Connect with us

International

രാജ്യദ്രോഹക്കുറ്റം: പര്‍വേസ് മുശര്‍റഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുശര്‍റഫിനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. രാജ്യദ്രോഹ കുറ്റത്തിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്ന പാക് പ്രത്യേക കോടതിയാണ് ഈ പ്രഖ്യാപനം നടത്തിയത്. കോടതിയില്‍ ഹാജരാകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും അദ്ദേഹം തയ്യാറായിട്ടില്ല. മുപ്പത് ദിവസത്തിനുള്ളില്‍ മുശര്‍റഫിനെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്നും അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പര്‍വേസ് മുശര്‍റഫ് പിടികിട്ടാപ്പുള്ളിയാണെന്ന് കാണിച്ച് രാജ്യത്തെ പത്രങ്ങളില്‍ പരസ്യം നല്‍കാനും ജസ്റ്റിസ് മസ്ഹര്‍ ആലം ഖാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് അധികൃതരോട് ഉത്തരവിട്ടു. പിടികിട്ടാപ്പുള്ളിയാണെന്ന് കാണിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ കോടതിക്ക് പുറത്തും മുശര്‍റഫിന്റെ വസതിക്ക് പുറത്തും പതിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വിദേശ യാത്രകള്‍ക്ക് മുശര്‍റഫിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അടുത്തിടെ സുപ്രീം കോടതി നീക്കം ചെയ്യുകയും ചികിത്സക്കെന്ന പേരില്‍ അദ്ദേഹം ദുബൈയിലേക്ക് പോകുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്ന കേസുകളില്‍ ഒന്നില്‍ പോലും വിചാരണ നേരിടാന്‍ തിരിച്ചുവരില്ലെന്നാണ് കരുതപ്പെടുന്നത്. കോടതിയുടെ സമ്മതമില്ലാതെ മുശര്‍റഫിനെ വിദേശത്തേക്ക് പോകാനനുവദിച്ച വിഷയത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വിശദീകരണം ആവശ്യമാണെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജൂലൈ 12ന് നടക്കുന്ന അടുത്ത വാദം കേള്‍ക്കലിന് മുമ്പായി മുശര്‍റഫിന്റെ പേരിലുള്ള മുഴുവന്‍ സമ്പത്തിന്റെയും രേഖകള്‍ ഹാജരാക്കണമെന്ന് കോടതി പ്രോസിക്യൂട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
2007ല്‍ ഭരണഘടനയെ ലംഘിച്ച് കൊണ്ട് നടത്തിയ പ്രവൃത്തികളുടെ പേരില്‍ 2013ലാണ് കോടതി മുശര്‍റഫിനെതിരെ വിചാരണ ആരംഭിച്ചത്. ഭരണഘടനയുടെ ആറാം അനുച്ഛേദം അനുസരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തന പരിധിയില്‍ പെടുന്നതാണ് ഈ കുറ്റം.
1999ലാണ് മുശര്‍റഫ് പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലേറുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ അട്ടിമറിച്ചായിരുന്നു ഈ പട്ടാള നീക്കം. എന്നാല്‍ 2008ല്‍ ഇംപീച്ച്‌മെന്റിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജിവെക്കുയായിരുന്നു. ഇതിന് ശേഷം ദുബൈയിലായിരുന്നു താമസം. 2013ല്‍ മത്സരിക്കാന്‍ വേണ്ടി പാക്കിസ്ഥാനില്‍ തിരിച്ചെത്തുകയും എന്നാല്‍ നിരവധി കേസുകളുള്ളതിനാല്‍ രാജ്യം വിട്ട് പുറത്തേക്ക് പോകുന്നതിന് വിലക്ക് വരുകയും ചെയ്തു. 2007ല്‍ ജഡ്ജിമാരെ തടവില്‍ വെച്ച കേസിലും ഇദ്ദേഹം വിചാരണ നേരിടുന്നുണ്ട്. 2014ല്‍ രാജ്യദ്രോഹ കുറ്റത്തിന്റെ പേരില്‍ കോടതിയില്‍ ഹാജരാകാന്‍ വരവേ, ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തിലും ഇദ്ദേഹത്തിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.
ഹൃദയസംബന്ധമായ ചികിത്സക്ക് വേണ്ടിയാണ് ദുബൈയിലേക്ക് പോകുന്നതെന്നും തിരിച്ചുവരുമെന്നുമായിരുന്നു പാക്കിസ്ഥാന്‍ വിടുന്നതിന് മുമ്പ് മുശര്‍റഫ് പറഞ്ഞിരുന്നത്.

Latest