Connect with us

Wayanad

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി മാനന്തവാടിയില്‍ വീണ്ടും 'പോരാട്ടം' പോസ്റ്ററുകള്‍

Published

|

Last Updated

മാനന്തവാടി: തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി മാനന്തവാടിയില്‍ വീണ്ടും “പോരാട്ടം” പോസ്റ്ററുകള്‍. മാനന്തവാടി നഗരത്തിലെ വിവിധയിടങ്ങളിലാണ് ഇന്നലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ഇതേ ആവശ്യമുന്നയിച്ചുള്ള ലഘുലേഖകള്‍ മാധ്യമ സ്ഥാപനങ്ങളിലും വിതരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് കുഞ്ഞോത്ത് പോസ്റ്റര്‍ പതിച്ച പോരാട്ടം പ്രവര്‍ത്തകരായ മാനന്തവാടി അമ്പുകുത്തി കുനിയില്‍ ചാത്തു, തിരുനെല്ലി മല്ലികപ്പാറ കോളനിയിലെ ഗൗരി, തൃശ്ശൂരില്‍ പോസ്റ്റര്‍ പതിച്ചതിന് പോരാട്ടം സംസ്ഥാന ജോ.കണ്‍വീനര്‍ സി.എ അജിതന്‍, ചേലക്കര നെല്ലുള്ളച്ചാലില്‍ ദിലിപ്, എറണാകുളം കുറുച്ചപ്പടി സ്വദേശി സാബു എന്നിവര്‍ക്കെതിരേ യു.എ.പി.എ ചുമത്തി കേസെടുത്ത് റിമാര്‍ഡ് ചെയ്തിരുന്നു. സാമ്രാജ്യത്വ വികസന നയങ്ങള്‍ നടപ്പിലാക്കി കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം നരക തുല്യമാക്കിയ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും നടത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് യാഥാര്‍ഥ ജനാധിപത്യത്തിനായി പോരാടാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. ആശയ പ്രചാരണ സ്വാതന്ത്യം കവര്‍ന്നെടുക്കുന്നെന്നും സംസ്ഥാന കണ്‍വീനര്‍ വി.പി ഷാന്റോ ലാല്‍ ഇറക്കിയ പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. ഷാന്റോലാലിനെതിരേയും യു എ പി എ പ്രകാരം കേസെടുത്തിട്ടുണ്ട്. ലഘുലേഖയില്‍ ചെയര്‍പേഴ്‌സണ്‍ എ.എന്‍ രാവുണ്ണിയുടെ പേരും ചേര്‍ത്തിട്ടുണ്ട്. പോസ്റ്ററുകളില്‍ ബന്ധപ്പെടുക എന്നാവശ്യപ്പെട്ട് ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഈ നമ്പറില്‍ പൊലിസ് ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ യു.എ.പി.എ ചുമത്തി അഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ശേഷവും പോരാട്ടത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് പൊലിസിനും തലവേദനയായിട്ടുണ്ട്.

---- facebook comment plugin here -----

Latest