Connect with us

Alappuzha

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബി ഡി ജെ എസിന് നിര്‍ണായകം

Published

|

Last Updated

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരുമ്പോള്‍ ഇത് ഏറ്റവും നിര്‍ണായകമാകുന്നത് ബി ജെ പിയുടെ പുതിയ സഖ്യകക്ഷിയായ ബി ഡി ജെ എസിനാണ്. എസ് എന്‍ ഡി പി യോഗം നേതൃത്വത്തില്‍ ഏതാനും മാസം മുമ്പ് രൂപം കൊണ്ട ഭാരതീയ ധര്‍മജനസേന (ബി ഡി ജെ എസ്)ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കേരള രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്തേക്ക് തള്ളപ്പെടുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. ബി ഡി ജെ എസിന്റെ സാന്നിധ്യം മൂലം ബി ജെ പിക്കും നേട്ടം കൊയ്യാനായില്ലെങ്കില്‍ ദേശീയ നേതൃത്വത്തിന് മുന്നിലും വെള്ളാപ്പള്ളി നടേശനും മകനും എടുക്കാ ചരക്കാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട എസ് എന്‍ ഡി പി യോഗം അന്ന് പിടിച്ചുനിന്നത് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചിരുന്നില്ലെന്ന ന്യായം പറഞ്ഞാണ്. ഈ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും ന്യായീകരണം നടത്തി രക്ഷപ്പെടാന്‍ എസ് എന്‍ ഡി പി യോഗ നേതൃത്വത്തിനും ബി ഡി ജെ എസിനും കഴിയില്ല. അതേ സമയം, ബി ജെ പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുകയോ ഏതെങ്കിലും മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ സാധിക്കുകയോ ചെയ്താല്‍ അത് തങ്ങളുടെ വിജയമായി ഉയര്‍ത്തിക്കാട്ടി ബി ജെ പി ദേശീയ നേതൃത്വത്തോട് വിലപേശാമെന്ന് അച്ചനും മകനും കണക്കുകൂട്ടുന്നു. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചും ബി ജെ പി ദേശീയ നേതൃത്വം വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയെ എന്‍ ഡി എ ഘടകകക്ഷിയാക്കിയത് തന്നെ എങ്ങിനെയും കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ്.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെള്ളാപ്പള്ളിക്ക് ഹെലികോപ്ടറും ബി ജെ പി നല്‍കിയിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയോടുള്ള ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ അമിതമായ വിധേയത്വത്തോട് സംസ്ഥാന നേതൃത്വത്തിന് ഒട്ടും യോജിപ്പില്ലായിരുന്നു. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റും പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റക്കക്ഷിയെന്ന നിലയില്‍ പാര്‍ട്ടിയുടെ ജനാഭിമുഖ്യം വര്‍ധിപ്പിക്കുകയെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി, എങ്ങനെയും നിയമസഭയില്‍ കടന്നുകൂടുകയെന്ന കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ബി ഡി ജെ എസുമായി സഖ്യമുണ്ടാക്കിയതും പരമാവധി ആനുകൂല്യങ്ങള്‍ നല്‍കി വെള്ളാപ്പള്ളിയെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചതും. എന്നാല്‍ പരമ്പരാഗത മുന്നണികളെ കൈവിടാതെ തന്നെ എന്‍ ഡി എയുമായി സഹകരിക്കാനുള്ള തന്ത്രമാണ് വെള്ളാപ്പള്ളി ഈ തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ചിട്ടുള്ളത്. എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി എന്ന നിലയില്‍ സമുദായ സംഘടനവുമായി ബന്ധമുള്ള തന്റെ അടുത്ത അനുയായികളില്‍ പെട്ടവര്‍ക്ക് മുന്നണികളുമായി വിലപേശി സ്ഥാനാര്‍ഥിഥത്വം ഉറപ്പാക്കിയ വെള്ളാപ്പള്ളി, ചില മണ്ഡലങ്ങളിലെങ്കിലും മുന്നണി സ്ഥാനാര്‍ഥികളെ സഹായിക്കുന്ന നിലപാടും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ബി ജെ പി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് പക്ഷെ, കേന്ദ്രനേതൃത്വത്തെ അറിയിക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ബി ജെ പിക്കുണ്ടാകുന്ന ഏത് മുന്നേറ്റവും ബി ഡി ജെ എസിന്റെ സാന്നിധ്യം കൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വെള്ളാപ്പള്ളിക്കും മകനും സാധിക്കും. വെള്ളാപ്പള്ളിയുടെ സ്വന്തം തട്ടകത്തില്‍ പോലും അദ്ദേഹം ബി ജെ പി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിട്ടില്ലെന്ന ആക്ഷേപം പാര്‍ട്ടിക്കുണ്ട്.സ്വന്തം ജില്ലയിലെ പല മണ്ഡലങ്ങളിലും ഇടതു, വലതു മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രചാരണം നടത്താനോ എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി സ്വന്തം അനുയായികളോട് പോലും വോട്ട് ചോദിക്കാനോ വെള്ളാപ്പള്ളി തയ്യാറായിട്ടില്ല. അതേസമയം, ബി ഡി ജെ എസ് സ്ഥാനാര്‍ഥിയായ തന്റെ ഏറ്റവുമടുത്ത വിശ്വസ്തന് വേണ്ടി വോട്ട് ചോദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലും എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ ബി ഡി ജെ എസ് സ്ഥാനാര്‍ഥി സുഭാഷ് വാസു പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറി എന്നതിലുപരി വെള്ളാപ്പള്ളിയുടെ ഏറ്റവുമടുത്ത വിശ്വസ്തന്‍ കൂടിയാണ്.എന്നാല്‍ ബി ജെ പി ദേശീയ നിര്‍വാഹകസമിതിയംഗം കൂടിയായ അഡ്വ ശ്രീധരന്‍പിള്ളയുടെ വിജയത്തിനായി ചെങ്ങന്നൂരില്‍ കാര്യമായ പ്രചാരണം നടത്താന്‍ വെള്ളാപ്പള്ളി തയ്യാറായില്ലെന്ന് ബി ജെ പിക്കുള്ളില്‍ മുറുമുറുപ്പുണ്ട്. ജില്ലയില്‍ ബി ജെ പിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. ബി ഡി ജെ എസിന് പ്രതീക്ഷയുള്ള മണ്ഡലമാണ് കുട്ടനാട്.
രണ്ടിടത്തും രണ്ടാം സ്ഥാനത്തെങ്കിലും എന്‍ ഡി എക്ക് എത്താന്‍ കഴിഞ്ഞാല്‍ പോലും അത് ബി ഡി ജെ എസിന്റെ വിജയമായിട്ടായിരിക്കും പരിഗണിക്കപ്പെടുകയെന്ന ആശങ്കയിലാണ് ബി ജെ പി നേതൃത്വം. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച ബി ജെ പിക്ക് ജില്ലയില്‍ 41,296 വോട്ടാണ് ലഭിച്ചത്.ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇത് ഇരട്ടിയോളമായി.71,095 വോട്ട് ലോകസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചു.തുടര്‍ന്ന് വന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ജില്ലയില്‍ ഒരു പഞ്ചായത്ത് ഭരണം തന്നെ ബി ജെ പിക്ക് ലഭിച്ചു.ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട തിരുവന്‍വണ്ടൂരില്‍ ബി ജെ പിയാണ് ഭരിക്കുന്നത്.
ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 113 സീറ്റും ബ്ലോക്ക്പഞ്ചായത്തില്‍ ഒരു സീറ്റും നഗരസഭകളില്‍ 23 സീറ്റുമടക്കം 137 സീറ്റുകള്‍ നിലവില്‍ ബി ജെ പിക്കുണ്ട്. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പ്, 2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവയില്‍ ബി ജെ പി സഖ്യത്തിന് ലഭിച്ച വോട്ടില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്ന് തന്നെയാണ് എന്‍ ഡി എ സഖ്യം വിലയിരുത്തുന്നത്.എന്നാല്‍ ഇതില്‍ ബി ഡി ജെ എസിന്റെ പങ്ക് എത്രമാത്രമുണ്ടാകുമെന്നാണ് ബി ജെ പിയും ഇതര മുന്നണികളും ഉറ്റുനോക്കുന്നത്.

Latest