Connect with us

Gulf

പ്രവാസികള്‍ക്ക് വോട്ടില്ലാത്ത ഒരു തിരഞ്ഞെടുപ്പ് കൂടി

Published

|

Last Updated

ഷാര്‍ജ:പ്രവാസികളായ ലക്ഷങ്ങള്‍ക്കു സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമില്ലാത്ത ഒരു നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കുകയാണ്. നാളെ നടക്കുന്ന കേരള സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രവാസികളായ മലയാളികള്‍ക്കു വോട്ടുരേഖപ്പെടുത്താന്‍ സൗകര്യമില്ല. സംസ്ഥാനത്തെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ പ്രവാസലോകത്ത് നിന്ന് ഏറെ വിഷമത്തോടെയും നിരാശയോടെയും വോട്ടെടുപ്പ് നോക്കിക്കാണുകയാണ്.

സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കനുസരച്ച് 16.25 ലക്ഷം പ്രവാസി മലയാളികളുണ്ട്. അനൗദ്യോഗിക കണക്ക് പ്രകാരം 25 ലക്ഷവും. ഗള്‍ഫ് രാജ്യങ്ങളിലെ കണക്കാണിത്. അതേസമയം യു എ ഇയില്‍ മാത്രം 12 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് കണക്ക്. ഇവരൊക്കെയും വോട്ടര്‍മാരുമാണ്. പക്ഷേ, വോട്ട് രേഖപ്പെടുത്താനാകട്ടെ അവസരമോ സൗകര്യമോയില്ല. സംസ്ഥാനത്തിന്റെ വികസനത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന ഈ വിഭാഗത്തിനെ ജനാധിപത്യത്തിന്റെ ഭാഗമായ തിരഞ്ഞെടുപ്പുകളില്‍ നിന്നു മാറ്റിനിര്‍ത്തുകയാണ്.

ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് വേളയില്‍ പ്രവാസികള്‍ക്കും വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പ്രവാസി വ്യവസായി ഡോ. ഷംഷീര്‍ വയലില്‍ നല്‍കിയ ഹരജിയിലാണ് സുപ്രധാനമായ വിധി പ്രസ്താവിച്ചിരുന്നത്. പ്രവാസികള്‍ ഏറെ ആഹ്ലാദിച്ച വാര്‍ത്തയായിരുന്നു അത്. എന്നാല്‍ തുടര്‍ നടപടികള്‍ എങ്ങുമെത്താതെ പോവുകയായിരുന്നു. പ്രവാസി സമൂഹത്തിനു ഏത് രീതിയില്‍ വോട്ടവകാശം ഒരുക്കുമെന്നതിലായിരുന്നു ചര്‍ച്ച. വിവിധ നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്.

ഓണ്‍ലൈന്‍ വോട്ടിംഗ്, പ്രവാസലോകത്ത് നേരിട്ട് രേഖപ്പെടുത്താന്‍ അവസരം. പ്രോക്‌സി വോട്ട് (പ്രവാസിയുടെ പ്രതിനിധിക്കു നാട്ടില്‍ വോട്ടുചെയ്യാനുള്ള അവസരം) എന്നിങ്ങനെ മൂന്നു നിര്‍ദേശങ്ങളായിരുന്നു പ്രധാനമായും ഉയര്‍ന്നത്.
എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പോളിംഗ് ബൂത്തുകള്‍, ഓണ്‍ലൈന്‍ സംവിധാനം, പ്രോക്‌സി വോട്ട് എന്നിവ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തി. എന്നാല്‍ പ്രോക്‌സി വോട്ട് അനുവദിക്കാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ. ഈ ശിപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെങ്കിലും ഇതിന്റെ നിയമ സാധ്യത പരിശോധിക്കുകയും പാര്‍ലിമെന്റ് പാസാക്കുകയും ചെയ്താലെ പ്രവാസികള്‍ക്കു വോട്ടവകാശം ലഭ്യമാകൂ. അതിനു ഇനിയും എത്രകാലമെടുക്കുമെന്ന് പറയാനാകില്ല.
അതേസമയം, പ്രോക്‌സി വോട്ടും ഓണ്‍ലൈന്‍ വോട്ടും വേണ്ടെന്നായിരുന്നു ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. നാട്ടിലുള്ളവര്‍ വോട്ടുചെയ്താല്‍ മതിയെന്നും നിലപാടെടുത്തു. ഇതോടെ പ്രവാസികളുടെ വോട്ടവകാശം സ്വപ്‌നമായി. പ്രവാസികളോട് കാട്ടുന്ന ഏറ്റവും വലിയ അവഗണനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. മുഖ്യധാര രാഷ്ട്രീയ സംഘടനകളെല്ലാം പ്രവാസികളുടെ വോട്ടിനുവേണ്ടി ശബ്ദമുയര്‍ത്തിയിരുന്നുവെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവസരം പ്രവാസികള്‍ക്കുലഭിക്കുമായിരുന്നു. ലോകത്തെ അറുപതിലേറെ ജനാധിപത്യ രാജ്യക്കാര്‍ തങ്ങളുടെ പ്രവാസി പൗരന്മാര്‍ക്കുവോട്ടുചെയ്യാന്‍ അവസരം നല്‍കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മാത്രം അവസരം നിഷേധിക്കപ്പെടുകയാണ്.

ഇന്ത്യ കഴിഞ്ഞാല്‍ യു എ ഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമായ പാക്കിസ്ഥാനികള്‍ക്കുപോലും അവരുടെ രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ അവസരമുണ്ട്. അടുത്തിടെ നടന്ന ഫിലിപ്പൈന്‍സ് തിരഞ്ഞെടുപ്പില്‍ യു എ ഇയിലെ പ്രവാസി പൗരന്മാര്‍ ഏറെ ആവേശത്തോടെയാണ് തങ്ങളുടെ സമ്മതിദാനവാകാശം വിനിയോഗിച്ചത്. ഫിലിപ്പൈന്‍സ് അധികൃതര്‍ തന്നെ വോട്ടിംഗിനുള്ള സൗകര്യം രാജ്യത്ത് ഒരുക്കിക്കൊടുക്കുകയായിരുന്നു. എന്നാല്‍ ഇതൊക്കെ പാവം മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കു നോക്കിനില്‍ക്കാനെ കഴിയുന്നുള്ളൂ. തങ്ങളുടെ നാട്ടില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗവാക്കാകാന്‍ പോലും സാധിക്കാത്ത മലയാളികള്‍ ഇതര രാജ്യക്കാരുടെ മുന്നില്‍ പരിഹാസ്യരാവുകയാണ്.

തിരഞ്ഞെടുപ്പ് ആവേശം പ്രവാസലോകത്തിരുന്ന് പ്രകടിപ്പിച്ച് അവര്‍ സ്വയം നിര്‍വൃതികൊള്ളുന്നു.അതേസമയം വോട്ടര്‍ലിസ്റ്റില്‍ പേരുള്ള സമ്പന്നരായ പ്രവാസികള്‍ വോട്ട് ചെയ്യാന്‍ നാട്ടില്‍ പറന്നെത്തും. ഇത്തരക്കാരായ നിരവധിപേര്‍ ഇതിനകം നാട്ടിലെത്തിയിട്ടുണ്ട്. ശേഷിക്കുന്നവര്‍ അടുത്ത ദിവസം വിമാനം കയറും. എന്നാല്‍ സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്കാണ് അവകാശം വിനിയോഗിക്കാന്‍ സാധിക്കാതെപോകുന്നത്. വോട്ടുചെയ്യാന്‍ അവസരമൊരുക്കിയിരുന്നുവെങ്കില്‍ തങ്ങള്‍ക്കും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയുമായിരുന്നുവെന്ന് അവര്‍ ആശ്വസിക്കുന്നു.
അതേസമയം പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുങ്ങുന്നതിലൂടെ പ്രവാസലോകവും രാഷ്ട്രീയ ഏറ്റുമുട്ടലുകളാല്‍ പ്രക്ഷുബ്ധമാകുമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങള്‍ക്കകത്ത് നിന്നുകൊണ്ടുള്ള പ്രവര്‍ത്തനം നടത്താന്‍ രാഷ്ട്രീയ കക്ഷികളുടെ ഖടകങ്ങള്‍ തയ്യാറാകാണ്ടേതുമുണ്ട്.

---- facebook comment plugin here -----

Latest