Connect with us

Gulf

അവര്‍ എപ്പോഴും രക്ഷകരായുണ്ട്

Published

|

Last Updated

ആഭ്യന്തരയുദ്ധ കലുഷിതമായ ലിബിയയില്‍ നിന്ന് ജീവരക്ഷാര്‍ഥം മടങ്ങി, നാട്ടിലെത്തിയ 18 മലയാളികളും ഒരേ സ്വരത്തില്‍ പറഞ്ഞത്, ലിബിയന്‍ സ്വദേശിയായ ജബ്ബാറിന്റെ കാരുണ്യത്തെക്കുറിച്ചാണ്.
ലിബിയന്‍ തലസ്ഥാനത്തിനടുത്തുള്ള പട്ടണത്തിലെ സാവിയ ആശുപത്രിക്കുനേരെ ഷെല്ലാക്രമണം നടന്നപ്പോള്‍ ജീവനക്കാരായ മലയാളികളടക്കമുള്ളവര്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. രക്ഷകനായത് ജബ്ബാറാണ്. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനുവും മകനും ഷെല്ലാക്രമണത്തില്‍ മരിച്ചുവെന്ന വിവരം ലഭിച്ചതിന്റെ ആഘാതത്തിലായിരുന്നു ഏവരും. അപ്പോഴാണ് ജബ്ബാര്‍ രക്ഷകനായതെന്ന് പത്തനംതിട്ട കുളത്തൂര്‍ സ്വദേശി തോമസ് നകോലില്‍, നാട്ടിലെ വാര്‍ത്താലേഖകരെ അറിയിച്ചു.
ഇതോടെ, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞു. രക്ഷ യാചിച്ചവരെ, ലിബിയയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയിലെ ജീവനക്കാരനായ ജബ്ബാര്‍, മുക്രം എന്ന കടലോരത്ത് കോട്ടേജില്‍ ഇന്ത്യക്കാര്‍ക്ക് താമസ സൗകര്യമൊരുക്കി. 11 കുട്ടികള്‍ അടക്കം 29 ഓളം പേര്‍ക്ക് ദിവസങ്ങളോളം ഭക്ഷണവും ഔഷധങ്ങളും നല്‍കി. നഗരം അല്‍പം ശാന്തമായെന്നറിഞ്ഞപ്പോള്‍ ഇവരെ ട്രിപ്പോളി വിമാനത്താവളത്തിലെത്തിച്ചു.
ട്രിപ്പോളിയില്‍ നിന്ന് ഇസ്താംബൂള്‍, ദുബൈ വഴി നാട്ടിലേക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ കയറുകയായിരുന്നു മലയാളികള്‍. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലക്കാരാണ് കേരളീയരില്‍ ഏറെയും.
നാട്ടില്‍, തിരഞ്ഞെടുപ്പ് സമയമായതിനാല്‍, കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ പല അവകാശവാദങ്ങള്‍ ഉന്നയിച്ചു. നക്കാപിച്ച കണക്കുവരെ കൊട്ടിഘോഷിച്ചു. സംസ്ഥാന ഭരണകൂടം ചെയ്തത്, നോര്‍ക്ക റൂട്ട്‌സ് വഴി കൊച്ചിവിമാനത്താവളത്തില്‍ ഹെല്‍പ് ഡെസ്‌ക് തുറക്കുക മാത്രമാണ്. കേന്ദ്ര ഭരണകൂടം നോക്കുകുത്തിയായിരുന്നുവെന്ന് കുറ്റപ്പെടുത്തുന്നത്, മറ്റാരുമല്ല; 45 ദിവസത്തെ ദുരിതജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയവര്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഐ എസിന്റെ ആക്രമണം രൂക്ഷമായപ്പോള്‍ ഇറാഖില്‍ നിന്ന് രക്ഷപ്പെട്ട നഴ്‌സുമാര്‍ക്കും സമാന അഭിപ്രായമാണുണ്ടായിരുന്നത്. ഭീകരവാദികള്‍ സഹോദരരെപ്പോലെയാണ് പെരുമാറിയതെന്നും ഇന്ത്യന്‍ ഭരണകൂടം സഹായം ലഭ്യമാക്കിയില്ലെന്നും കുറ്റപ്പെടുത്തി. ഇതിന്റെ പേരില്‍ നഴ്‌സുമാരെ കുറേപേര്‍ സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയിട്ടു. നാട്ടിലേക്ക് തിരിച്ചെത്തിയ നഴ്‌സുമാര്‍ ഇറാഖിലേക്ക് തന്നെ മടങ്ങാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് വാര്‍ത്ത.
എട്ടുകാലി മമ്മൂഞ്ഞുമാര്‍ അരങ്ങുവാഴുന്ന ഇന്ത്യയില്‍ നിന്ന് മാറിനില്‍ക്കാം എന്നാകും നഴ്‌സുമാര്‍ കരുതുന്നത്.
ലിബിയയില്‍ നിന്ന് മടങ്ങാന്‍ ടിക്കറ്റിന് കാശ്‌നല്‍കിയത് സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വന്തം പോക്കറ്റില്‍ നിന്നാണ് കാശെടുത്തതെന്ന് രക്ഷപ്പെട്ടവര്‍.
പ്രശ്‌നബാധിത രാജ്യങ്ങളില്‍ കുടുങ്ങുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ നടപടി സ്വീകരിക്കാറില്ലെന്നത്, പണ്ടേയുള്ള ആക്ഷേപമാണ്. നയതന്ത്രകാര്യാലയങ്ങള്‍, പലപ്പോഴും യാന്ത്രികമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുമായുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുക, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ എത്തുമ്പോള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാത്രമെ ഉദ്യോഗസ്ഥര്‍ അഭിരമിക്കൂ.
മാനവിക, കാരുണ്യ ബോധം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തികളോ സ്ഥാപനങ്ങളോ രംഗത്തുവരുന്നതാണ് ആശ്വാസമാകുന്നത്.
1990ല്‍ സദ്ദാംഹുസൈന്റെ ഇറാഖ്, കുവൈത്ത് അധിനിവേശം നടത്തിയപ്പോള്‍ 1.7 ലക്ഷം ഇന്ത്യക്കാരാണ് അവിടെ കുടുങ്ങിയത്. അന്നും ഇന്ത്യന്‍ നയതന്ത്രകാര്യാലയം നോക്കുകുത്തിയായിരുന്നു. മാത്രമല്ല, ഇന്ത്യക്കാരെ ഉപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ സുരക്ഷിതതാവളങ്ങളിലേക്ക് മാറി.
തിരുവല്ല സ്വദേശിയായ മാത്തുണ്ണി മാത്യൂസ് (ടൊയോട്ട സണ്ണി) അടക്കം ചില മലയാളികളാണ് ഇന്ത്യക്കാര്‍ക്ക് രക്ഷകരായത്. കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനായിരുന്നു ടൊയോട്ടാ സണ്ണി. ഇറാഖ് സൈന്യം പൊതുവെ ഇന്ത്യക്കാരെ ഉപദ്രവിച്ചിരുന്നില്ലെങ്കിലും സുരക്ഷിതത്വം ഉണ്ടായിരുന്നില്ല. കൊള്ളയും കൊള്ളിവെപ്പും വ്യാപകമായിരുന്നു. ബാഗ്ദാദ് വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. ബാഗ്ദാദിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍, കൂട്ടത്തോടെ വിദ്യാലയത്തിലാണ് താമസിച്ചത്. അവരെ ബസുകളില്‍ അമ്മാനില്‍ എത്തിക്കുന്ന ഉത്തരവാദിത്വം ടൊയോട്ട സണ്ണിയും കൂട്ടരും ഏറ്റെടുത്തു. അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എ കെ ഗുജ്‌റാള്‍ കുറച്ചൊക്കെ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെങ്കിലും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അനങ്ങാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, അന്നത്തെ ഇറാഖ് വിദേശകാര്യമന്ത്രി താരിഖ് അസീസ് ഇന്ത്യക്കാരുടെ രക്ഷക്കായി രംഗത്തുവന്നു. ഇറാഖി സൈന്യത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.
വാസ്തവത്തില്‍, ഗള്‍ഫ് നാടുകളില്‍ ജീവിതോപാധി തേടിയെത്തിയ ഇന്ത്യക്കാരുടെ അവസ്ഥ ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും അറിയില്ല. ലിബിയ, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ഉണ്ടെന്ന് വ്യക്തമല്ല. ഇറാഖില്‍ തട്ടിയെടുക്കപ്പെട്ട ഇന്ത്യക്കാരില്‍ പലരെക്കുറിച്ചും ഇപ്പോഴും വിവരമില്ല.
പ്രകൃതി ദുരന്തങ്ങള്‍, ആഭ്യന്തര സംഘര്‍ഷങ്ങള്‍ എന്നിങ്ങനെ പ്രതികൂല സാഹചര്യങ്ങള്‍ ഉരുത്തിരിയുമ്പോള്‍, മധ്യപൗരസ്ത്യദേശത്തെ സ്വദേശീ സമൂഹമാണ് ഇന്ത്യക്കാര്‍ക്ക് രക്ഷകരായി എത്താറുള്ളത്. ഇന്ത്യയും ഈ മേഖലയും തമ്മില്‍ നൂറ്റാണ്ടുകളായി സാമൂഹിക, സാംസ്‌കാരിക, വാണിജ്യ വിനിമയം നടക്കുന്നത് കൊണ്ടാണത്. മത നിരപേക്ഷ സമൂഹമാണ് ഇന്ത്യയിലേതെന്നും കാര്യങ്ങള്‍ വിശ്വസിച്ചേല്‍പിക്കാമെന്നും ഉള്ള ബോധ്യം മേഖലയിലെ സാമാന്യജനങ്ങള്‍ക്കുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ജീവന്‍ പണയം വെച്ചും അവര്‍ ഇന്ത്യക്കാരെ രക്ഷിച്ചിട്ടുണ്ട്.

Latest