Connect with us

National

ഗൊഗൊയ്ക്ക് ഗോള്‍ഫ് കളി; സൊനോവലിന് സിനിമ കാണല്‍

Published

|

Last Updated

ഗുവാഹത്തി: തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ആകെ അങ്കലാപ്പിലാണ്. വോട്ടെടുപ്പ് കഴിഞ്ഞപാടെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതോടെ കൂടുതല്‍ ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ കഴിഞ്ഞ മാസം പോളിംഗ് അവസാനിച്ച അസാമിലെ സ്ഥിതി ഏറെ വ്യത്യസ്തമാണ്. ഒരു മാസമായി ഫലമറിയാന്‍ അക്ഷമരായി കാത്തിരുന്നവരിലേക്ക് എക്‌സിറ്റ് പോള്‍ ഫലം കാര്യമായി സ്വാധീനമുണ്ടാക്കിയില്ലെന്നാണ് മനസ്സിലാകുന്നത്.
നാലമത്തെ ടേം തുടരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന അസാം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് തായ്‌ലാന്‍ഡില്‍ ഗോള്‍ഫ് കളിക്കുമ്പോള്‍ ചരിത്രം തിരുത്തി മുഖ്യമന്ത്രിയാകുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും കേന്ദ്ര കായിക മന്ത്രിയുമായ സര്‍ബാനന്ദ സൊനോവല്‍ സിനിമ കണ്ടിരിക്കുകയാണ്. എക്‌സിറ്റ് പോളുകളുടെ പ്രവചനത്തില്‍ ഗൊഗോയ് തന്റെ മുഖത്തെ നിരാശ അത്മവിശ്വാസം പ്രകടിപ്പിച്ച് മായ്ക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രമന്ത്രിയുടെ ഉത്തരവാദിത്വം കാണിച്ച് സൊനോവല്‍ ആഹ്ലാദം പ്രകടിപ്പിക്കാതിരിക്കാനും ശ്രമിക്കുന്നുണ്ട്.
രണ്ട് ഘട്ടങ്ങളിലായി നടന്ന അസാമിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസം 11ന് പൂര്‍ത്തിയായിരുന്നു. മുമ്പൊന്നുമില്ലാത്ത വിധം ശക്തമായ പോരാട്ടം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ബി ജെ പിയും ബദ്‌റുദ്ദീന്‍ അജ്മലിന്റെ എ ഐ യു ഡി എഫും പ്രചാരണ രംഗത്ത് സജീവമായിരുന്നു. പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ അടിപതറുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പെ പ്രവചിക്കപ്പെട്ടിരുന്നു. ഇത് പ്രചാരണ രംഗത്ത് ബി ജെ പിക്ക് ഊര്‍ജം നല്‍കി. എന്നാല്‍, ബി ജെ പിയുടെ അക്രമ, വര്‍ഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ചൂടേറിയ പ്രചാരണം കാഴ്ചവെച്ചു. കോണ്‍ഗ്രസിന് കാര്യമായി എതിരാളികളുണ്ടായ തിരഞ്ഞെടുപ്പ് കാലമായിരുന്നു ഇത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പല നേതാക്കന്മാരും പാര്‍ട്ടി പ്രവര്‍ത്തകരും ഒരു മാസക്കാലത്തേക്ക് വിശ്രമത്തിലായിരുന്നു. ഇന്നലെ മുതല്‍ തങ്ങളുടെ തട്ടകത്തിലേക്ക് തിരിച്ചെത്തി ഫലം അറിയാന്‍ കാത്തിരിക്കുകയാണ് ഇവരിപ്പോള്‍.
80കാരനായ ഗൊഗൊയ്‌യും കുടുംബവും ആഴ്ചകള്‍ നീണ്ട തായ്‌ലാന്‍ഡ് ട്രിപ്പിലായിരുന്നു. എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്നും ഒരിക്കല്‍ കൂടി ജനം തന്നെ തിരഞ്ഞെടുക്കുമെന്നും ഗൊഗൊയ് ഉറച്ച് വിശ്വസിക്കുന്നു. മുഖ്യമന്ത്രിയാകാന്‍ ഗൊഗൊയിയെ പ്രായം അനുവദിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഗൊഗൊയ് ആഞ്ഞടിച്ചു. രാഷ്ട്രീയ പരമായി താന്‍ ഊര്‍ജസ്വലനാണെന്നും മോദിക്കാണ് പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാനുള്ള യോഗ്യതയില്ലാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പാട്ട്യാലയിലെ ദേശീയ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒളിംബിക്‌സുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്ന സൊനോവലിന് ബി ജെ പി ഭരണത്തിലെത്തുമെന്നതില്‍ സംശയമൊന്നുമില്ല. മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന് അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest