Connect with us

Articles

മെയ് 16ന്റെ പ്രാധാന്യം

Published

|

Last Updated

ഇലക്ഷന്‍ പ്രചരണം എന്ന പതിവ് ചവിട്ടു നാടകം കഴിഞ്ഞു. ചവിട്ടു നാടകം എന്ന പ്രയോഗത്തിന് പ്രത്യേക അര്‍ഥമുണ്ട്. പോര്‍ച്ചുഗീസ് വാഴ്ചയുടെ കാലത്തു ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചരിച്ച ഒരു പാശ്ചാത്യപൗരസ്ത്യ സമ്മിശ്ര സംഘനൃത്തമായിരുന്നു ചവിട്ടുനാടകം. മിക്കവാറും കഥയും കഥാപാത്രങ്ങളും എല്ലാം സ്ഥിരമായി ചിട്ടപ്പെടുത്തിയവയായിരിക്കും .കാറല്‍മാന്‍ എന്നു പേരായ യൂറോപ്പിലെ ഏതോ ഒരു രാജാവ് ക്രിസ്തു മതത്തിലേക്ക് മാര്‍ഗം കൂടിയതിന്റെ കഥയായിരിക്കും മിക്കപ്പോഴും ഇതിവൃത്തം. ജനം ഇതുകേട്ടുകേട്ടു മടുത്തപ്പോള്‍ ചവിട്ടു നാടകം എന്ന കലാരൂപം വിസ്മൃതിയിലേക്കു തള്ളപ്പെട്ടു. ഏതാണ്ട് ഇതുപോലെയൊക്കെയായിട്ടുണ്ട് തിരഞ്ഞെടുപ്പു നാടകം. പ്രഖ്യാപിച്ച ദിവസം മുതല്‍ ചാനലുകളുടെ അന്തിചന്ത ചര്‍ച്ചകളില്‍ ചര്‍ച്ചിക്കാന്‍ ഓരോ വിഷയങ്ങള്‍ മാറിമാറി വന്നുകൊണ്ടിരുന്നു.
ഇത്തരം ചര്‍ച്ചകളില്‍ ഇരുമുന്നണികളും (ക്ഷമിക്കണം -മൂന്നു മുന്നണികളും) ഏകാഭിപ്രായത്തില്‍ എത്തിച്ചേര്‍ന്ന അപൂര്‍വം ചില വിഷയങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പു കമ്മീഷനു കണക്കു നല്ല വശമില്ല; അതുകൊണ്ടാണ് ഒരു മണ്ഡലത്തില്‍ പ്രചരണത്തിനായി ഒരു സ്ഥാനാര്‍ഥിക്കു ചെലവഴിക്കാന്‍ അനുവാദമുള്ള തുക വെറും 28 ലക്ഷം എന്ന് നിജപ്പെടുത്തിയത്. ഈ തുക തീരെ അപര്യാപ്തമാണെന്ന കാര്യത്തില്‍ കൈപ്പത്തി മുതല്‍ താമര വരെയുള്ള സര്‍വ കക്ഷികളും ഏകാഭിപ്രായക്കാരായിരുന്നു.
ജിഷ എന്ന ലോ കോളജ് വിദ്യാര്‍ഥിനിയും മാതാവും താമസിച്ചിരുന്നത് അടച്ചുറപ്പില്ലാത്ത കെട്ടിടത്തില്‍. അതു സ്ഥിതി ചെയ്തിരുന്നത് ഒരു സെന്റ് സ്ഥലത്തായിരുന്നു. ആ അമ്മയും മകളും ഉപയോഗിച്ചിരുന്നത് ആര്‍ക്കും ഏതു നിമിഷവും ഇടിച്ചുകയറാവുന്ന ചുറ്റും തുണികൊണ്ടു മറച്ച ഒരു മറപ്പുരയായിരുന്നു. അവര്‍ക്ക് കൃത്യമായ അയല്‍പക്കങ്ങളൊന്നും ഇല്ലായിരുന്നു.മകളുടെ പഠനത്തിനു വേണ്ടി ആ അമ്മ ഭിക്ഷ തെണ്ടിയിരുന്നു. ജിഷയെയും അവരുടെ അമ്മയെയും പോലുള്ള 30 ലക്ഷം പുറംമ്പോക്കു നിവാസികള്‍ ഈ കേരളത്തിലുണ്ടെന്ന് ദളിത് ആക്ടിവിസ്റ്റുകള്‍ അവകാശപ്പെടുന്നു. ഇതിനൊരു മറുവാദവും. മൂന്നു മുന്നണികളും അവര്‍ക്കനുവദിച്ചു കിട്ടിയ സമയം പ്രയോജനപ്പെടുത്തി ഒന്നും പറഞ്ഞു കേട്ടില്ല. വിജയമല്യക്ക് മദ്യം നിര്‍മിക്കാന്‍ പതിച്ചു കൊടുക്കാന്‍ ഭൂമിയുണ്ട്. സന്തോഷ് മാധവനു കൊടുക്കാനും സര്‍ക്കാറിനു ഭൂമിയുണ്ട്. പാവപ്പെട്ട ദളിത്, ആദിവാസി ,സമൂഹങ്ങള്‍ക്ക് അല്‍പം ഭൂമി കൊടുക്കാന്‍ ഭൂമിയില്ല.”ഈ പശ്ചാത്തലത്തില്‍ വേണം തിരഞ്ഞെടുപ്പു കാലത്തെ പണമിടപാടിന്റെ ഒഴുക്കു പരിശോധിക്കാന്‍.
പ്രചരണം കത്തിനില്‍ക്കുന്നതിനിടയില്‍ മലപ്പുറം പോലുള്ള ഒരു സ്ഥലത്തു നിന്നും അധികൃതര്‍ നടത്തിയ പരിശോധനയില്‍ വാഹനങ്ങളില്‍ നിന്നും മറ്റും പിടിച്ചെടുത്തത് എത്ര ലക്ഷങ്ങളായിരുന്നു? എന്തിന്, ആര് ആര്‍ക്കു കൊടുക്കാന്‍ വേണ്ടി എത്തിച്ചുകൊടുത്ത പണം? ഇതൊന്നും ഇനിയും വെളിപ്പെട്ടിട്ടില്ല. ഇതൊക്കെ എല്ലാ തിരഞ്ഞെടുപ്പുകളിലും പതിവാണ്.
ജനാധിപത്യം ധനാതിപത്യമായി മാറുന്ന ഈ അവസ്ഥക്കു പരിഹാരം കാണുന്ന ജോലി ആരെറ്റെടുക്കും? ഈ പൂച്ചക്ക് ആര് മണിക്കെട്ടും? സത്യത്തില്‍ പ്രചരണത്തിന് ഇത്രയേറെപ്പണം ആവശ്യമുണ്ടോ? കുറെ ഫഌക്‌സ് ബോര്‍ഡുകള്‍, സ്ഥാനാര്‍ഥിയുടെ ഭവന സന്ദര്‍ശനം ഇന്നത്തെ കാലത്ത് അനാവശ്യമായി മാറിയ കുറെ ലഘുലേഖകള്‍ ഇതിനെല്ലാംക്കൂടി 28 അല്ലെങ്കില്‍ 30 ലക്ഷം പോരെന്നാണോ? എങ്കില്‍ പിന്നെ ആ കണക്കൊന്നു മനുഷ്യര്‍ക്കു ബോധ്യമാകുന്ന തരത്തില്‍ ഒന്നു വിശദീകരിച്ചുകൂടെ?
ഒരു സ്ഥാനാര്‍ഥിക്കു എത്ര ടേം? ഏതു പ്രായം വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം? ഈ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. മാധ്യമനിരീക്ഷകരും ബുദ്ധിജീവികളും ഒക്കെ അവരുടേതായ അഭിപ്രായങ്ങള്‍ പലതും പറഞ്ഞെങ്കിലും ഇപ്പോഴത്തെ മുഖ്യധാരാമുന്നണികളൊന്നും അതിനോടൊന്നും യോജിച്ചു കണ്ടില്ല. കാരണം വ്യക്തമാണ് ഇത്തരം ചില ദൗര്‍ബല്ല്യങ്ങള്‍ ഓരോ മുന്നണിയെയും ഏറിയോ കുറഞ്ഞോ അളവില്‍ ബാധിച്ചിരിക്കുന്നു. ചില കാര്യങ്ങളില്‍ ഇവര്‍ പരസ്പരം ചില ഒത്തുതീര്‍പ്പുകളിലും എത്തിച്ചേര്‍ന്നിട്ടില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ചില ഉദാഹരണങ്ങള്‍. ഉമ്മന്‍ചാണ്ടിയെ നേരിടാന്‍ ഉമ്മന്‍ചാണ്ടിയോളം തന്നെ തലയെടുപ്പുള്ള നേതാക്കള്‍ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികളില്‍ വേറെയില്ലെന്നു പറഞ്ഞാല്‍ പുതുപള്ളിയിലെ ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല. വി എസിനെയോ പിണറായിയെയൊ മുഖാമുഖം നേരിടാന്‍ ഒരിക്കല്‍പ്പോലും കരുത്തരായ ഒറ്റസ്ഥാനാര്‍ഥിയെയും വലതുപക്ഷം രംഗത്തിറക്കിയ ചരിത്രമില്ല. ജനാധിപത്യത്തില്‍ അന്തസ്സായി വിജയിക്കാനും അന്തസ്സായി തോല്‍ക്കാനും വേണ്ടേ കുറെ ആളുകള്‍?
സര്‍ക്കാറിനു അബദ്ധത്തില്‍ സംഭവിച്ചുപോയ ഒരു കൈപ്പിഴയായിരുന്നു കേരളത്തിലെ ബാര്‍ പൂട്ടല്‍. തന്റെ പ്രതിയോഗിയായി വളര്‍ന്നു വരുന്ന സുധീരന്റെ ആദര്‍ശ രാഷ്ട്രീയത്തിനെതിരെ ഉമ്മന്‍ചാണ്ടിയും സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയ ഒരു തരം വെട്ടിയൊതുക്കല്‍. അതോടെ ബാറുടമകളില്‍ നിന്നും മന്ത്രിമാര്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ നിന്നു കുറഞ്ഞപക്ഷം സുധീരനെങ്കിലും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനായി. അതത്രയും വോട്ടായി മാറുമെന്നും യു ഡി എഫ് സ്വപ്‌നം കാണുന്നു. എല്‍ ഡി എഫ് വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നാണയിടാന്‍ അവരും നിര്‍ബന്ധിതരായി. പൂട്ടിയെന്നു പറയുന്ന ബാറുകളില്‍ ബിയറും വൈനും ഒഴുകുന്നതിന്റെ അപകടം ആരും വേണ്ടതുപോലെ പരിഗണിക്കുന്നില്ല.
അഴിമതി തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ ഇടതുപക്ഷം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും ജനങ്ങള്‍ അത്രകാര്യമായി എടുത്തു എന്നു തോന്നുന്നില്ല. ജനം പൊതുവെ അഴിമതിക്കനുകൂലമാണെന്ന ഒരു പ്രതീതിയാണെവിടെയും കാണുന്നത്. അധികാര രാഷ്ട്രീയവും അഴിമതിയും അത്രമേല്‍ കെട്ടിപ്പിണഞ്ഞു കിടക്കുന്നു. ഞങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിക്കും എന്ന മട്ടിലയിരുന്നു കാര്യങ്ങള്‍. അധികാരത്തിന്റെ ശീതളച്ഛായയില്‍ തങ്ങള്‍ സുരക്ഷിതരെന്ന് അവര്‍ക്കുറപ്പുണ്ട്. സോളാറും സരിതയും ഒന്നും തിരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ പ്രതീക്ഷിച്ചതുപോലെ കത്തിക്കയറാത്തതിന്റെ കാരണം ഇതൊക്കെ തന്നെ.
വികസനവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളിലാണ് മൂന്നു മുന്നണികളും ഒരേ നിലപാടു പുലര്‍ത്തുന്നത്. ഇത്തരം അവകാശവാദങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ഒരു പൊതുബോധം കാലാകാലങ്ങളായി ഇവിടെ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. എന്താണീ വികസനം? ആരായിരിക്കണം വികസനത്തിന്റെ ഗുണഭോക്താക്കള്‍? ഈ ചോദ്യങ്ങളൊന്നും കാര്യമായി ഒരു കോണില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നില്ല. വികസനം ജനങ്ങളുടെ അവകാശമാണോ രാഷ്ട്രീയ നേതാക്കളുടെ ഔദാര്യമാണൊ? എം എല്‍ എ അതുചെയ്തു, ഇതു ചെയ്തില്ല, അങ്ങനെ അല്ലായിരുന്നു ഇതു ചെയ്യേണ്ടിയിരുന്നത്- ഇതല്ലെ വികസന ചര്‍ച്ചകളിലെ വായ്ത്താരി. വില്ലേജ് ഓഫീസര്‍ മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥ വൃന്ദത്തിനു ജനജീവിതത്തിന്റെ വികസന വിഷയങ്ങളില്‍ ഒരു പങ്കുമില്ലെന്നു തോന്നും ചര്‍ച്ച കേട്ടാല്‍. പഴയ ഇടതുപക്ഷ ഗവണ്‍മെന്റ് നടപ്പിലാക്കിയിരുന്ന ജനകീയാസൂത്രണവും ത്രിതലപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയ പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ക്കും അതാതുപ്രദേശത്തെ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഒരു പങ്കുമില്ലെന്നു തോന്നും നമ്മുടെ എം എല്‍ എമാരുടെ തന്‍പ്രമാണിത്തവാദം കേട്ടാല്‍.
മൂന്നു മുന്നണികളും ഏകാഭിപ്രായം പുലര്‍ത്തുന്ന മറ്റൊരു വിഷയമാണ് സ്ഥാനാര്‍ഥികളുടെ ഇറക്കുമതി. അധികാര വികേന്ദ്രീകരണം എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്‍പ്പവും ആയി പൊരുത്തപ്പെടാത്തതാണ് ഇപ്പോള്‍ നിലവിലുള്ള സ്ഥാനാര്‍ഥികളുടെ ഇറക്കുമതിതന്ത്രം. ഒരു സ്ഥാനാര്‍ഥി കുറഞ്ഞപക്ഷം താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ അതും അല്ലെങ്കില്‍ അയല്‍മണ്ഡലത്തിലെ അല്ലെങ്കില്‍ ആ മണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ലയിലെങ്കിലും വോട്ടവകാശമുള്ള ആളായിരിക്കണം എന്നു വ്യവസ്ഥ ചെയ്യപ്പെടണം. വിദൂര ജില്ലകളില്‍ നിന്നുപോലും നേതാക്കളെ ദത്തു പുത്രന്മാരായി സ്വീകരിക്കേണ്ട ഗതികേടിലാണ് നമ്മുടെ പല മണ്ഡലങ്ങളും. വടക്കേ മലബാറില്‍ നിന്നും തെക്കന്‍ ജില്ലകളിലേക്ക് നേതാക്കന്മാരെ കയറ്റി അയച്ചു തങ്ങളുടെ പാര്‍ട്ടിക്കു സംസ്ഥാന വ്യാപകമായ അടിത്തറയുണ്ടാക്കാനുള്ള രാഷ്ട്രീയ കക്ഷികളുടെ ഈ കുടിലതന്ത്രം ജനം തിരിച്ചറിയണം. ഇതു തങ്ങളുടെ പ്രാദേശികമായ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്ന ബോധ്യത്തിലേക്കവര്‍ ഉണരണം.
തിരഞ്ഞെടുപ്പുകളുടെ തുടക്കം മുതല്‍ കണ്ടുവരുന്ന പ്രവണതയാണ് സ്വതന്ത്രന്മാരെയും അപരന്മാരെയും കണ്ടെത്തി വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രം. ഈ തവണയും ഈ പ്രവണത പതിവില്‍ പടി ആവര്‍ത്തിക്കപ്പെട്ടു. മിക്ക സ്ഥലങ്ങളിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുഖ്യസ്ഥാനാര്‍ഥികളൊ അവരുടെ പാര്‍ട്ടികളൊ തന്നെയാണ്.ഇതുവഴി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മിടുക്കന്മാരുമുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ ആത്മാഭിമാനമുള്ള മുഖ്യധാരാരാഷ്ട്രീയ കക്ഷികള്‍ തയ്യാറാകണം. ഈ കാര്യത്തില്‍ അവര്‍ ഒരു യോജിച്ച നിലപാടെടുത്തു പരസ്യപ്പെടുത്തിയാല്‍ അനായാസം നിയന്ത്രിക്കാവുന്നതേയുള്ളൂ ഈ ദുഷ്പ്രവണത.
മൂന്നു മുന്നണികള്‍ എന്നത് കേരളത്തിലും ഒരു യാതാര്‍ഥ്യമാകുകയാണെന്നു തോന്നുന്നു. രാഷ്ട്രീയം ഉപേക്ഷിച്ചു സാമുദായികാടിസ്ഥാനത്തില്‍ ജനങ്ങളെ യോജിപ്പിക്കാനുള്ള പരിശ്രമമാണ് ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യം എന്നീ മുദ്രാവാക്യം ഉയര്‍ത്തി എന്‍ ഡി എ നടത്തികൊണ്ടിരിക്കുന്നത്. ഇതിനെ ഫലപ്രദമായി നേരിടാന്‍ ഒരോ ഒരു മാര്‍ഗമേയുള്ളൂ ന്യൂനപക്ഷവിഭാഗങ്ങളും ഭൂരിപക്ഷ സമുദായങ്ങളിലെ മതേതര കക്ഷികളും തമ്മില്‍ കൈകോര്‍ക്കുക. ഇതിന് പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടുള്ള ചില നീക്കങ്ങളാണ് കേരളത്തില്‍ പല സ്ഥലത്തും പ്രകടമായി കാണുന്ന കോ.ലിബി സഖ്യം. എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടുന്ന ഈ ഏര്‍പ്പാടിന്റെ അപകടം മനസ്സിലാക്കി മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് മതേതര രാഷ്ട്രീയത്തോടു പ്രതിബന്ധതയുള്ളവരെ വിജയിപ്പിച്ചധികാരത്തിലെത്തിക്കുക എന്നതിനായിരിക്കണം സാമാന്യ ജനം പ്രാധാന്യം നല്‍കേണ്ടത്. (കെ സി വര്‍ഗീസ് 9446268581 )

---- facebook comment plugin here -----

Latest