Connect with us

Articles

സോമാലിയ ഗുലുമാല്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്..

Published

|

Last Updated

വൈകുന്നേരമായാല്‍ ഗൗരവാനന്ദന്‍ ടെലിവിഷന്റെ മുമ്പിലെത്തും. സീരിയലാണ് ഇഷ്ട വിഭവം. ആറ് മുതല്‍ പത്ത് മണി വരെ ചാനലുകള്‍ മാറ്റിയും മറിച്ചും. നാല് മണിക്കൂറ് കൊണ്ട് എട്ട് സീരിയലുകള്‍ ഗൗരവാനന്ദന്റെ കണ്ണിലൂടെയും കാതിലൂടെയും കടന്നു പോയിട്ടുണ്ടാകും. കണ്ണും കരളും നിറഞ്ഞ സന്തോഷത്തോടെ ചപ്പാത്തി കഴിച്ച് കട്ടിലിലേക്ക്. ഇതായിരുന്നു പതിവ്. തിരഞ്ഞെടുപ്പായതോടെ എല്ലാം തെറ്റി. സീരിയലിനോട് താത്പര്യമില്ലാതായി.
രാവിലെ നടത്തമാണ്. വഴിയിലെങ്ങും ഫഌക്‌സുകള്‍, നോട്ടീസുകള്‍. എല്‍ ഡി എഫ് വരും, എല്ലാം ശരിയാവും, ഒരു വട്ടം കൂടി യു ഡി എഫ് സര്‍ക്കാര്‍, വഴിമുട്ടിയ കേരളത്തിന് വഴി കാട്ടാന്‍ ബി ജെ പി… കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍. പിറ്റേ ദിവസം അതൊക്കെ കാണേണ്ടത് തന്നെ. തലയില്ല, കാലില്ല, വാലില്ല, ചിരിയില്ല, വട്ടങ്ങള്‍ മാത്രം. ഒന്നല്ല, ഒരഞ്ചാറ് വട്ടം. സൊമാലിയ പരുവത്തില്‍. ബോര്‍ഡുകള്‍ നോക്കുന്ന വോട്ടര്‍ വഴി മുട്ടിയ നിലയിലാണ്. അപ്പുറത്തെ വാക്കുകള്‍ കാണാനില്ല. വെട്ടിമാറ്റിയിരിക്കുന്നു. പുതിയ ബോര്‍ഡുകള്‍ കാണുമ്പോള്‍ കണക്ക് കൂട്ടാം, നാളെ ഇതൊക്കെ ആരെല്ലാമോ ശരിയാക്കും!
വീട്ടിലെത്തിയാല്‍ ടെലിവിഷന്റെ മുമ്പിലാണ്. ഫഌഷ് ന്യൂസുകള്‍, ബ്രേക്കിംഗ് ന്യൂസുകള്‍, ബ്രേക്കില്ലാ ന്യൂസുകള്‍…. പിന്നെ ചര്‍ച്ചയായി. നീളന്‍ നാക്കുമായി ചര്‍ച്ചയില്‍ ഡോക്ടറേറ്റെടുത്തവര്‍. ആരും വിട്ടുകൊടുക്കുന്നില്ല. ഇനി എന്ത് ചെയ്യും?
അപ്പോള്‍ അവതാരം ഇങ്ങനെ: നമുക്കൊരു ബ്രേക്കിലേക്ക് ഉടന്‍ പോകേണ്ടതുണ്ട്. ഗൗരവാന്ദന്‍ അയല്‍ ചാനലിലേക്ക്. അവിടെ ചര്‍ച്ച തകര്‍ക്കുകയാണ്. അമിട്ടുകളും പൂക്കുറ്റികളും വേണ്ടുവോളം. വിഷയങ്ങള്‍ക്ക് പഞ്ഞമില്ല. നേതാക്കളുടെ നാക്ക് വളയുന്ന കാലത്തോളം ചാനലുകാരുടെ കഞ്ഞികുടി മുട്ടില്ല. കായല്‍, ഭൂമി ഇടപാട്, സരിത, ലാവ്‌ലിന്‍, പാര്‍ട്ടി വിരുദ്ധ മനോഭാവം, കൊന്ന് കുഴിച്ചുമൂടിയ വിഷയങ്ങള്‍…
ഒന്നും കിട്ടാതെ ചാനലുകാര്‍ പെരുമ്പാവൂരിലെ പൊലീസുകാരെ പോലെ ഇരുട്ടില്‍ തപ്പുമ്പോഴാണ് മോദിയുടെ സൊമാലിയ വന്നു കയറിയത്. അച്ചാറും ഉപ്പേരിയും പച്ചടിയും സാമ്പാറും കാളനും സൊമാലിയ. മൂന്ന് ദിവസം മൃഷ്ടാന്ന ചര്‍ച്ച. വഴിമുട്ടിയ ചാനലുകള്‍ക്ക് വഴികാട്ടാന്‍ ബി ജെ പി! ഗുണ്ടാ ആക്രമണം ഉണ്ടെന്ന് കരുതി ഉഗാണ്ട എന്നൊന്നും പറഞ്ഞു കളയല്ലേജീ…
എല്ലാം ഒരു വക ശരിയായി വരുമ്പോഴാണ് അമ്മയില്‍ വിവാദം. സിനിമക്കാരാണ് പോര് തുടങ്ങിയത്. പത്തനാപുരത്ത് ലാല്‍ പോയത് ശരിയോ, തെറ്റോ? സലീം കുമാര്‍ വെടി തുടങ്ങി. പിന്നാലെയെത്തി താരങ്ങളുടെ വെടിക്കെട്ടുകള്‍, ഇനി ചാനലുകളില്‍ സൂപ്പര്‍ സ്റ്റാറുകളുടെ അടിപ്പടം. മാറ്റിനി, ഫസ്റ്റ് ഷോ, സെക്കന്റ് ഷോ..
ഉച്ചയായാല്‍ ഗൗരവാനന്ദന്‍ ഫേസ് ബുക്കിലും വാട്‌സ് ആപ്പിലുമായിരിക്കും. തൊണ്ണൂറ്റി രണ്ടുള്ള നേതാവ് അക്കൗണ്ട് തുടങ്ങിയപ്പോഴാണ് ഗൗരവാനന്ദനും ഫേസ് ബുക്കില്‍ കയറിപ്പറ്റിയത്. ഇപ്പോള്‍ വിടാന്‍ തോന്നുന്നില്ല. എന്നാലും ഈയിടെയായി ചെറിയ സങ്കടത്തിലാണ്. റിസല്‍ട്ട് വന്നാല്‍ എല്ലാം തീരും. പിന്നെ ഉണങ്ങി വരണ്ട ചാനലും മസാല രഹിത ചര്‍ച്ചയും. ഉപ്പില്ലാത്ത കഞ്ഞി. അത് നാല് നേരം കുടിക്കണെമെന്ന് വെച്ചാല്‍? ശരിക്കും ബോറായിരിക്കും അപ്പോള്‍ സൊമാലിയയില്‍!
.

Latest