Connect with us

Kerala

ബി എസ് എഫ് ജവാന്റെ വധം: പ്രതിക്കായി തിരച്ചില്‍ തുടരുന്നു

Published

|

Last Updated

വടകര: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വടകരയിലെത്തിയ ബി എസ് എഫ് ഇന്‍സ്‌പെക്ടറെ ക്യാമ്പില്‍ വെച്ച് വെടിവെച്ചുകൊന്ന പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. വടകര ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് ബി എസ് എഫ് 407ാം റെജിമെന്റിലെ ഇന്‍സ്‌പെക്ടറായ രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ (31) വെടിയേറ്റ് മരിച്ചത്. പയ്യോളി, കൊയിലാണ്ടി മേഖലകളിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 89 അംഗ സേനയെയാണ് കോട്ടക്കല്‍ ഇസ്‌ലാമിക് അക്കാദമി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ക്യാമ്പ് ചെയ്യുന്നത്. ഇതേ റെജിമെന്റിലെ ഹവില്‍ദാറും ബീഹാര്‍ സ്വദേശിയുമായ ഉമേഷ് പ്രസാദ് സിംഗ് (48) ആണ് വെടിവെച്ചത്. തുടര്‍ച്ചയായി വെടിയുതിര്‍ത്തതിനു ശേഷം പ്രതി ക്യാമ്പില്‍ നിന്ന് മുങ്ങി.
മരിച്ച രാംഗോപാലും പ്രതിയായ ഉമേഷ് പ്രസാദും തമ്മിലുണ്ടായ വാക്ക്തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. വെടിവെച്ച ശേഷം പരിസര പ്രദേശത്തെ വീട്ടില്‍ നിന്ന് മുണ്ട് വാങ്ങി ധരിച്ച ശേഷമാണ് പ്രതി മുങ്ങിയത്. ക്യാമ്പില്‍ നിന്ന് എട്ട് ബുള്ളറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടെണ്ണം രാംഗോപാലിന്റെ മുഖത്തു നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പുറത്തെടുത്തു. സ്‌കൂള്‍ കെട്ടിടത്തിന്റെ ചുമരിലും ബുള്ളറ്റ് പതിച്ച അടയാളമുണ്ട്. ഇന്‍ക്വസ്റ്റിനു ശേഷം വെള്ളിയാഴ്ച രാവിലെയാണ് പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. അസിസ്റ്റന്റ് കമാന്‍ഡര്‍ ഉള്‍പ്പടെ 89 ജവാന്മാരെയും പോലീസ് ചോദ്യം ചെയ്യുമെന്ന് ഡി വൈ എസ് പി പറഞ്ഞു. ഇതിന് പുറമെ മുഴുവന്‍ തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയമായ പരിശോധന നടത്തും. മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എംബാം ചെയ്ത് ബി എസ് എഫ് കമാന്‍ഡര്‍ ഏറ്റുവാങ്ങിയ മൃതദേഹം വിമാനമാര്‍ഗം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: സജ്‌ന. മകള്‍: മേഘ പുഞ്ഞിലോട്.

Latest