Connect with us

Articles

എന്തിനാണ് സാര്‍, സോമാലിയയിലേക്ക് പോകുന്നത്?

Published

|

Last Updated

“ഗുജറാത്തിനെ പറ്റി കേരളത്തില്‍ വന്ന് വാചകമടിക്കരുത്, മലിനജലവും വര്‍ഗീയതയുമല്ലാതെ താങ്കളുടെ ഗുജറാത്തില്‍ വേറെയെന്തുണ്ട്?” ഗുജറാത്തിനെ കാട്ടി കേരളത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വി എസ് അച്യുതാനന്ദന്‍ ഒരിക്കല്‍ ഇങ്ങനെ ചോദിച്ചു. കേരളത്തിലെത്തി വീണ്ടും പരിഹസിച്ച മോദിയെ ഇനി എന്ത് പാഠം കാട്ടിയാണ് കേരളത്തെക്കുറിച്ച് പഠിപ്പിക്കുക? മോദി ഉള്‍പ്പെട്ട സവര്‍ണ രാഷ്ട്രീയസംഘടനകള്‍ക്ക് അന്നും ഇന്നും കേരളത്തെ പരിഹാസവും വെറുപ്പുമാണ്. കേരളത്തിന്റെ പുരോഗമന വളര്‍ച്ചയിലൊരിടത്തും ക്രിയാത്മകമായ ഇടപെടല്‍ നടത്താത്ത സവര്‍ണ സംഘടനകള്‍ കേരളത്തിന്റെ പുരോഗമനപരമായ വളര്‍ച്ചയെ ഇപ്പോഴും അംഗീകരിച്ചിട്ടുമില്ല. കേരളത്തില്‍ എവിടെയെങ്കിലും അവശേഷിച്ച പഴയ ജന്മിത്വത്തിന്റെ ചിഹ്നങ്ങളെ തിരിച്ചു കൊണ്ട് വരാന്‍ ശ്രമിക്കുന്നു ഇത്തരം സംഘടനകള്‍. കേരളത്തില്‍ പുരോഗമന സാമൂഹിക പ്രസ്ഥാനങ്ങളുടെ ഇടപെടലില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ കേരളം മോദി ഭരിച്ച ഗുജറാത്തു പോലെയോ അല്ലെങ്കില്‍ ഇപ്പോള്‍ ഉപമിക്കാനുപയോഗിക്കുന്ന സോമാലിയയെപ്പോലെയോ ആയി മാറിയേക്കാമായിരുന്നു. കേരളത്തിന്റെ പഴയ സാമൂഹികാവസ്ഥ മാറ്റിയതാണ് ഇവിടത്തെ പട്ടിണിമാറാനുള്ള കാരണം.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിറഞ്ഞതായിരുന്നു പഴയ കേരളം. ഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എന്നും അന്ന് ഈ നാട്ടില്‍ പട്ടിണി കിടക്കേണ്ടിവന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് പൊതുവഴി നടന്നുകൂടായിരുന്നു. അവരെ സ്‌കൂളില്‍ ചേര്‍ക്കില്ല. നല്ല ഭക്ഷണം കഴിക്കരുത്. നല്ല ഭാഷ സംസാരിക്കരുത്. നല്ല വീടുണ്ടാക്കരുത്. തുടങ്ങി ഒട്ടേറെ വിചിത്ര അനുഭവങ്ങള്‍ അന്ന് ഇന്നാട്ടുകാര്‍ക്കുണ്ടായിരുന്നു.
പട്ടിണി മാറ്റാന്‍ രാജ്യത്താദ്യമായി കേരളത്തില്‍ നടത്തിയ പട്ടിണി ജാഥ ചരിത്രത്തിന്റെ ഭാഗമായിരുന്നു. പട്ടിണിയെക്കുറിച്ച് പറയുമ്പോള്‍ ഈ സൗനസമരത്തെ ഓര്‍ക്കാതിരിക്കാനാകില്ല. 1936 ജൂലൈ ഒന്നിന് കണ്ണൂരില്‍ നിന്നും മദിരാശിയിലേക്കാണ് പട്ടിണി ജാഥ നടത്തിയത്. എ കെ ജി നേതൃത്വം നല്‍കിയ ജാഥയില്‍ രണ്ടുലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ച് ചരിത്രം കുറിച്ചു.
മലബാറിലെ കര്‍ഷകരുടെ കൊടിയ ദാരിദ്ര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായിരുന്നു കണ്ണൂര്‍ മുതല്‍ മദിരാശി വരെ 750 ഓളം കിലോമീറ്റര്‍ ദൂരം കാല്‍നട ജാഥ നടത്തിയത്.32 പേര്‍ അടങ്ങുന്ന സംഘം രണ്ട് മാസം കൊണ്ടാണ് മദിരാശിയില്‍ എത്തിയത്. വലിയ പോലീസ് സന്നാഹത്തോടെ ആയിരുന്നു സര്‍ക്കാര്‍ ജാഥയെ എതിരിട്ടത്. ജനങ്ങളില്‍ നിന്നും ജാഥയെ ഒറ്റപ്പെടുത്തുന്നതിന് സര്‍ക്കാര്‍ കുതിരപ്പട്ടാളത്തെ നിയോഗിച്ചു. നിവേദനം സ്വീകരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ ജാഥാംഗങ്ങള്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. അവര്‍ മദിരാശിയില്‍ ഒരു വലിയ സമ്മേളനം സംഘടിപ്പിച്ചു. വഴിനീളെ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും കൃഷിക്കാരുടെ ആവശ്യങ്ങളും സര്‍ക്കാരിന്റെ കര്‍ശനമായ നിലപാടുകളും ജനങ്ങളോട് വിശദീകരിച്ചു. മലബാറിനെയും തമിഴ്‌നാടിനെയും പിടിച്ചു കുലുക്കിയ ആ ജാഥക്കൊടുവില്‍ സര്‍ക്കാറിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയത് എ കെ ജിയെ ഒന്‍പതു മാസം തടവിനും ശിക്ഷിച്ചു. “വിശപ്പിന്റെയും പട്ടിണിയുടെയും കാരണങ്ങള്‍ എന്താണെന്നു ജനങ്ങളെ പഠിപ്പിക്കുകയും ആ മഹാമാരി തുടച്ചുനീക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും അവരെ മനസ്സിലാക്കിക്കുകയും ആയിരുന്നു ജാഥയുടെ ലക്ഷ്യം. മറ്റു വിധത്തില്‍ പറഞ്ഞാല്‍ അത് സോഷ്യലിസത്തിന്റെ പുതിയ രീതിയിലുള്ള പ്രചാരണമായിരുന്നു. ഗവണ്‍മെന്റ് ഇത് വളരെ നന്നായി മനസ്സിലാക്കി. ഒരു വലിയ സംഘം പോലീസുകാരും കാല്‍നടയായി ഞങ്ങളെ അനുഗമിച്ചു. ഓരോ സ്ഥലത്തും ഓരോ പുതിയ സംഘം പോലീസ് ഞങ്ങളോട് ചേരും. ഒരു പോലീസ് ജാഥ ഞങ്ങളെ പിന്തുടരുന്നതുപോലെയായിരുന്നുവത്” എന്ന് എ കെ ജി ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്.
അക്കാലത്തുണ്ടായ ആഗോള മാന്ദ്യത്തിന്റെ ഭാഗമായി ലോകത്തെങ്ങും പടര്‍ന്നു പിടിച്ച പട്ടിണി കേരളത്തിലും അതി രൂക്ഷമായിത്തീര്‍ന്നിരുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇതിനെതിരെ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ജനങ്ങളെ ചൂഷണം ചെയ്യുന്ന ജന്മിമാരെ പിന്തുണക്കുന്ന നടപടികള്‍ ആണ് പലപ്പോഴും ഉണ്ടായത്. പുതിയ ഭക്ഷ്യ സംസ്‌കാരമുണ്ടാക്കുന്നതിന് അതിടവരുത്തി.
രണ്ടാം ലോക മഹായുദ്ധക്കാലത്തും കോളറ മഹാമാരിയായി പടര്‍ന്ന കാലത്തും ഈ അനുഭവം ജനങ്ങള്‍ക്ക് ഗുണകരമായി. അധികം താമസിയാതെ കേരളത്തില്‍ ജനകീയസര്‍ക്കാര്‍ അധികാരത്തിലെത്തി. ഇരുപത്തിയെട്ട് മാസമേ അധികാരത്തില്‍ തുടര്‍ന്നുള്ളൂവെങ്കിലും 1957 ലെ മന്ത്രിസഭ നടപ്പാക്കിയ പരിപാടികളാണ് കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ വികസനപാതക്ക് വഴികാട്ടിയായതെന്ന് ചരിത്രം പറയുന്നു. കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന ഭൂപരിഷ്‌കരണ നടപടികള്‍ക്ക് പുറമെ കര്‍ഷകത്തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും തുടക്കത്തില്‍തന്നെ ആ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തു. കൃഷി, ജലസേചനം, ആരോഗ്യം, വ്യവസായം തുടങ്ങിയ രംഗങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെ വികസന പരിപാടികള്‍ ആവിഷ്‌കരിച്ചു. 1958-59ല്‍ 900 ചെറുകിട ജലസേചന പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതികള്‍ ഇത്രവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് ചരിത്രം പറയുമ്പോള്‍ കേരളം സോമാലിയ ആകാതിരിക്കാനുള്ള കാരണങ്ങള്‍ ഇതില്‍ നിന്ന് തന്നെ വായിച്ചെടുക്കാനാകും.
അന്താരാഷ്ട്ര ഭക്ഷ്യനയ ഗവേഷണ കേന്ദ്രം നേരത്തെ പുറത്തിറക്കിയ ഒരു കണക്ക് പ്രകാരം ആഗോള ദാരിദ്ര്യ സൂചിക 20 കോടിയില്‍പരം ജനങ്ങള്‍ ഭക്ഷ്യസുരക്ഷാരാഹിത്യത്തിലാണെന്ന് കാണിക്കുന്നു. ദൈനംദിനാവശ്യത്തിനുള്ള ആഹാരം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇന്ത്യന്‍ പശ്ചാത്തലം പട്ടിണിയും പോഷകാഹാരക്കുറവും കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ദാരിദ്ര്യ സൂചിക തന്നെ വ്യക്തമാക്കുന്നത് ചില ഇന്ത്യന്‍ സംസ്ഥാനങ്ങളിലെങ്കിലും കടുത്ത പട്ടിണിയുണ്ടെന്നും പറയുന്നു. പഞ്ചാബും കേരളവുമാണ് ഇതില്‍ നല്ല നില സൂക്ഷിക്കുന്നതെന്നും നിരീക്ഷങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 88 രാജ്യങ്ങളുടെ സൂചികയില്‍ ഇന്ത്യക്ക് 66ാം സ്ഥാനമാണുള്ളത്. ദരിദ്രന്റെ ജീവരേഖ ദരിദ്രന്റെ അനുപാതം എപ്പോഴും ഇന്ത്യയില്‍ മാറിക്കൊണ്ടിരിക്കുന്നു. ഗ്രാമങ്ങളിലെ ദാരിദ്ര്യം കര്‍ഷക തൊഴിലാളികളെയും കൈവേലക്കാരെയുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. നഗരങ്ങളില്‍ സാധാരണ തൊഴിലാളികളെയാണ്. കര്‍ഷക തൊഴിലാളി കുടുംബങ്ങളില്‍ 47 ശതമാനവും ഗ്രാമീണ മേഖലയിലെ ദാരിദ്ര്യത്തിലാണ്്. ഇത് 1993-94 ലെ കണക്കാണെങ്കില്‍ ഇത് പിന്നീടിത് വര്‍ധിക്കുകയായിരുന്നു. ഫുഡ് ആന്റ് അഗ്രി കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ വിലയിരുത്തിയ 129 രാജ്യങ്ങളില്‍ 72ല്‍ 2015ഓടെ എണ്ണത്തിലും ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം പകുതിയായി കുറക്കുക എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യം സാധ്യമായിട്ടുണ്ടെന്നും പറയുന്നു.ഇന്ത്യയിലെ കാര്യങ്ങള്‍ തന്നെ ഇങ്ങനെ കുഴഞ്ഞുമറിഞ്ഞ് കിടക്കെ എന്തിനാണ് നാം സോമാലിയയിലേക്കും മറ്റും പോകുന്നതെന്ന് വിവരും വിവേകവുമുള്ള പുതു തലമുറ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. പട്ടിണിയും ദാരിദ്ര്യവും ഏറെക്കുറെ മാറ്റാന്‍ കേരളത്തിലെ ഭരണകൂടങ്ങള്‍ കുറച്ചെങ്കിലും ശ്രമിച്ചിട്ടുണ്ടെന്ന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ താരതമ്യം ചെയ്ത് ബന്ധപ്പെട്ടവര്‍ പറയുമ്പോള്‍ എന്തിനാണ് മലര്‍ന്നുകിടന്ന് തുപ്പുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി