Connect with us

Gulf

മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിന് ഏകജാലക സേവനകേന്ദ്രം തുറന്നു

Published

|

Last Updated

ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് ഓഫീസ് മേജര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ ഖുലൈഫി ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ഖത്വറില്‍വെച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സ്വദേശത്തേക്ക് അയക്കുന്നതിനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കുന്നതിനായി ആരംഭിച്ച ഏകജാലക ഓഫിസ് ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങി. ഹ്യൂമാനിറ്റേറിയന്‍ സര്‍വീസ് ഓഫീസ് എന്ന പേരിലാണ് അറിയപ്പെടുക. ഇന്നലെ നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രാലയം പൊതുസുരക്ഷാവിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ ഖുലൈഫി ഉദ്ഘാടനം ചെയ്തു.
വിദേശികളുടെ മൃതദേഹം സ്വന്തം രാജ്യത്തേക്കയക്കുന്നതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ക്ക് ഈടാക്കിയിരുന്ന എല്ലാ തരം ഫീസുകളും ഒഴിവാക്കിയതായി കമ്യൂണിറ്റി പോലീസിംഗ് വിഭാഗം ഡയറക്ടര്‍ കേണല്‍ അഹ്മദ് സയ്യിദ് അല്‍ മുഹന്നദി അറിയിച്ചു. മൃതദേഹം സ്വന്തം രാജ്യത്തേക്ക് അയക്കുന്ന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നയതന്ത്ര കാര്യാലയങ്ങളും ബന്ധപ്പെ വിഭാഗങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഔദ്യോഗിക രേഖകള്‍ അനുവദിക്കുന്നത് കിതച്ചും സൗജന്യമാക്കി. എന്നാല്‍ മൃതദേഹം എംബാം ചെയ്യുന്നതിന് ഫീസ് അടക്കണം.
മൃതദേഹം സ്വന്തം നാട്ടിലേക്കു കൊണ്ടു പോകുന്നില്ലെങ്കില്‍ ഖത്വറില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള സേവനങ്ങളും ഓഫീസില്‍നിന്നു ലഭിക്കും. ഇതിനുള്ള നടപടികള്‍ ഓഫീസ്‌വഴി വേഗത്തില്‍ പൂര്‍ത്തീകരിക്കാം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നടപടികള്‍ കേന്ദ്രത്തിലെ ഏകജാലക സംവിധാനം ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഹമദ് ആശുപത്രി മോര്‍ച്ചറിക്കു പിന്നിലായി ആരംഭിച്ച ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് ഓഫിസില്‍ ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്വര്‍ എയര്‍വേയ്‌സ്്, വിദേശകാര്യ മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ്, പബ്ലിക് പ്രോസിക്യൂഷന്‍ എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്വര്‍ എയര്‍വേയ്‌സ് എന്നിവയുടെ പ്രതിനിധികള്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് ഓഫിസിലുണ്ടാകും ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ കേന്ദ്രം പ്രവര്‍ത്തിക്കും. മൃതദേഹങ്ങള്‍ വിട്ടു നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ നിര്‍ദേശ പ്രകാരം വിവിധ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇതിന്റെ പഠന റിപ്പോര്‍ട്ട്് പ്രകാരമാണ് മോര്‍ച്ചറിയോടു ചേര്‍ന്ന് ഓഫിസ് തുറന്നത്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കൗണ്ടറില്‍ നിന്നാണ് മൃതദേഹം കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട നടപടി തുടങ്ങുക. മരിച്ചയാളുടെ വിവരങ്ങളും അവര്‍ ഫയലില്‍ ചേര്‍ക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കൗണ്ടറില്‍ നിന്ന് ഈ വിവരങ്ങള്‍ പരിശോധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വകുപ്പുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഖത്വര്‍ എയര്‍വേയ്‌സിന്റെ കൗണ്ടറില്‍ നിന്ന് കാര്‍ഗോ പോളിസിയും മൃതദേഹത്തെ അനുഗമിക്കുന്നവര്‍ക്കുള്ള ടിക്കറ്റും നല്‍കും. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ കൗണ്‍സുലാര്‍ അഫയേഴ്‌സ് എംബസികളുമായി ബന്ധപ്പെട്ട് മൃതദേഹം കയറ്റി അയക്കുന്നതിന് എതിര്‍പ്പില്ലാ രേഖ പെട്ടെന്ന് ലഭിക്കാനുള്ള നടപടികളും സ്വീകരിക്കും. ഇന്ത്യാക്കാരുള്‍പ്പെടെയുള്ള പ്രാവാസികള്‍ക്ക് ഏറെ സഹായകമായ കേന്ദ്രമാണിത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി വിവിധ ഓഫീസികളിലും കയറിയിറങ്ങേണ്ട സാഹചര്യമാണ് ഇതോടെ ഇല്ലാതാകുന്നത്. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പ്രവാസികള്‍ ഇത്തരം സേവനങ്ങള്‍ പൂര്‍ത്തീകരിച്ചു വന്നത്. ഈരംഗത്ത് സേവനം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഏകജാലക ഓഫീസ് ഏറെ സഹായകമാകും.

Latest