Connect with us

Editorial

ആത്മപരിശോധന നടത്തണം

Published

|

Last Updated

സംസ്ഥാന നിയമസഭയിലേക്ക് നടന്ന 14ാം തിരഞ്ഞടുപ്പില്‍ ഇടത് ജനാധിപത്യ മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടിയിരിക്കുന്നു. 140 മണ്ഡലങ്ങളില്‍ 91 എണ്ണം എല്‍ ഡി എഫ് നേടിയപ്പോള്‍ യു ഡി എഫ് 47ല്‍ ഒതുങ്ങി. കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളാണ് എല്‍ ഡി എഫിന്റെ അഭിമാനാര്‍ഹമായ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത്. തൃശൂരിലെ പതിമൂന്നും കൊല്ലത്തെ പതിനൊന്നും സീറ്റുകള്‍ ഒന്നടങ്കം ഇടതു മുന്നണി തൂത്തുവാരിയപ്പോള്‍ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബഹുഭൂരിപക്ഷവും അവര്‍ കൈപ്പിടിയിലൊതുക്കി. മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളാണ് കനത്ത തകര്‍ച്ചയില്‍ നിന്ന് യു ഡി എഫിനെ രക്ഷിച്ചത്.
സംസ്ഥാനത്ത് ബി ജെ പി അക്കൗണ്ട് തുറന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വശം. തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ നിന്ന് ഒ രാജഗോപാലാണ് ചരിത്രത്തിലാദ്യമായി ബി ജെ പി പ്രതിനിധിയായി സംസ്ഥാന നിയമസഭയിലെത്തുന്നത്. ആറ് മണ്ഡലങ്ങളില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുമുണ്ട്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചു സംസ്ഥാനത്ത് പാര്‍ട്ടി നടത്തിയ ചില നീക്കങ്ങളുടെയും കേന്ദ്രത്തിലെ ഭരണസ്വാധീനം വിനിയോഗിച്ചു നടത്തിയ കാടിളക്കിയ പ്രചാരണത്തിന്റെയും ഫലമാണ് ഈ കന്നി വിജയം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തുടങ്ങി പാര്‍ട്ടി ദേശീയ നേതൃത്വത്തിലെ ഒട്ടേറെ പ്രമുഖര്‍ സംസ്ഥാനത്ത് ഉടനീളം പ്രചാരണത്തിന് എത്തിയിരുന്നു. എന്നിട്ടും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. ഏഴ് സീറ്റുകളില്‍ വിജയം അവകാശപ്പെട്ട പാര്‍ട്ടി മൂന്ന് സീറ്റിലെങ്കിലും വിജയം ഉറപ്പിച്ചതായിരുന്നു.
പൂഞ്ഞാര്‍ സീറ്റിലെ പി സി ജോര്‍ജിന്റെ വിജയമാണ് ശ്രദ്ധേയമായ മറ്റൊന്ന്. ഇടതുമുന്നണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് യു ഡി എഫ് വിട്ട അദ്ദേഹത്തെ സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ എല്‍ ഡി എഫ് കൈയൊഴിച്ചിട്ടും ഇരുപത്തിയേഴായിരത്തിലേറെ വോട്ടിന് അദ്ദേഹം വിജയിച്ചത് രാഷ്ട്രീയ കേരളത്തില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്. ഇരുമുന്നണികളില്‍ നിന്നും നല്ലൊരു വിഭാഗം വോട്ടുകള്‍ ജോര്‍ജിന് ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ മികവാര്‍ന്ന ഭൂരിപക്ഷം വ്യക്തമാക്കുന്നത്. 1957 ന് ശേഷം ആര്‍ എസ് പിക്ക് ഇതാദ്യമായി നിയമസഭയില്‍ സാന്നിധ്യം ഇല്ലാതായെന്നതാണ് മറ്റൊരു പ്രത്യേകത. വിശേഷിച്ചും കൊല്ലം ജില്ലയില്‍ ആര്‍ എസ് പിയെ മാറ്റി നിര്‍ത്തി ഒരു തിരഞ്ഞെടുപ്പ് ചരിത്രമുണ്ടായിരുന്നില്ല. ഇത്തവണ കൊല്ലവും പാര്‍ട്ടിയെ കൈയൊഴിഞ്ഞു. സിറ്റിംഗ് സീറ്റുകളായ ചവറ, ഇരവിപുരം, കുന്നത്തൂര്‍ എന്നിവക്ക് പുറമെ തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഒന്ന് പോലും കൈവരിക്കാനായില്ല. തൊഴില്‍ മന്ത്രിയും ബേബി ജോണിന്റെ മകനുമായ ഷിബു ബേബിജോണിന്റെ തോല്‍വി പാര്‍ട്ടിക്ക് കടുത്ത ക്ഷീണമായി.
യു ഡി എഫിന്റെ തകര്‍ച്ച അപ്രതീക്ഷിതമല്ല. ഇത്തവണ കേരളം ചുവക്കുമെന്ന് മുഴുവന്‍ അഭിപ്രായ സര്‍വേകളും പ്രവചിച്ചതാണ്. സോളാര്‍ തട്ടിപ്പ്, ബാര്‍ കോഴ, സര്‍ക്കാര്‍ ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് തീറെഴുതല്‍ തുടങ്ങി ഭരണതലത്തിലെ നിരന്തരമായ അഴിമതി സര്‍ക്കാറിനെതിരെ കടുത്ത ജനവികാരം സൃഷ്ടിച്ചിരുന്നു. മന്ത്രിസഭയിലെ പല പ്രമുഖരെയും സംശയത്തിന്റെ നിഴലിലാക്കിയ ഈ ആരോപണങ്ങളെക്കുറിച്ചു നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തുന്നതിന് പകരം ആരോപണവിധേയരെ രക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനായി വിജിലന്‍സിന്റെ തലപ്പത്തുള്ളവരെ പോലും സ്വാധീനിക്കാനുള്ള ശ്രമമുണ്ടായി. അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ഭരണതലത്തില്‍ നിന്ന് നിരന്തര പീഡനവും ഏല്‍ക്കേണ്ടി വന്നു. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ദോഷം ചെയ്യുമെന്ന് മനസ്സിലാക്കി ആരോപണ വിധേയരായ ജനപ്രതിനിധികളെ ഇത്തവണ മത്സരിപ്പിക്കരുതെന്ന കെ പി സി സി പ്രസിഡന്റിന്റെ സോദ്ദേശ്യപരമായ നിര്‍ദേശത്തെ പോലും മുഖ്യമന്ത്രി അവഗണിക്കുകയാണുണ്ടായത്.
ലീഗിന്റെ സുനിശ്ചിത വോട്ടുകള്‍ ഒഴിച്ചു സംസ്ഥാനത്തെ മുസ്‌ലിം വോട്ടുകളും മറ്റു മതന്യൂനക്ഷ വോട്ടുകളിലെ ഗണ്യഭാവവും ഇടത് പക്ഷത്തേക്കാണ് ഇത്തവണ ഒഴുകിയത്. യു ഡി എഫിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനത്തിനും ബി ജെ പിക്ക് മാന്യത നല്‍കുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനകള്‍ക്കും ഈ സ്ഥിതി വിശേഷത്തിന് പ്രധാന പങ്കുണ്ട്. യു ഡി എഫും ബി ജെ പിയും തമ്മിലാണ് തിരഞ്ഞെടുപ്പില്‍ മുഖ്യപോരാട്ടമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന മതേതര, ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഉണ്ടാക്കിയ ആശങ്കയും പ്രതിഷേധവും കുറച്ചൊന്നുമല്ല. സി പി എമ്മിനെ ചെറുതായിക്കാണിക്കുകയാണ് അദ്ദേഹം ലക്ഷ്യമാക്കിയതെങ്കിലും അത് ബി ജെ പിക്ക് അര്‍ഹിക്കാത്ത പ്രാധാന്യമുണ്ടാക്കിക്കൊടുത്തു. ചില മണ്ഡലങ്ങളില്‍ ബി ജെ പി നേടിയ മുന്നേറ്റത്തില്‍ ഇത് പ്രതിഫലിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. അറബിക് സര്‍വകലാശാല വിഷയത്തിലുള്‍പ്പെടെ മതന്യൂനപക്ഷങ്ങള്‍ക്ക് ഉപകാര പ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ഉദാസീനതയും യു ഡി എഫിനെ പ്രതികുലമായി ബാധിച്ചിട്ടുണ്ട്. യു ഡി എഫ് നേതൃപദവി വഹിക്കുന്ന കോണ്‍ഗ്രസിനാണ് കൂടുതല്‍ ക്ഷീണമുണ്ടാക്കിയതെന്ന വസ്തുത പാര്‍ട്ടി നേതൃത്തില്‍ ആത്മപരിശോധനക്ക് അവസരമൊരുക്കേണ്ടതാണ്.