Connect with us

Malappuram

തവളംചിന കൂട്ട ബലാത്സംഗം: പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും

Published

|

Last Updated

മഞ്ചേരി: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും ഏഴ് പവന്‍ സ്വര്‍ണാഭരണം കവരുകയും ചെയ്ത കേസിലെ രണ്ട് പ്രതികളെ മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചു. ഒന്നാം പ്രതി കല്‍പ്പകഞ്ചേരി തവളംചിന കൊടശ്ശേരി അബ്ദുല്‍ അമീര്‍ എന്ന അമീര്‍ (29), മൂന്നാം പ്രതി തമിഴ്‌നാട് തഞ്ചാവൂര്‍ തിരുവാരൂര്‍ തമിളര്‍ സ്ട്രീറ്റ് തമിതിരുതൂരൈ പൂണ്ടി ശിവ (33) എന്നിവരെയാണ് ജഡ്ജി പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. ഒന്നാം പ്രതിക്ക് ബലാത്സംഗം ചെയ്തതിന് 10 വര്‍ഷം കഠിന തടവ് അരലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ട് വര്‍ഷം കഠിന തടവ്, കവര്‍ച്ച നടത്തിയതിന് അഞ്ച് വര്‍ഷം കഠിന തടവ്, കാല്‍ ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കഠിന തടവ്, ഭവന ഭേദനത്തിന് അഞ്ച് വര്‍ഷം കഠിന തടവ് 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. മൂന്നാം പ്രതിക്ക് കവര്‍ച്ച നടത്തിയതിന് ഏഴ് വര്‍ഷം കഠിന തടവ്, അര ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒന്നര വര്‍ഷം കഠിന തടവ്, ഭവന ഭേദനത്തിന് അഞ്ച് വര്‍ഷം കഠിന തടവ് 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. 2009 ജൂണ്‍ ആറിന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് കേസിനാസ്പദമായ സംഭവം. തവളഞ്ചിന സ്വദേശി 43 കാരിയെയാണ് നാല് പ്രതികള്‍ ചേര്‍ന്ന് അക്രമിച്ചത്. ഒറ്റക്കു താമസിക്കുന്ന വയോധികയും തവളംചിന പറക്കുണ്ട് കുഞ്ഞിമുഹമ്മദിന്റെ ഭാര്യയുമായ മറിയാമു (82)വിന് കൂട്ടിരിക്കാനെത്തിയതായിരുന്നു വീട്ടമ്മ. വീടിന്റെ വാതില്‍ ചവിട്ടി തുറന്ന പ്രതികള്‍ വയോധികയെ കെട്ടിയിട്ട് മര്‍ദിക്കുകയും വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഇരുവരുടെയും സ്വര്‍ണാഭരണങ്ങള്‍ കവരുകയുമായിരുന്നു. കേസിലെ രണ്ടാം പ്രതിയായ വടകര വാണിമേല്‍ പുതിയപുരക്കല്‍ മാമ്പിലാക്കല്‍ ശമീര്‍ (19) വിചാരണക്കിടെ വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു.