Connect with us

Ongoing News

തൃപ്പൂണിത്തുറ എന്ന പരീക്ഷണ ശാല

Published

|

Last Updated

കൊച്ചി :തൃപ്പൂണിത്തുറ ഒരു രാഷ്ട്രീയ പരീക്ഷണ ശാലയാണ്. അടിമുടി ജനകീയനായ ഒരു ഭരണാധികാരി അഴിമതി ആരോപണത്തിന്റെ ചളിക്കുണ്ടില്‍ വീണാല്‍ അയാളോട് വോട്ടര്‍മാരുടെ സമീപനം എന്തായിരിക്കും എന്ന ചോദ്യത്തിന് തൃപ്പൂണിത്തുറ നല്‍കുന്ന മറുപടി രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പഠനവിഷയമാക്കാം. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ കോഴ ആരോപണങ്ങളുടെ കേന്ദ്രബിന്ദുവായി നില്‍ക്കുകയും കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിക്കത്ത് നല്‍കേണ്ടിവരികയും വരെ ചെയ്ത മന്ത്രി കെ ബാബു എന്ന ജനപ്രിയ നേതാവാണ് തൃപ്പൂണിത്തുറയിലെ വോട്ടര്‍മാരുടെ അംഗീകാരം തേടി എത്തുന്നത്. ജനങ്ങളിലൊരാളായി എന്നും അവര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ പോലും വലിപ്പ ചെറുപ്പം നോക്കാതെ ഇടപെടുകയും ചെയ്യുന്ന കെ ബാബു കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തൃപ്പൂണിത്തുറയില്‍ രാഷ്ട്രീയത്തിനതീതമായി നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്. അത്തരത്തില്‍ പൊതുസ്വീകാര്യതയുള്ള ഒരാള്‍ സര്‍ക്കാറിനെ പിടിച്ചുലച്ച അഴിമതി ആരോപണത്തിന്റെ കേന്ദ്ര സ്ഥാനത്ത് വന്നാല്‍ വോട്ടര്‍മാരുടെ പ്രതികരണം എന്തായിരിക്കുമെന്നത് രാഷ്ട്രീയത്തില്‍ താത്പര്യമുള്ള എല്ലാവരുടെയും ആകാംക്ഷയാണ്. തൃപ്പൂണിത്തുറയുടെ സ്വന്തം കെ ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വോട്ടര്‍മാര്‍ ഗൗരവമായെടുത്തിട്ടില്ലെങ്കില്‍ അദ്ദേഹം ഈ തിരഞ്ഞെടുപ്പിലും പാട്ടുംപാടി ജയിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടുവെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ബാബു തൃപ്പൂണിത്തുറയോട് ഗുഡ്‌ബൈ പറയേണ്ടിവരും.
കൊച്ചിയുടെ രാജനഗരിയായ തൃപ്പൂണിത്തുറയില്‍, ഏകപക്ഷീയമായ മത്സരവും വിജയം പ്രതീക്ഷിച്ച് കളത്തലിറങ്ങിയ യു ഡി എഫ് ആദ്യഘട്ടം പ്രചാരണം പിന്നിട്ടപ്പോള്‍ മത്സരത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞു. അമിത ആത്മവിശ്വാസം ആപത്താകുമെന്ന തിരിച്ചറിവ് അവരെ പ്രചാരണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നിര്‍ബന്ധിതരാക്കി. പൊരിയുന്ന വെയിലിലും യു ഡി എഫ് മെഷിനറി വിജയത്തിനായി വിയര്‍പ്പൊഴുക്കി. തീയില്‍ കുരുത്തത് വെയിലത്ത് വാടുമോ എന്ന ഭാവത്തില്‍ പ്രതിസന്ധികളെ പുഞ്ചിരിച്ചു നേരിടുന്ന എം സ്വരാജ് പക്ഷെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഈ ആത്മബലം മാത്രം പോരാ എന്ന് ഗോദയിലിറങ്ങി അധികം വൈകാതെ തിരിച്ചറിഞ്ഞു.
വോട്ടര്‍മാരെ കൈയിലെടുത്തു തന്നെയാണ് അദ്ദേഹം മണ്ഡലത്തില്‍ നിറയുന്നത്. മണ്ഡലത്തില്‍ വലിയൊരു ശിഷ്യസമ്പത്തുള്ള എന്‍ ഡി എ സ്ഥാനാര്‍ഥി പ്രൊഫ. തുറവൂര്‍വിശ്വംഭരനും വിജയപ്രതീക്ഷയില്‍ തന്നെ. എല്ലാ അര്‍ഥത്തിലും തൃപ്പൂണിത്തുറയെ ഇളക്കിമറിച്ചായിരുന്നു കെ ബാബുവിന്റെ പ്രചാരണം. പഴുതുകളുള്ളിടത്ത് അത് അടക്കാന്‍ വലിയ സന്നാഹങ്ങളായിരുന്നു യു ഡി എഫ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. യു ഡി എഫിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ എതിരാളികള്‍ ഉയര്‍ത്തിയെങ്കിലും യു ഡി എഫ് അതെല്ലാം നിഷേധിച്ചു.
കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇടതുപക്ഷം സ്ഥിരമായി വിജയിച്ചുകൊണ്ടിരുന്ന തൃപ്പൂണിത്തുറ അങ്കമാലിയില്‍ നിന്നെത്തിയ കെ ബാബുവിലൂടെയാണ് യു ഡി എഫിന്റെ കൈകളിലെത്തിയത്. കെ ബാബുവിന്റെ ജനപ്രീതി തന്നെയാണ് തൃപ്പൂണിത്തുറയില്‍ അന്നും ഇന്നും യു ഡി എഫിന്റെ മുതല്‍കൂട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15,778 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭൂരിപക്ഷം 6571 വോട്ടായി കുറഞ്ഞു.