Connect with us

Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;തെക്കന്‍ കേരളത്തില്‍ കടലാക്രമണം രൂക്ഷം

Published

|

Last Updated

തിരുവനന്തപുരം /ആലപ്പുഴ/കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തെക്കന്‍ കേരളത്തില്‍ കനത്ത മഴയില്‍ കടലാക്രമണം രൂക്ഷമായി. തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് ഇന്നലെ കൂടുതല്‍ മഴ പെയ്തത്. കനത്തമഴയില്‍ ഇരു ജില്ലകളിലും നിരവധി വീടുകള്‍ തകര്‍ന്നു. തിരുവനന്തപുരത്ത് വലിയതുറ, ചെറിയതുറ എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. 110 ഓളം വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം. വീടുകള്‍ ഉപേക്ഷിച്ച് പ്രദേശവാസികള്‍ റോഡുകളില്‍ നില്‍ക്കുകയാണ്. എന്നാല്‍ സര്‍ക്കാറിന്റെ അഭയകേന്ദ്രങ്ങളിലേക്ക് പോകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കടല്‍ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്വന്തം വീടുകളില്‍ നിന്ന് മാറില്ലെന്നും ഇവര്‍ പറയുന്നു. കൊല്ലത്ത് നൂറോളം വീടുകളില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിത്താമസിപ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ആലപ്പുഴയില്‍ ചേര്‍ത്തല, തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളിലും കൊച്ചി ചെല്ലാനത്തും കടലാക്രമണം രൂക്ഷമായി. റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് കനത്ത മഴക്ക് കാരണമെന്നും ഇത് കാലവര്‍ഷമല്ലെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷം ജൂണ്‍ മൂന്ന് മുതലാണ് പ്രതീക്ഷിക്കുന്നത്. വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ദുരന്ത നിവാരണകേന്ദ്രം അറിയിച്ചു.
ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായി. 10 ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 40 ഓളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച വേലിയേറ്റം ശക്തമായതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ തീരം ഒഴിഞ്ഞ് പോകാന്‍ തുടങ്ങിയത്. ദുരിതബാധിതര്‍ക്കായി വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ഇവിടേക്ക് 159 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ആലപ്പുഴ പടിഞ്ഞാട്, കലവൂര്‍, അമ്പലപ്പുഴ, അമ്പലപ്പുഴ വടക്ക്, പുറക്കാട്, പറവൂര്‍, കുത്തിയതോട്, പട്ടണക്കാട്, തുറവൂര്‍ തെക്ക്, കടക്കരപ്പള്ളി, അര്‍ത്തുങ്കല്‍, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ വില്ലേജുകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. കടല്‍ഭിത്തി മറികടന്നെത്തിയ തിരമാലകള്‍ പല പ്രദേശങ്ങളിലും തീരദേശ റോഡുകള്‍ക്കും നാശമുണ്ടാക്കി. പുറക്കാട് പഞ്ചായത്തില്‍ നിരവധി വീടുകളും തകര്‍ന്നു. 20 ഓളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 16 ാം വാര്‍ഡില്‍ നീര്‍ക്കുന്നം പുതുവല്‍ ജോയ്, ജ്യോതിമോള്‍, ലീന എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പുറക്കാട് പഞ്ചായത്തില്‍ അച്ചന്‍കോയിക്കല്‍ മുതല്‍ വടക്കോട്ട് അഞ്ചാലുംകാവുവരെ 30 ഉം പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കലില്‍ മൂന്നും വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്.
ചേര്‍ത്തല ചേന്നവേലി ആയിരംതൈ, തൈക്കല്‍, ഒറ്റമശേരി, പള്ളിത്തോട് മേഖലകളിലാണ് കടല്‍വെള്ളം ഇരച്ചുകയറിയിരിക്കുന്നത്. ആലപ്പുഴയില്‍ ഇ എസ് ഐ, വാടക്കല്‍ പ്രദേശത്തെ വീടുകളിലാണ് കടല്‍വെള്ളം കയറിയത്. മാരാരിക്കുളം, കാട്ടൂര്‍, കോളജ് ജംഗ്ഷന് സമീപവും കടല്‍ക്ഷോഭമുണ്ടായിട്ടുണ്ട്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശത്ത് ശക്തമായ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകളാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത്. ആറാട്ടുപുഴ പതിനഞ്ച്, പതിനാറ് വാര്‍ഡുകളിലാണ് അതിശക്തമായി തിരമാല കരയിലേക്ക് അടിച്ചു കയറുന്നത്. കടല്‍ക്ഷോഭം രൂക്ഷമായ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പ്രദേശങ്ങള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കടല്‍ക്ഷോഭ ബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കാനുളള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ചേര്‍ത്തല പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, അന്ധകാരനഴി ബി ബി എം എല്‍ പി സ്‌കൂള്‍, പുറക്കാട് കരൂര്‍ ഗവ എല്‍ പി സ്‌കൂള്‍, വാടക്കല്‍ മാധവമെമ്മോറിയല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് തുടങ്ങിക്കഴിഞ്ഞു.
അതേ സമയം സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും മണ്ണിടിച്ചിലും മൂലമുളള കെടുതികള്‍ നേരിടാന്‍ സര്‍ക്കാര്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി റവന്യൂ വകുപ്പ് അറിയിച്ചു. മെയ് 19 വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്14 ജില്ലകളിലെയും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം , ആലപ്പുഴ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ വീതം അനുവദിച്ചു. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ രണ്ടും ചേര്‍ത്തല താലൂക്കില്‍ രണ്ടും വീതം നാലു ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 149 കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വലിയതുറയിലും അടിമലത്തുറയിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു.
അടിയന്തരഘട്ടങ്ങളില്‍ നേവി, കോസ്റ്റ്ഗാഡ്, ആര്‍മി, ഐ ടി ബി പി , എയര്‍ഫോഴ്‌സ്, ദുരന്തനിവാരണസേന എന്നിവയുടെ സഹായവും ലഭ്യമാക്കുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. സമ്പര്‍ക്ക നമ്പര്‍ 0471 -2331639 എല്ലാ ജില്ലാ കേന്ദ്രങ്ങളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെ സമ്പര്‍ക്ക നമ്പര്‍ ചുവടെ തിരുവനന്തപുരം 0471-2730045, കൊല്ലം 0474 -2794004, പത്തനംതിട്ട 0468-2322515, ആലപ്പുഴ 0477 -2238630, കോട്ടയം 0481-2562201, ഇടുക്കി 0486- 2232242, എറണാകുളം 0484-2423513, തൃശൂര്‍ 0487-2362424, പാലക്കാട് 0491-2512607, മലപ്പുറം 0483-2736320, കോഴിക്കോട് 0495-2371002, വയനാട് 04936-204151, കണ്ണൂര്‍ 0497-2713266, കാസര്‍കോട് 0499-4257700.

---- facebook comment plugin here -----

Latest