള്ള അവരുടെ അപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളുകയായിരുന്നു.
ജനാധിപത്യം അപകടത്തിലാകുമ്പോള്‍ അതിനെ സംരക്ഷിക്കേണ്ട ബാധ്യത കോടതികള്‍ക്കുണ്ട്. കോടതിയുടെ ലക്ഷ്യങ്ങള്‍ എണ്ണിപ്പറയവെ ഭരണഘടനാ ശില്‍പ്പികള്‍ ഇത് ഊന്നിപ്പറഞ്ഞതാണ്. ഉത്തരാഖണ്ഡ് പ്രശ്‌നതില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും തങ്ങളുടെ കടമ നിര്‍വഹിക്കുകയായിരുന്നു. ചൊവ്വാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പ് സുപ്രീം കോടതി നിരീക്ഷകന്റ മേല്‍നോട്ടത്തിലാണ് നടന്നത്. രണ്ട് മണിക്കൂര്‍ നേരത്തേക്ക് രാഷ്ട്രപതി ഭരണം മരിവിപ്പിച്ചാണ് വോട്ടെടുപ്പിന് അവസരമൊരുക്കിയത്. നിയമ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കോടതി നേരിട്ട് ഇടപെട്ടത് രാജ്യത്തിന്റ ചരിത്രത്തില്‍ ഇത് നടാടെയാണ്. കോടതികളുടെ ഈ അത്യപൂര്‍വമായ നടപടികള്‍ അടിക്കടി 356ാം വകുപ്പ് ദുരുപയോഗം ചെയ്യുന്ന പ്രവണതക്ക് കുറേയൊക്കെ തടയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഹൈക്കോടതി അഭിപ്രായപ്പെട്ടത് പോലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകളെ ഇല്ലാതാക്കിയോ തെറിപ്പിച്ചോ മാറ്റി പ്രതിഷ്ഠിച്ചോ ഭരണ അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കുന്നത് വെയിലും മഴയും വകവക്കാതെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ക്യൂ നില്‍ക്കുന്ന ജനാധിപത്യ വിശ്വാസികളോടുള്ള അവഹേളനമാണ്. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ക്യാബിനറ്റ് ശിപാര്‍ശ ചെയ്യുമ്പോള്‍ അതിന് പ്രസക്തമായ വസ്തുതകള്‍ ഉണ്ടായിരിക്കണമെന്നും അതു ദുരുദ്ദേശ്യപരമോ കാര്യവുമായി ബന്ധപ്പെടാത്തതോ ആകരുതെന്നും കോടതി ഉണര്‍ത്തിയിരുന്നു. 1977ല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കേസിലും 1994-ലെ ബൊമ്മെ കേസിലും സുപ്രീം കോടതിയും ഈ തത്വങ്ങള്‍ ഊന്നിപ്പറഞ്ഞതാണ്. സംസ്ഥാനമന്ത്രിസഭക്കു ഭൂരിപക്ഷ പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണര്‍ സ്വന്തമായല്ല, നിയമസഭയിലാണ്. അവിടെ പരീക്ഷിക്കുന്നത് വരെ മന്ത്രിസഭയെ പിരിച്ചുവിടരുതെന്നും ബൊമ്മെ കേസില്‍ പരമോന്നത കോടതി പ്രസ്താവിച്ചിരുന്നു. ജനാധിപത്യ ഇന്ത്യയെ കോടതി അതൊന്നു കൂടി ഓര്‍മിപ്പിക്കുകയായ്രിന്നു ഉത്തരാഖണ്ഡില്‍.