Connect with us

Kozhikode

മുസ്‌ലിം ലീഗ് വിട്ട് എല്‍ ഡി എഫിനു വേണ്ടി പ്രവര്‍ത്തിച്ചയാള്‍ക്കുനേരെ വധശ്രമം

Published

|

Last Updated

താമരശ്ശേരി: കിഴക്കോത്ത് കച്ചേരിമുക്കില്‍ മുസ്‌ലിംലീഗ് വിട്ട് എല്‍ ഡി എഫിനു വേണ്ടി പ്രവര്‍ത്തിച്ചയാള്‍ക്കുനേരെ വധശ്രമം. വട്ടക്കണ്ടിയില്‍ മുഹമ്മദ് ശരീഫിനെയാണ് ബൈക്കിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ കച്ചേരിമുക്ക് അങ്ങാടിയില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു സംഭവം.
ഹെല്‍മെറ്റുകള്‍ ധരിച്ചും മുഖം തുണികൊണ്ട് മൂടിക്കെട്ടിയും രണ്ട് പേര്‍ എത്തിയ ബൈക്ക് ശരീഫിനുനേരെ ഓടിച്ച് കയറ്റുകയായിരുന്നു. പെെട്ടന്ന് മാറിയതിനാല്‍ കാലില്‍ മാത്രമാണ് ബൈക്ക് കയറിയത്. അക്രമികള്‍ ശരീഫിനെ വലിച്ചു വീഴ്ത്താനും തലക്ക് അടിക്കാനും ശ്രമിച്ചു. പ്രതിരോധിച്ചതോടെയാണ് അക്രമികള്‍ ബൈക്കില്‍ സ്ഥലം വിട്ടത്. ഈ സമയം സമീപത്തെ പറമ്പിലൂടെയും ആളുകള്‍ ഓടിയതായി ശരീഫ് പറഞ്ഞു. ബൈക്കിടിച്ചു വീഴ്ത്തിയശേഷം സംഘടിച്ച് അക്രമിക്കാനായിരുന്നു ശ്രമമെന്നാണ് സൂചന. അക്രമത്തില്‍ പരുക്കേറ്റ ശരീഫിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമികള്‍ സ്ഥലം വിട്ടത്.
അരണിക്കൂറിനകം വീട്ടിലെ വൈദ്യുതിബന്ധം വിഛേദിക്കപ്പെടുകയും വീട്ടുമുറ്റത്ത് ആള്‍പ്പെരുമാറ്റം ശ്രദ്ധയില്‍പെട്ട് വാതില്‍ തുറന്നപ്പോള്‍ വീട്ടിനുള്ളിലേക്കും മുകളിലേക്കും കല്ലേറിയുകയും ചെയ്തു. ശരീഫിനെ കൊലപ്പെടുത്തുമെന്ന് ഏതാനും ദിവസം മുമ്പ് ഫോണില്‍ ഭീഷണിപ്പെടുത്തുകയും കച്ചേരിമുക്ക് അങ്ങാടിയില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു.
ആയുസ്സ് കുറവാണെന്നും ലീഗാണ് പറയുന്നതെന്നുമായിരുന്നു പോസ്റ്ററിലുള്ളത്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ശരീഫിന്റെ പിതാവ് എന്‍ പി ഇമ്പിച്ചമ്മാലി മുസ്‌ലിയാര്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കി. കൊടുവള്ളിയിലെ തിരഞ്ഞെടുപ്പ് രംഗം അവസാനത്തോടടുക്കുന്നതോടെ ആവേശം അതിരുവിടുകയാണ്.

---- facebook comment plugin here -----

Latest