Connect with us

Ongoing News

ദളിത് വിഭാഗത്തെ അവഗണിക്കുന്ന 'ദ്രാവിഡ കഴക'ങ്ങള്‍

Published

|

Last Updated

ചെന്നൈ: സ്വാതന്ത്ര്യ സമര സേനാനി പെരിയാര്‍ ഇ വി രാമസ്വാമിയുടെ ദ്രാവിഡ സംഘത്തില്‍ നിന്ന് പിറവിയെടുത്ത ഡി എം കെയും എ ഐ എ ഡി എം കെയും 1964 മുതല്‍ തമിഴ്‌നാട് ഭരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇവിടുത്തെ ദളിതന്മാരുടേയും പിന്നാക്ക സമൂഹങ്ങളുടെയും സാമൂഹിക അവസ്ഥ ഏറെ വേദനാജനകമാണ്. സ്‌കൂള്‍, കോളജ് തലങ്ങളിലും മറ്റും സംവരണം പ്രഖ്യാപിക്കുന്നുവെന്നതിലുപരി പിന്നാക്ക വിഭാഗത്തെ മുഖ്യധാരയിലെത്തിക്കാനുള്ള പദ്ധതികളൊന്നും നടക്കുന്നില്ല. ദളിതരുടെ പ്രശ്‌നങ്ങളോടും ആവലാതികളോടും തികഞ്ഞ അവഗണനയാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്.
താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരില്‍ രണ്ട് മാസം മുമ്പ് ക്രൂരമായി കൊലചെയ്യപ്പെട്ട ശങ്കറിന്റെ ഭാര്യ കൗസല്യയോടും കുടുംബത്തോടും പാര്‍ട്ടികളുടെ സമീപനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലെ ദളിത് മനോഭാവം വ്യക്തമാകും. തിരഞ്ഞെടുപ്പ് കാലമായിട്ട് പോലും കൗസല്യ ഇപ്പോള്‍ താമസിക്കുന്ന ശങ്കറിന്റെ കുടുംബത്തിന് വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളോ മുഖ്യധാര പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുന്നില്ല. തേവാര്‍ ജാതിയില്‍ പെട്ട കൗസല്യയെ താഴ്ന്ന ജാതിക്കാരനായ ശങ്കര്‍ വിവാഹം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച സംഭവമുണ്ടായത്. തലയില്‍ 36 തുന്നലുകളുമായി ജീവിതത്തിലേക്ക് തിരിച്ചു വന്ന കൗസല്യയിപ്പോള്‍ ശങ്കറിന്റെ പിതാവിനും കുടുംബത്തിനുമൊപ്പം കുമാരലിംഗത്തെ ദളിത് കോളനിയിലാണ് താമസിക്കുന്നത്. ഇരുണ്ട ഒറ്റമുറി വീട്ടില്‍ വേണ്ടത്ര സൗകര്യങ്ങള്‍ പോലുമില്ല. മടത്തുകുളം മണ്ഡലത്തില്‍പ്പെടുന്ന ഇവരുടെ വീട്ടില്‍ സ്ഥാനാര്‍ഥികള്‍ പോലും തിരിഞ്ഞുനോക്കിയിട്ടില്ല.
ഇന്ത്യയില്‍ ആദ്യമായി ജാതിയതക്കെതിരെ ശബ്ദമുയര്‍ന്ന തമിഴ്‌നാട്ടിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ ദളിത്, പിന്നാക്ക ജാതിക്കാര്‍ക്കെതിരെയുള്ള ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാന പാര്‍ട്ടികളില്‍ ദളിത് നേതാക്കന്മാരുടെ പ്രാതിനിധ്യം പോലുമില്ല. സംസ്ഥാനത്തെ 22 ശതമാനം ദളിത് വോട്ടുകളുണ്ട്. പല മേഖലകളിലും നിര്‍ണായക വോട്ട് ബേങ്കാണെങ്കിലും പല പാര്‍ട്ടികളിലായി സമുദായ വോട്ട് വിഭജിക്കപ്പെട്ടിരിക്കുകയാണ്.
ദളിത് പാര്‍ട്ടികളില്‍ പലതും മുഖ്യധാര പാര്‍ട്ടികളുടെ ഘടകകക്ഷികളാണ്. ഇവര്‍ ദളിത് വിഷയങ്ങളില്‍ കാര്യമായി ഇടപെടുന്നതായി കാണാറില്ല. ദളിത് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍പോലും തങ്ങളുടെ പ്രസംഗങ്ങളില്‍ ദളിത് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.