Connect with us

Malappuram

വേങ്ങരയില്‍ പോരാട്ടം മുറുകി: പ്രചാരണത്തിലും ഒപ്പത്തിനൊപ്പം

Published

|

Last Updated

വേങ്ങര: മണ്ഡലത്തില്‍ പോരാട്ടം മുറുകി. പ്രചാരണത്തിലും ഇടതു വലതു മുന്നണികള്‍ ഒപ്പത്തിനൊപ്പം. കഴിഞ്ഞ തവണ 380237 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലികുട്ടി ഇത്തവണ നല്ല ബല പരീക്ഷണത്തിലാണ്.
നിലവിലെ ഭൂരിപക്ഷം നിലനിര്‍ത്താനാണ് യു ഡി എഫിന്റെ കഠിന പ്രയത്‌നം. മണ്ഡലത്തിലെ മുസ്‌ലീം ലീഗ് വിരുദ്ധ വികാരവും ഭരണ വിരുദ്ധ വികാരവും മുതലെടുക്കാനാണ് എല്‍ ഡി എഫിന്റെ ശ്രമം. ആദ്യഘട്ടത്തില്‍ പ്രചാരണത്തില്‍ യുഡി എഫ് മേല്‍കോഴ്മയായിരുന്നെങ്കിലും അവസാനഘട്ടത്തിലെത്തിയതോടെ അപ്രതീക്ഷിത ഇടതു മുന്നേറ്റം കനത്ത പോരാട്ടത്തിലേക്കെത്തിച്ചു. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളാണ് യു ഡി എഫിന്റെ പ്രചാരണ ആയുധം. സ്ഥലം എം എല്‍ എ യായ മന്ത്രിയുടെ വകുപ്പുകളായ ഐ ടി, വ്യവസായ മേഖലകളില്‍ പദ്ധതികളൊന്നും മണ്ഡലത്തില്‍ നടപ്പാക്കാനാവാത്തതും ജനങ്ങളുടെ അടിസ്ഥാന വികസനങ്ങള്‍ അവഗണിച്ചതുമാണ് ഇടതുപക്ഷം പ്രധാന ചര്‍ച്ചയാക്കുന്നത്. മണ്ഡലത്തില്‍ കനത്ത കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് വന്നത് കുടിവെള്ളം പ്രധാന ചര്‍ച്ചയാവാനിടയാക്കി. നിര്‍മാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതികള്‍ യുഡി എഫ് അവതരിപ്പിക്കുമ്പോള്‍ അവതാളത്തിലായ ഡസണ്‍ കണക്കിന് പദ്ധതികള്‍ ചൂണ്ടി കാണിക്കുകയാണ് ഇടതു പക്ഷവും മറ്റു പാര്‍ട്ടികളും.
ഗൃഹ സന്ദര്‍ശനം, കുടുംബയോഗങ്ങള്‍, കവല പ്രചാരണങ്ങള്‍, റോഡ് ഷോ തുടങ്ങിയവ ഇത്തവണ നേരത്തെ തന്നെ ഇരുമുന്നണികളും തീര്‍ത്തിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലികുട്ടി ഇന്നലെ മണ്ഡലത്തിലെ പ്രചാരണത്തിലില്ലായിരുന്നു. ഉച്ചക്ക് മുന്‍പ് വണ്ടൂര്‍ മണ്ഡലത്തിലെ പരിപാടിയിലും വൈകുന്നേരം താനൂരിലെ റോഡ് ഷോയിലുമായിരുന്നു. ഇടതു സ്ഥാനാര്‍ഥി അഡ്വ. പി പി ബശീര്‍ ഇന്നലെ കണ്ണാട്ടിപടിയില്‍ ഗൃഹ സന്ദര്‍ശനവും കുടുംബ യോഗവും നടത്തുന്ന തിരക്കിലായിരുന്നു. ശേഷം വേങ്ങരയില്‍ റോഡ് ഷോയിലും പങ്കെടുത്തു. ബി ജെ പി സ്ഥാനാര്‍ഥി പി ടി ആലി ഹാജിയുടെ പ്രചാരണവും മണ്ഡലത്തില്‍ ശക്തമാണ്. കേന്ദ്ര ഭരണം ചൂണ്ടികാട്ടിയാണ് ബി ജെ പി വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ നില മെച്ചപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. പി ഡി പി, വെല്‍ഫയര്‍ പാര്‍ട്ടി, എസ് ഡി പി ഐ സ്ഥാനാര്‍ഥികളും പ്രചാരണത്തില്‍ സജീവമായുണ്ട്. 144304 വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടായിരുന്നത്. ഇത്തവണ 24000 വോട്ടുകളുടെ വര്‍ധനവാണ് മണ്ഡലത്തിലുള്ളത്.

Latest