Connect with us

Eranakulam

'നിശ്ശബ്ദ'തയിലും മനസ്സ് തുറക്കാതെ...

Published

|

Last Updated

തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണത്തിന് തിരശീല വീണതോടെ എറണാകുളം ജില്ലയില്‍ ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ വിജയ പ്രതീക്ഷയിലാണ്. യു ഡി എഫിന് വ്യക്തമായ ആധിപത്യമുള്ള ജില്ലയില്‍ ഇക്കുറിയും മേധാവിത്തം നിലനിര്‍ത്തുമെന്ന ഉറപ്പിലാണ് യു ഡി എഫ് കേന്ദ്രങ്ങള്‍. ജില്ലയിലെ 14 സീറ്റിലും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് വിജയം നേടാന്‍ കഴിയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അവര്‍ പരസ്യമായി അവകാശപ്പെടുന്നു.
പക്ഷെ അര ഡസന്‍ മണ്ഡലങ്ങളില്‍ ശക്തമായ മത്സരം നടക്കുന്നുവെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ രഹസ്യമായി സമ്മതിക്കുന്നത്. ആറിടത്ത് വ്യക്തമായ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇടതുമുന്നണി നേതൃത്വം കണക്കു കൂട്ടുന്നു. പ്രചാരണത്തിന്റെ തുടക്കത്തില്‍ കണ്ട പ്രവണതയല്ല എറണാകുളം ജില്ലയിലെ പല മണ്ഡലങ്ങളിലും നിശ്ശബ്ദ പ്രചാരണത്തിലേക്കെത്തിയപ്പോള്‍ കാണ്ടത്. ഇരു മുന്നണികള്‍ക്കും ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിതമായി കനത്ത മത്സരം നടക്കുന്നത് തിരഞ്ഞെടുപ്പിനെ തികച്ചും പ്രവചനാതീതമാക്കുകയാണ്.
യു ഡി എഫ് ഏകപക്ഷീയ വിജയം പ്രതീക്ഷിക്കുന്ന തൃപ്പൂണിത്തുറ, ആലുവ, കളമശേരി, കുന്നത്തുനാട്, എറണാകുളം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. തൃപ്പൂണിത്തുറയില്‍ പ്രചാരണ രംഗത്ത് ചെറിയൊരു പാളിച്ച പോലും സംഭവിക്കാതിരിക്കാന്‍ മന്ത്രി കെ ബാബു ബദ്ധശ്രദ്ധനാണ്. എതിരാളികള്‍ പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിക്കാന്‍ വരെ കെ ബാബു മുതിര്‍ന്നത് മത്സരത്തിന്റെ തീവ്രതയാണ് കാണിക്കുന്നത്. മറുവശത്ത് എം സ്വരാജാകട്ടെ നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാതെയാണ് കെ ബാബുവിനെതിരെ ഓരോ അടവുകളും പയറ്റുന്നത്. ബി ജെ പി സ്ഥാനാര്‍ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പിടിക്കുന്ന വോട്ടുകള്‍ ഇവിടെ നിര്‍ണായകമാണ്. തുറവൂര്‍ വിശ്വംഭരന് വോട്ടഭ്യര്‍ഥിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്പൂണിത്തുറയിലെത്തിയിരുന്നു.
ആലുവയില്‍ അന്‍വര്‍ സാദത്തിന്റെ അനായാസ വിജയമാണ് പ്രതീക്ഷിച്ചതെങ്കിലും പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ സി പി എം സ്ഥാനാര്‍ഥി വി സലിം ഒപ്പത്തിനൊപ്പമെത്തി. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് അന്‍വറിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസില്‍ നേതൃബാഹുല്യവും സി പി എമ്മില്‍ നേതൃദാരിദ്ര്യവുമുള്ള പ്രദേശമാണ് ആലുവ. കളമശേരിയില്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് എ എം യൂസഫ് വലിയ വെല്ലുവിളിയാകില്ലെന്നാണ് തുടക്കത്തില്‍ വിലയിരുത്തപ്പെട്ടതെങ്കില്‍ യൂസഫിനെ അങ്ങനെ എഴുതിത്തള്ളാന്‍ ഇപ്പോള്‍ യു ഡി എഫ് കേന്ദ്രങ്ങളും തയ്യാറാകുന്നില്ല. യു ഡി എഫിന്റെ സിറ്റിംഗ് എം എല്‍ എ വി പി സജീന്ദ്രന്റെ കുന്നത്തുനാട്ടില്‍ സി പി എമ്മിലെ ഷിജി ശിവജി വലിയ എതിരാളിയല്ലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ സജീന്ദ്രന്റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ ലേബി സജീന്ദ്രന്റെ ആത്മഹത്യാശ്രമത്തിലേക്കെത്തിയ അണിയറക്കളികള്‍ പ്രചാരണ വിഷയമായി മാറിയതോടെ ഇടതു പക്ഷം വലിയ ആവേശത്തിലാണ്. എറണാകുളത്ത് യു ഡി എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് സി പി എമ്മിലെ അഡ്വ എം അനില്‍കുമാര്‍ ശക്തമായ മത്സരം നല്‍കുന്നു. മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കനെതിരെ മത്സരിക്കുന്ന സി പി ഐയുടെ എല്‍ദോ എബ്രഹാം ലാളിത്യം കൊണ്ടും നിര്‍ധന കുടുംബ പശ്ചാത്തലം കൊണ്ടും വോട്ടര്‍മാരുടെ പ്രിയം നേടിയിട്ടുണ്ട്.
വെപ്പിന്‍, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ ഇപ്പോള്‍ തുല്യശക്തികളുടെ പോരാട്ടമാണ് നടക്കുന്നത്. പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ ചില വിവാദങ്ങളാണ് വിനയായത്. ജിഷയുടെ അമ്മ രാജേശ്വരി ഇടതു സ്ഥാനാര്‍ഥി സാജുപോളിനെതിരെ ചൊരിഞ്ഞ ശാപവാക്കുകള്‍ പെരുമ്പാവൂരിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇപ്പോഴും ശക്തമായ പ്രകമ്പനം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ മറികടക്കുന്ന മറുതന്ത്രം പയറ്റാന്‍ സി പി എമ്മിന് കഴിഞ്ഞിട്ടില്ല. മുന്‍ മന്ത്രി എസ് ശര്‍മയുടെ സിറ്റിംഗ് സീറ്റായ വൈപ്പിനില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ ആര്‍ സുഭാഷിന് സാമുദായിക സമവാക്യവും ചില രാഷ്ട്രീയ അടിയൊഴുക്കുകളും പ്രാദേശിക താത്പര്യങ്ങളും തുല്യസാധ്യത നല്‍കുന്നുണ്ട്. എന്നാല്‍ എല്‍ ഡി എഫ് ശക്തികേന്ദ്രങ്ങളായ മുളവുകാട്, എളങ്കുന്നപ്പുഴ മണ്ഡലങ്ങളുടെ പിന്തുണ വിജയം സമ്മാനിക്കുമെന്നാണ് ശര്‍മയുടെ പ്രതീക്ഷ.
യു ഡി എഫിന്റെ മറ്റൊരു ശക്തികേന്ദ്രമായ കൊച്ചിയിലും വിജയസാധ്യത തുലാസിലാണ്. ഡൊമിനിക് പ്രസന്റേഷന്‍ മത്സരരംഗത്തേക്ക് വരുമ്പോള്‍ കൊച്ചിയില്‍ പ്രതികൂല ഘടകങ്ങള്‍ പലതുമുണ്ടായിരുന്നുവെങ്കിലും അനുകൂല സാഹചര്യം മുതലെടുക്കുന്നതിന് ഇടതു മുന്നണിക്ക് അവരുടെ സ്ഥാനാര്‍ഥിയുടെ പൊതുസ്വീകാര്യതയില്ലായ്മ തടസമാകുകയാണ്. തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി ടി തോമസും എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ പോളും ഉറച്ച വിജയപ്രതീക്ഷയിലാണ്. എന്നാല്‍ യു ഡി എഫിന് ശക്തമായ അടിത്തറയുള്ള തൃക്കാക്കരയില്‍ അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ പി ടി തോമസിനാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. ബെന്നി ബഹന്നാന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ അസ്വാരസ്യം പക്ഷെ പി ടി തോമസിന്റെ പ്രചാരണത്തെ ബാധിച്ചില്ല. പി ടി യുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് ബെന്നി ബഹന്നാനാണ്.
മന്ത്രി അനൂപ് ജേക്കബ് മത്സരിക്കുന്ന പിറവത്ത് ഇടതു സ്ഥാനാര്‍ഥി എം ജെ ജേക്കബ് ശക്തമായ മത്സരം നല്‍കുന്നുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് ജേക്കബില്‍ ഉണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് വേണ്ടത്ര മുതലെടുക്കാന്‍ സി പി എമ്മിന് കഴിഞ്ഞിട്ടില്ലെന്നാണ് പ്രചാരണം അവസാനിക്കുമ്പോള്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി അഡ്വ. ജോസ് തെറ്റയില്‍ വിജയിച്ച അങ്കമാലിയില്‍ ഇക്കുറി കാറ്റ് മാറി വീശുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. കോണ്‍ഗ്രസിലെ അഡ്വ. വി ഡി സതീശനും സി പി ഐ സ്ഥാനാര്‍ഥി ശാരദാമോഹനും മത്സരിക്കുന്ന പറവൂരില്‍ ബി ജെ ഡി എസ് സ്ഥാനാര്‍ഥി ഹരിവിജയന്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകും. ഹരിവിജയന് വേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ നരേന്ദ്രമോദിയും അമിത്ഷായും എത്തി.
കോതമംഗലത്ത് രണ്ടു തലമുറകള്‍ തമ്മില്‍ നടക്കുന്ന മത്സരത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ യു ഡി എഫ് സ്ഥാനാര്‍ഥി ടി യു കുരുവിളക്ക് ഒപ്പമോ സി പി എമ്മിന്റെ യുവ നേതാവായ ആന്റണി ജോണിനൊപ്പമോ എന്നറിയാന്‍ വോട്ടെണ്ണിക്കഴിയും വരെ കാത്തിരിക്കണം. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന്റെ നിലപാടുകളും ഇവിടെ പ്രതിഫലിക്കുന്നുണ്ട്.
തുടക്കത്തില്‍ വലിയ പ്രതീക്ഷയില്ലാതെ പ്രചാരണത്തിനിറങ്ങിയ സ്ഥാനാര്‍ഥികള്‍ പലരും അവസാന ലാപ്പില്‍ തങ്ങള്‍ മുന്നിലെത്തി എന്ന വിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥികള്‍ പോലും വിജയം അവകാശപ്പെടുന്നു.

Latest