Connect with us

Gulf

എ ഡി രണ്ടാം നൂറ്റാണ്ടിലെ ചരിത്ര ശേഷിപ്പുകള്‍ കണ്ടെടുത്തു

Published

|

Last Updated

ദോഹ: ഖത്വറില്‍ നിന്ന് പുരാതനകാലത്തെ മനുഷ്യവാസ ചരിത്രശേഷിപ്പുകള്‍ കണ്ടെടുത്തു. ഖത്വറിലെ ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജിലെ ഗവേഷക സംഘമാണ് വടക്കുപടിഞ്ഞാറന്‍ പ്രദേശമായ മിലീഹയില്‍ നിന്ന് എ ഡി രണ്ടു മൂന്നും നൂറ്റാണ്ടുകളിലെതെന്ന് കരുതുന്ന ശേഷിപ്പുകള്‍ കണ്ടെടുത്തത്. അബ്ബാസിയ്യ ഭരണകാലത്തെ ശേഷിപ്പുകളുടെ വന്‍ശേഖരവും കണ്ടെത്തിയിട്ടുണ്ട്.
ഖത്വറിലെ ചരിത്രനഗരവും പുരാവസ്തു കേന്ദ്രവുമായ ഫുവൈരിതിലാണ് ഗവേഷണം നടന്നത്. ഉം അല്‍മക്ക് സമീപമുള്ള മിലീഹയില്‍ നിന്ന് പൗരാണിക കിടങ്ങുകള്‍ കണ്ടെടുത്തു. ഇവിടം കേന്ദ്രീകരിച്ച് 19- 20 നൂറ്റാണ്ടിലെ ബദുക്കള്‍ ദീര്‍ഘകാലം കൂട്ടമായി ക്യാംപ് നടത്തിയിരുന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വെള്ളം ലഭ്യമായതിനാല്‍ മൃഗങ്ങളെ മേയ്ക്കാന്‍ ഉപയോഗിച്ചതാകാന്‍ സാധ്യതയുണ്ട്.
മേഖലയില്‍ ഇസ്‌ലാമിക സംസ്‌കാരം കടന്നുവരുന്നതിന് മുമ്പുള്ള സാമൂഹിക ജീവിത ശേഷിപ്പുകളാണ് കണ്ടെത്തിയത്. മേഖലയുടെ പൗരാണിക അന്തരീക്ഷം സ്ഥാപിക്കാനും കാലക്രമേണ അവയെങ്ങനെ മാറിയെന്നതിനും ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷക സംഘം നടത്തിയിട്ടുണ്ട്.
ദേശാടനം ചെയ്യുന്ന കാലത്ത് നിന്ന് മാറി രാജ്യത്ത് സ്ഥിരമായി താമസം എങ്ങനെ രൂപപ്പെട്ടുവെന്ന് സ്ഥാപിക്കാനും ഗവേഷണത്തിലൂടെ സാധിക്കും. ഫുവൈരിതില്‍ എ ഡി 18- 20 നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നിരവധി ഘട്ടങ്ങളായുള്ള കൈയടക്കലും കൈയൊഴിയലും ഉണ്ടായതായി സ്ഥാപിക്കാന്‍ സാധിച്ചതായി കോളജ് ഡയറക്ടര്‍ പ്രൊഫ. തിലോ റേന്‍ പറഞ്ഞു. പ്രധാന പ്രദേശത്തിന്റെ വടക്കുഭാഗത്തേക്ക് പ്രത്യേകം മതില്‍ കെട്ടിയ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്ത ഗവേഷണ കാലയളവില്‍ പ്രദേശത്തിന്റെ വലിയ ഭാഗത്തേക്ക് വെളിച്ചം വീശാന്‍ സാധിക്കും.
ദോഹ തലസ്ഥാനമാകുന്നതിന് മുമ്പ് ഖത്വറിലെ ജീവിതത്തെ സംബന്ധിച്ച് കൂടുതല്‍ പഠിക്കാന്‍ ഇതിലൂടെ സാധിക്കും. ബിദ്ദ പാര്‍ക്കിന് സമീപം നടത്തിയ ഗവേഷണത്തില്‍ പുരാതന നഗരത്തിന്റ അവശിഷ്ടങ്ങള്‍ പാര്‍ക്കിന്റെ അടിയിലുണ്ടെന്ന് സ്ഥാപിക്കാന്‍ സാധിച്ചിരുന്നു. ഈ ഗവേഷണ കാലയളവില്‍ അവിടം കുഴിച്ച് നോക്കിയിട്ടില്ല. ഖത്വര്‍ മ്യൂസിയത്തിന്റെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്.
ഖത്വര്‍ നാഷനല്‍ റിസര്‍ച്ച് ഫണ്ടിന്റെ സാമ്പത്തിക സഹായത്തോടെ ദോഹയുടെയും ഖത്വറിന്റെ ഉത്ഭവം, നിബിഡ മരുഭൂമി എന്നീ ഗവേഷണ പദ്ധതികളാണ് യൂനിവേഴ്‌സിറ്റി കോളജിലെ മുഴുവന്‍ ഫാക്ക്വല്‍റ്റികളും വിദ്യാര്‍ഥികളും ചേര്‍ന്ന് നടത്തുന്നത്.