Connect with us

International

ആഭ്യന്തര കലഹം: വെനസ്വേലയില്‍ അടിയന്തരാവസ്ഥ

Published

|

Last Updated

കരാക്കസ്: അഭ്യന്തര കലഹം രൂക്ഷമായ വെനസ്വേലയില്‍ രണ്ട് മാസത്തെ അടിയന്തരാവസ്ഥ പ്രസിഡന്റ് നിക്കോളാസ് മദുറോ പ്രഖ്യാപിച്ചു. ഒപെക് രാജ്യങ്ങളും അമേരിക്കയും തന്റെ ഇടതുപക്ഷ രാജ്യത്തെ തൂത്തെറിയാന്‍ ഗൂഢശ്രമങ്ങള്‍ നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.
കലഹം രൂക്ഷമായ കൊളംബിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് കഴിഞ്ഞ വര്‍ഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ ഭരണഘടനാപരമായ അവകാശങ്ങളും ഒഴിവാക്കിയിരുന്നു.
വെനസ്വേലയിലെ സംഭവ വികാസങ്ങള്‍ ആശ്ചര്യമുളവാക്കുന്നതാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് അധികൃതര്‍ പറഞ്ഞു. രാജ്യത്ത് സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തതായും മദുറൊ തന്റെ കാലാവധി തികക്കില്ലെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
രാജ്യത്തെ സമ്പദ്ഘടന മന്ദഗതിയാണെന്നും വൈദ്യുതി, ആരോഗ്യം, ഭക്ഷണം തുടങ്ങിയ ദൈനംദിന കാര്യങ്ങളില്‍ സേവനം നല്‍കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്. ബ്രിസീലില്‍ ദില്‍മ റൂസഫിന്റെ ഇംപീച്ച്‌മെന്റിന്റെ അലയൊലികള്‍ രാജ്യത്തും പ്രതിഫലിക്കുമെന്നാണ് ഇവര്‍ കണക്കു കൂട്ടുന്നത്. വര്‍ഷങ്ങളായി അമേരിക്കയും വെനസ്വേലയും തമ്മില്‍ കടുത്ത ശത്രുതയാണ് നിലനില്‍ക്കുന്നത്. ഹ്യുഗോ ഷാവേസുമായുള്ള ബന്ധം ഇതില്‍ എടുത്തു പറയേണ്ടതാണ്.
എന്നാല്‍ നിലവിലെ ഭരണ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് പാര്‍ട്ടി ബ്രസീലിലെ മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫുമായി നല്ല ബന്ധമായിരുന്നു തുടര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ ഇംപീച്ച്‌മെന്റ് നടപടിക്ക് വിധേയമാക്കപ്പെട്ടതോടെ മദുറോ ലാറ്റിന്‍ അമേരിക്കയില്‍ ഒറ്റപ്പെടുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശ ശക്തികളില്‍ നിന്നുള്ള ആക്രമണങ്ങളെ ഭയന്ന് മുമ്പ് സാമ്പത്തിക അടിയന്തരാവസ്ഥ നീട്ടിയിട്ടുണ്ട്.

Latest