Connect with us

Alappuzha

പ്രധാനമന്ത്രിയുടെ സോമാലിയ പരാമര്‍ശം മാപ്പര്‍ഹിക്കാത്തത്: എ കെ ആന്റണി

Published

|

Last Updated

ആലപ്പുഴ: കേരളത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോമാലിയ പരാമര്‍ശം പിന്‍വലിച്ചേ മതിയാകൂ എന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രധാനമന്ത്രിയുടെ പരാമര്‍ശം മാപ്പര്‍ഹിക്കാത്തതും പദവിക്ക് യോജിക്കാത്തതുമാണ്.ഇതിനെതിരെ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ആന്റണി ആവശ്യപ്പെട്ടു. ഗോധ്ര സംഭവത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയോട് ഒരു മുഖ്യമന്ത്രി ഇങ്ങിനെയല്ല പെരുമാറേണ്ടതെന്നും രാജനീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട കാര്യം പ്രധാനമന്ത്രി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് ആന്റണി പറഞ്ഞു.മോദിയുടെ സോമാലിയ പരാമര്‍ശം ദേശീയ തലത്തില്‍ തന്നെ ബി ജെ പിക്ക് നഷ്ടക്കച്ചവടമായിരിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടുമായിരുന്ന കുറെ വോട്ട് ബി ജെ പിക്ക് നഷ്ടമായിരിക്കുകയാണ്.സ്ഥാനത്തിന്റെ അന്തസ്സ് മാനിക്കാതെയുള്ള മോദിയുടെ പ്രസംഗവും സോണിയഗാന്ധിയുടെ കുലീനത്വം നിറഞ്ഞ പ്രസംഗവും ശ്രവിച്ച കേരളീയര്‍ ഇവയെ താരതമ്യം ചെയ്തിട്ടുണ്ട്.മോദിയുടെ ഗ്രാഫ് താഴുകയും സോണിയയുടെ ഗ്രാഫ് ഉയരുകയും ചെയ്തുഎന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ എസ് എസിന്റെ തകര്‍ച്ചയും സംസ്‌കാര രാഹിത്യവും കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു.സോമാലിയ പരാമര്‍ശത്തില്‍ തൃപ്പൂണിത്തുറയില്‍ പ്രധാനമന്ത്രി ഖേദപ്രകടനം നടത്തുമെന്നാണ് കരുതിയത്.അതുണ്ടായില്ല.ജാതി ഭേദം, മതദ്വേഷം തുടങ്ങി സന്യാസിവര്യന്മാരുടെ ഉപദേശങ്ങള്‍ കേട്ടുവളര്‍ന്ന കേരള ജനതയെ മോദി ഉപദേശിക്കേണ്ടതില്ല.മതമൈത്രിയും സഹിഷ്ണുതയും പുറത്ത് നിന്ന് വന്ന് കേരള ജനതയെ പഠിപ്പിക്കേണ്ടതില്ലെന്നും ആന്‍ണി പറഞ്ഞു.പ്രധാനമന്ത്രി എത്രതവണ കേരളം സന്ദര്‍ശിച്ചാലും കേന്ദ്രമന്ത്രിമാര്‍ എത്ര തവണ വന്നാലും ആര്‍ എസ് എസ് എത്രകണ്ട് ശ്രമിച്ചാലും പണം എത്ര ഒഴുക്കിയാലും ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പി കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കില്ല.കേരളത്തിന്റെ മണ്ണില്‍ വര്‍ഗീയ ശക്തികളെ വേരൂന്നാന്‍ അനുവദിച്ചുകൂട.

ബി ജെ പിയോട് മൃദുസമീപനമുണ്ടായാല്‍ പോലും നാം കനത്ത വില നല്‍കേണ്ടിവരും.ജാതി, മത ചിന്തകള്‍ക്കതീതനാകാന്‍ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള എസ് എന്‍ ഡി പി യോഗത്തിന്റെ പേരില്‍ ബി ഡി ജെ എസ് പാര്‍ട്ടി രൂപവത്കരിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന നടപടി ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

സി പി എമ്മിന്റെ വിജയസാധ്യത ഓരോ ദിവസവും കുറഞ്ഞുവരികയാണ്.പഴയ നയങ്ങളും പരിപാടികളും ശൈലിയും തന്നെയാണിപ്പോഴും സി പി എമ്മിന്.അധികാരത്തില്‍ തിരിച്ചുവരാമെന്നത് അവരുടെ വ്യാമോഹം മാത്രമാണ്.ടി പി ചന്ദ്രശേഖരനെ കൊല്ലാക്കൊല ചെയ്ത സി പി എമ്മിന് കൊലപാതക രാഷ്ട്രീയത്തോട് വിടപറയാനാകില്ല.സെക്രട്ടേറിയറ്റിനുള്ളില്‍ കയറിപ്പറ്റാന്‍ സി പി എമ്മിന് കഴിയില്ലെന്ന് ആന്റണി പറഞ്ഞു.

ജനവികാരം യു ഡി എഫിന് അനുകൂലമാണ്.യു ഡി എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും.യു ഡി എഫിന് ഭരണം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ കുറിച്ച് തീരുമാനിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.അഗസ്റ്റ വെസ്റ്റ്‌ലാന്റ് കോപ്ടര്‍ ഇടപാടിലെ അഴിമതി സംബന്ധിച്ച അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോപ്ടര്‍ ഇടപാടില്‍ അഴിമതി നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് യു പി എ സര്‍ക്കാര്‍ തന്നെയാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോപ്ടര്‍ ഇടപാടില്‍ സര്‍ക്കാരിന്റെ ഭാഗമല്ലാത്ത സോണിയഗാന്ധിയെ വലിച്ചിഴക്കുന്നത് കോണ്‍ഗ്രസിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ഇത് വിലപ്പോകില്ലെന്നും ആന്റണി പറഞ്ഞു.ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍, കെ പി സി സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി, എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.