Connect with us

Kerala

ഇ അഹമ്മദ് തിരഞ്ഞെടുപ്പ് ചൂടറിഞ്ഞത് ഡല്‍ഹിയിലിരുന്ന്

Published

|

Last Updated

മലപ്പുറം : മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റും എം പിയുമായ ഇ അഹമ്മദ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടും വീറുമറിഞ്ഞത് ഡല്‍ഹിയിലിരുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയായും ചിലപ്പോള്‍ പ്രചാരകനായുമെല്ലാം യു ഡി എഫ് വേദികളില്‍ നിറസാന്നിധ്യമായിരുന്ന അഹമ്മദ് ഡല്‍ഹിയിലിരുന്നാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് പോര്‍ക്കളത്തിലെ ചൂടറിഞ്ഞത്. ഇന്നലെ വൈകുന്നേരം അദ്ദേഹം കണ്ണൂരിലെ വസതിയിലെത്തി. പ്രചാരണത്തിന്റേയും വോട്ടെടുപ്പിന്റേയും സമയത്ത് ന്യൂഡല്‍ഹിയിലെ 9 തീന്‍മൂര്‍ത്തി മാര്‍ഗിലെ തന്റെ ഔദ്യോഗിക വസതിയിലായിരുന്നു അഹമ്മദ്. വാര്‍ധക്യ സഹജമായ ശാരീരിക അസ്വസ്ഥതകള്‍ അദ്ദേഹത്തെ വല്ലതെ അലട്ടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിക്കാന്‍ സ്ഥിരമായി എത്താറുളള അദ്ദേഹത്തിന് ഇത്തവണ ഒരു വേദിയിലും പങ്കെടുക്കാനായില്ല.
മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഏതാനും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി കേരളത്തിലേക്ക് തിരിക്കാനിരുന്നെങ്കിലും ചൊവ്വാഴ്ച രാവിലെ ബി പി കൂടിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസമായി ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു എഴുപത്തിയെട്ട് വയസുള്ള അഹമ്മദ്. ഇതോടെ പരിപാടികളെല്ലാം റദ്ദ് ചെയ്യേണ്ടി വന്നു. ചികിത്സക്കായി ദുബൈയില്‍ പോയിരുന്ന അദ്ദേഹം കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.
ആശുപത്രിയില്‍ നിന്ന് കേരളത്തിലെ തിരഞ്ഞെടുപ്പ് ചൂട് മാധ്യമങ്ങളിലൂടെയാണ് ഇ അഹമ്മദ് അറിഞ്ഞത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരുമായി അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പരസഹായം ആവശ്യമുള്ളതിനാല്‍ കുടുംബവും ഡല്‍ഹിയില്‍ അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.ബി പി സാധാരണ നിലയിലായതിനാല്‍ നാളെ ആശുപത്രി വിടുമെന്നും അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.