Connect with us

Articles

മരമില്ലാത്ത ഭൂമി ആലോചിക്കാനാകുമോ?

Published

|

Last Updated

ഐക്യരാഷ്ട്ര സംഘടന വിഭാവനം ചെയ്യുന്നത് 2020 ആകുമ്പോഴേക്കും 780 കോടി മരങ്ങള്‍ ഭൂമിയില്‍ നട്ട് സംരക്ഷിക്കണമെന്ന പദ്ധതിയാണ്. പ്രതിവര്‍ഷം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുന്നത് 1500 കോടി മരങ്ങളാണ്. ഭൂമി മരുവത്കരണത്തിന്റെ പിടിയിലാണ്. വികസന പ്രവര്‍ത്തനങ്ങളും വനനശീകരണവും വനമാനേജ്‌മെന്റിന്റെ അഭാവവും ഭൂമിയിലെ അവശേഷിക്കുന്ന മരങ്ങള്‍ക്കും കടുംവെട്ടാണ് വിധിച്ചിരിക്കുന്നത്. മരങ്ങളുടെ അഭാവം ഭൂമിയുടെ നാശം ഉറപ്പാക്കും. മരങ്ങളില്ലെങ്കില്‍ ഭൂമിയില്‍ ജീവനില്ല എന്നതാണ് ശരി. പ്രാണവായു നല്‍കുന്നതോടൊപ്പം ആഗോളവത്കരണ ആഗോള താപനത്തിനും തുടര്‍ന്നുള്ള സമുദ്രനിരപ്പിലെ ഉയര്‍ച്ചക്കും കാലാവസ്ഥാവ്യതിയാനത്തിനും കാരണമാകുന്ന അന്തരീക്ഷത്തിലെ അമിതമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് വായു മണ്ഡലത്തെ ജീവമണ്ഡലമാക്കി നിലനിര്‍ത്തുന്നത് മരങ്ങളാണ്.
ശരാശരി ഒരു കാര്‍ 26000 മൈല്‍ ഓടിയാല്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും പുറത്തുവരുന്ന കാര്‍ബണ്‍ ഡൈയോക്‌സൈഡ് വലിച്ചെടുത്ത് വായു ശുദ്ധീകരിക്കാന്‍ വെറും ഒരു ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ക്ക് കഴിയും. മരങ്ങള്‍ മാരകമായ മലിനവായുവിലെ നൈട്രജന്റെ ഓക്‌സൈഡുകള്‍, അമോണിയ, സള്‍ഫറിന്റെ ഓക്‌സൈഡുകള്‍, കാര്‍ബണിന്റെ ഓക്‌സൈഡുകള്‍, ഓസോണ്‍ തുടങ്ങിയ വിഷവാതകങ്ങള്‍ വലിച്ചെടുത്ത് വായു ശുദ്ധമാക്കുന്നതില്‍ അമൂല്യമായ പങ്കാണ് വഹിക്കുന്നത്. വായു പടലത്തിലെ പൊടിപടലങ്ങള്‍ അരിച്ചെടുക്കാന്‍ മരങ്ങളുടെ ഇലകളും തൊലിയും സഹായിക്കുന്നു. മരങ്ങളുടെ ഇലകള്‍ പൊടിപടലങ്ങള്‍ക്ക് പറ്റിപ്പിടിച്ചിരിക്കാന്‍ ഇടം നല്‍കുന്നു.
ഭൂമിയിലെ ജീവനും മരങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഭൂമിയിലെ ജൈവവൈവിധ്യ നിലനില്‍പ്പില്‍ മരങ്ങളുടെ പങ്ക് അവര്‍ണനീയമാണ്. വനങ്ങള്‍ വന്യമൃഗങ്ങളെ ആവാസവ്യവസ്ഥ നല്‍കി സംരക്ഷിക്കുകയും മഴവെള്ളത്തെ മണ്ണിലൂടെ ഭൂമിക്കിടയിലെ ഭൂഗര്‍ഭജല സ്രോതസ്സുകളില്‍ എത്തിക്കുകയും കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുകയും ചെയ്യുന്നു. ഭൂമിയിലെ അസംഖ്യം ജനസമൂഹങ്ങള്‍ക്ക് ആഹാരവും ജീവിതവും ഭക്ഷണവും വ്യവസായ വാണിജ്യ ഉത്പന്നങ്ങളും നല്‍കുന്നത് മരങ്ങളാണ്. നാരുകള്‍, റെസിനുകള്‍, നിറങ്ങള്‍, പശ, തേന്‍ തുടങ്ങി എണ്ണമറ്റ ഉത്പന്നങ്ങളാണ് വനങ്ങള്‍ നമുക്ക് നല്‍കുന്നത്.
മരങ്ങള്‍ തണല്‍ നല്‍കുന്നതോടൊപ്പം പേപ്പര്‍ നിര്‍മാണത്തിനും ഫര്‍ണീച്ചര്‍ നിര്‍മാണത്തിനും വീട് നിര്‍മാണത്തിനും വേണ്ട തടി ഉത്പന്നങ്ങള്‍ നല്‍കുന്നതിനും ഉപകാരപ്രദമാണ്. ചൂട് വര്‍ധിക്കുന്നത് തടയുന്നത് മരങ്ങളാണ്. അവയില്‍ നിന്ന് ട്രാന്‍സ്പിരേഷന്‍ എന്ന പ്രതിഭാസം വഴി പുറത്തുവരുന്ന ഈര്‍പ്പം പ്രാദേശിക കാലാവസ്ഥയിലെ താപ ഉയര്‍ച്ച ഫലപ്രദമായി തടയുന്നു. വളര്‍ച്ച തടയുന്നതോടൊപ്പം പ്രളയ തീക്ഷ്ണത കുറക്കുന്നതിനും മരങ്ങള്‍ പങ്ക് വഹിക്കുന്നു. ഒരു പ്രദേശത്തെ കാലാവസ്ഥാ നിയന്ത്രണത്തില്‍ മരങ്ങള്‍ ബഫര്‍സോണ്‍ പോലെയാണ് പ്രവൃത്തിക്കുന്നത്. ചൂടും തണുപ്പും ക്രമാതീതമായി ഉയരുന്നതും താഴുന്നതും നിയന്ത്രിക്കാന്‍ മരങ്ങള്‍ക്കാകും. ലോകത്തിലെ ബഹുഭൂരിപക്ഷം പക്ഷികളുടെയും അഭയകേന്ദ്രം മരങ്ങളാണ്.
ഒരു മരം സാധാരണ ആവാസവ്യവസ്ഥ നല്‍കുന്നത് ആയിരം മറ്റു ജീവികള്‍ക്കാണ്. മരങ്ങളുടെ അടിത്തട്ടില്‍ വീഴുന്ന ഇലകളും കമ്പുകളുമാണ് ജീര്‍ണിച്ച് ഹ്യൂമസ് എന്ന ഫലപുഷ്ടിയുള്ള കൃഷിക്ക് അനുയോജ്യമായ മണ്ണായി മാറുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക, ഊര്‍ജ, ഭക്ഷ്യമേഖലകളിലെ വരുമാനത്തിലെ വലിയൊരു ഭാഗം വനങ്ങള്‍ നല്‍കുന്നതാണ്. ഒരു രാജ്യത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥക്കും ഭൂമിയെ മരുവത്കരണത്തില്‍ നിന്ന് രക്ഷിക്കുന്നതിനും കൃഷി നിലനില്‍ക്കുന്നതിനും ഭക്ഷ്യസുരക്ഷക്കും മരങ്ങള്‍ കൂടിയേ തീരൂ. അതുകൊണ്ടാണ് കഴിഞ്ഞ ഭൗമദിനാചരണത്തോടനുബന്ധിച്ച് ഭൂമിക്ക് വേണ്ടി മരങ്ങള്‍ ആപ്തമാക്കിയെടുത്തത്.
പശ്ചിമഘട്ട വനങ്ങളും തീരപ്രദേശ കണ്ടല്‍ കാടുകളും ഇടനാട്ടിലെ മരങ്ങളും ഇല്ലെങ്കില്‍ കേരളമില്ല എന്ന് നാം തിരിച്ചറിയണം. നമ്മുടെ വനപ്രദേശത്തെ ആയിരക്കണക്കിന് പാറമടകള്‍ വരുത്തിയ പരിസ്ഥിതി നാശം വന്‍പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് കേരളത്തെ നയിക്കുന്നത്. വനങ്ങള്‍ വെട്ടിവെട്ടി കേരളാതിര്‍ത്തിയിലെ തമിഴ്‌നാട്ടില്‍ നിന്നും ആഞ്ഞുവീശുന്ന ചുടുകാറ്റിനെ തടയാന്‍ നമ്മുടെ പശ്ചിമഘട്ട വനങ്ങള്‍ക്ക് പ്രാപ്തിയില്ലാത്ത അവസ്ഥയിലെത്തി നില്‍ക്കുന്നു. വനമേഖലയുടെ പ്രാധാന്യം മനസ്സിലാക്കാതെ ഹൈറേഞ്ച് കേരളത്തിന് നഷ്ടമാകുക കേരളത്തനിയാണെന്ന് ഓര്‍മ വേണം. മരങ്ങള്‍ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ നാം നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നം കാലാവസ്ഥാ വ്യതിയാനം തടയാന്‍ പറ്റാത്ത അവസ്ഥവരുമെന്നതാണ്. കൂടുതല്‍ ജനങ്ങള്‍ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടും. രോഗങ്ങള്‍ വര്‍ധിക്കുമെന്നതാണ് മറ്റൊരു പ്രശ്‌നം. നമ്മുടെ പല രോഗാണുക്കളും അവ പരത്തുന്ന കീടങ്ങളും ഇപ്പോള്‍ മരങ്ങളിലും വനങ്ങളിലും കഴിഞ്ഞുകൂടുന്നവയാണ്.
മരങ്ങളുടെ അഭാവം കീടങ്ങള്‍ക്ക് ആവാസ വ്യവസ്ഥ നഷ്ടമാകുന്ന അവസ്ഥ സൃഷ്ടിക്കും. ആയതിനാല്‍ അവ നാട്ടിലെ കൃഷിക്കും ജനങ്ങള്‍ക്കും ജന്തുക്കള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. മിക്കവാറും മനുഷ്യന്‍ കാട് നശിപ്പിച്ചു നടത്തുന്ന വികസന പദ്ധതികള്‍ പലതും സാധാരണ ഉണ്ടായേക്കാവുന്ന ജീവജാലങ്ങളുടെ വംശനാശത്തേക്കാള്‍ 1000 മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ ജീവജാലങ്ങളുടെ വംശനാശ ഭീഷണിയുടെ തോത് 10,000 മടങ്ങായി മാറുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.
നമ്മുടെ ഭൂമി ജീവിക്കാന്‍ കൊള്ളാവുന്ന ആവാസവ്യവസ്ഥയില്‍ നിന്നു മരുഭൂമി പോലെയാകുന്ന സ്ഥിതി വരാന്‍ നാളേറെ വേണ്ടെന്ന സന്ദേശമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചന്നത്. ചെടികളും മരങ്ങളും അപ്രത്യക്ഷമാകുന്നതോടെ ഭൂമുഖത്ത് നിന്ന് കുറ്റിയറ്റുപോകുന്ന രണ്ട് ജീവജാലങ്ങളുണ്ട് ഒന്ന് തേനീച്ചയും മറ്റേത് വവ്വലുകളുമാണ്. ഇവ രണ്ടും ഭക്ഷ്യസുരക്ഷയെ സാരമായി ബാധിക്കുന്ന പരാഗണമെന്ന മനുഷ്യരാശിക്ക് ലഭിക്കുന്ന വലിയ സഹായത്തെയാണ് ഇല്ലാതാക്കുന്നത്. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന ചെടികളിലെ പരാഗണം നിലയ്ക്കുന്നതോടെ ഫലങ്ങള്‍ ഉണ്ടാകുന്നത് നില്‍ക്കും. ലോകം ഇതോടെ പട്ടിണിയിലേക്ക് മൂക്ക് കുത്തും. പ്രകൃതിയുമായി ഇണങ്ങിയതും പരിസ്ഥിതി സൗഹൃദവുമായ വികസന നയങ്ങളും സ്ഥായിയായ വകസന കാഴ്ചപ്പാടുകളും ഉണ്ടെങ്കില്‍ മാത്രമേ വികസനം സുസ്ഥിരമാകൂ. അതില്ലെങ്കില്‍ ഭൂമി ഊഷരമാകുകയും മരുവത്കരിക്കപ്പെടുകയും ഭൂമിയിലെ ജീവിതം ദുസ്സഹമാകുകയും ചെയ്യും.

Latest