Connect with us

Ongoing News

77 സീറ്റ് ലഭിക്കുമെന്ന് യു ഡി എഫ് വിലയിരുത്തല്‍

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ യു ഡി എഫ് 77 മുതല്‍ 82 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് ഏകോപന സമിതി വിലയിരുത്തല്‍. കെ പി സി സി ആസ്ഥാനത്ത് ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് വിലയിരുത്തല്‍. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അധ്യക്ഷനായ തിരഞ്ഞെടുപ്പ് ഏകോപന സമിതിയില്‍ പത്ത് അംഗങ്ങളാണുള്ളത്.
പ്രചാരണ രംഗത്ത് എല്‍ ഡി എഫിനെ അപേക്ഷിച്ച് യു ഡി എഫിന് വ്യക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെന്ന് യോഗം വിലയിരുത്തിയതായി ഏകോപന സമിതി കണ്‍വീനര്‍ പുനലൂര്‍ മധു അറിയിച്ചു. സോണിയാ ഗാന്ധിയുടെ സന്ദര്‍ശനവും പ്രസംഗവും പ്രചാരണ രംഗത്ത് വലിയ ചലനമുണ്ടാക്കി. എല്‍ ഡി എഫിന്റെ ചില കുത്തക മണ്ഡലങ്ങളില്‍ അപ്രതീക്ഷിത വിജയത്തിന് സാധ്യതയുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ച കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഇത്തവണ ഭേദപ്പെട്ട പ്രകടനം ഉണ്ടാകും. സിറ്റിംഗ് മണ്ഡലങ്ങളില്‍ ചിലതില്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടായാലും പുതുതായി പതിനഞ്ചോളം സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും. ബി ജെ പിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി കേരളം സന്ദര്‍ശിക്കുന്നതു കൊണ്ടോ കോടികള്‍ ഒഴുക്കിയുള്ള പ്രചരണം കൊണ്ടോ ഒരു ഗുണവും എന്‍ ഡി എക്ക് ഉണ്ടാകില്ലെന്നും യോഗം വിലയിരുത്തി.
ഓരോ മണ്ഡലത്തിലേയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് മുന്നണി സംവിധാനത്തോടൊപ്പം ഒരു പ്രൊഫഷനല്‍ ഏജന്‍സിയുടെ സഹായവും സമിതി ഉപയോഗപ്പെടുത്തി. ഈ ഏജന്‍സി രണ്ടു ഘട്ടങ്ങളായി നിരീക്ഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് യു ഡി എഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറി.

Latest