Connect with us

Kerala

എസ് വൈ എസ് ലിഡേഴ്‌സ് സമ്മിറ്റിന് ഇന്ന് തുടക്കം

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് സമ്മിറ്റിന് ഇന്ന് തുടക്കമാവും.
സംഘടന മുന്നോട്ടുവെക്കുന്ന സര്‍വതല സ്പര്‍ശിയായ ദഅ്‌വത്തിന്റെയും മുഴുവന്‍ മേഖലകളെയും ഉള്‍ക്കൊള്ളുന്ന വിപുലമായ ക്ഷേമപ്രവര്‍ത്തനങ്ങളുടെയും കുറ്റമറ്റ രീതിയുലുള്ള പ്രയോഗവത്കരണവും സംഘടനയുടെ ഒന്നാം കര്‍മ്മപദ്ധതിയില്‍ നടത്തിയ ധര്‍മ്മ സഞ്ചാരത്തില്‍ ചര്‍ച്ച ചെയ്ത കരട് രേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള സംഘടന ശാക്തീകരണവും പൊതു ജനസമ്പര്‍ക്കവുമടക്കം അടുത്ത ആറ്മാസക്കാലത്തേക്ക് സംഘടന ലക്ഷ്യംവെക്കുന്ന മുഴുവന്‍ പ്രവര്‍ത്തന പദ്ധതികളും സമ്മിറ്റ് ചര്‍ച്ച ചെയ്യും.
സംസ്ഥാനത്തെ മുഴുവന്‍ ജില്ല, സോണ്‍ ഘടകങ്ങളുടെ ഭാരവാഹികള്‍ പ്രതിനിധികളായുള്ള ശില്‍പ്പശാല ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആരംഭിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മജീദ് കക്കാട്, സി പി സൈതലവി മാസ്റ്റര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
കാരന്തൂര്‍ മര്‍കസിലെ മെയിന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന സമ്മിറ്റ് ഉദ്ഘാടന സെഷനു ശേഷം ദഅ്‌വ, ക്ഷേമകാര്യം, ഓര്‍ഗനൈസിംഗ്, അഡ്മിനിസ്‌ട്രേഷന്‍, പൊതുകാര്യം എന്നീ അഞ്ച് വിഭാഗങ്ങളായി സൈതൂന്‍ വാലി, കാശ്മീര്‍ വാലി, ബുഖാരി ഹാള്‍, ലൈബ്രറി ഹാള്‍, മുത്വവ്വല്‍ ഹാള്‍ എന്നീ അഞ്ച് ഓഡിറ്റോറിയങ്ങളിലാണ് ചര്‍ച്ചയും പഠനവും നടക്കുക.
മുഴുവന്‍ ജില്ല, സോണ്‍ ഭാരവാഹികളും കൃത്യസമയത്ത് മര്‍ക്കസ് മെയിന്‍ ബില്‍ഡിംഗിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജറല്‍ സെക്രട്ടറി മജീദ് കക്കാട് അറിയിച്ചു.

Latest