Connect with us

Kerala

സുധീരന്റെ കരിമ്പട്ടികയില്‍ നിന്ന് കരകയറിയത് രണ്ട് പേര്‍ മാത്രം

Published

|

Last Updated

കൊച്ചി: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ഉമ്മന്‍ ചാണ്ടി പിടിച്ച പിടിയില്‍ സ്ഥാനാര്‍ഥികളാക്കിയ അഞ്ച് യു ഡി എഫ് സ്ഥാനാര്‍ഥികളില്‍ രണ്ട് പേര്‍ പരാജയപ്പെട്ടപ്പോള്‍ രണ്ട് പേര്‍ പ്രതികൂല തരംഗത്തെ അതിജീവിച്ച് വിജയം നേടി. മന്ത്രിമാരായ കെ ബാബു, അടൂര്‍ പ്രകാശ്, കെ സി ജോസഫ് എന്നിവരും ഡൊമിനിക് പ്രസന്റേഷനുമാണ് സുധീരന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ സ്ഥാനാര്‍ഥികളായത്. കെ ബാബു 4467 വോട്ടിനും ഡൊമിനിക് പ്രസന്റേഷന്‍ 1086 വോട്ടിനും പരാജയപ്പെട്ടപ്പോള്‍ അടൂര്‍ പ്രകാശ് 20,748 വോട്ടിന്റെയും കെ സി ജോസഫ് 9647 വോട്ടിന്റെയും ഭൂരിപക്ഷ ത്തില്‍ വിജയിച്ചു.

ബാര്‍ കോഴ ആരോപണത്തിന് വിധേയനായ കെ ബാബുവിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ശക്തമായ നിലപാടാണ് സുധീരന്‍ സ്വീകരിച്ചത്. പക്ഷേ, ബാബുവിന് സീറ്റില്ലെങ്കില്‍ താനും മത്സരിക്കുന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ കടുത്ത നിലപാടിന് മുന്നില്‍ സുധീരന് കീഴടങ്ങേണ്ടിവന്നു. പാര്‍ട്ടി തീരുമാനിച്ചാല്‍ മാറി നില്‍ക്കാമെന്ന് ബാബു തന്നെ നിലപാട് എടുത്തെങ്കിലും ബാബു മത്സരിക്കണമെന്നത് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യമായിരുന്നു. പിന്നീട് തൃപ്പൂണിത്തുറയില്‍ ബാബുവിന് വേണ്ടി സുധീരന്‍ വോട്ട് അഭ്യര്‍ഥിച്ചെങ്കിലും ബാബു കടുത്ത മത്സരത്തിനൊടുവില്‍ പരാജയപ്പെട്ടു. സുധീരന്‍ ഉയര്‍ത്തിയ എതിര്‍പ്പ് ഇടതുപക്ഷവും ബി ജെ പിയും കെ ബാബുവിനെതിരെ പ്രചാരണായുധമാക്കുകയും ചെയ്തു.

കൊച്ചിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഡൊമനിക് പ്രസന്റേഷനായിരുന്നു സുധീരന്റെ എതിര്‍പ്പ് നേരിട്ട മറ്റൊരു നേതാവ്. പ്രാദേശികമായി നേരിട്ട കടുത്ത എതിര്‍പ്പുകളും മറികടന്നാണ് ഡൊമിനിക്കിനെ യു ഡി എഫ് സ്ഥാനാര്‍ഥിയാക്കിയത്. ഡൊമിനിക്കിന്റെ സ്ഥാനാര്‍ഥിത്വത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയതോടെ ഇവിടെ കോണ്‍ഗ്രസ് വിമതന്‍ രംഗത്തുവന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശക്തനല്ലാതിരുന്നിട്ടു പോലും ഡൊമിനിക് പരാജയം നേരിട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കണക്കുകൂട്ടല്‍ തെറ്റി.

തന്റെ പിടിവാശിയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച അടൂര്‍ പ്രകാശ് കോന്നിയിലും കെ സി ജോസഫ് ഇരിക്കൂരിലും വലിയ വിജയം നേടിയത് ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം പകര്‍ന്നു. കോന്നിയില്‍ അടൂര്‍ പ്രകാശിനുള്ള സ്വാധീനം ഗ്രൂപ്പുകള്‍ക്കതീതമാണ്. ഐ ഗ്രൂപ്പുകാരനായിട്ടും അടൂര്‍ പ്രകാശിനെ സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായി. ഇത് വോട്ടിംഗിലും പ്രതിഫലിച്ചു. തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസിന്റെ പിന്തുണ നേടിയ അടൂര്‍ പ്രകാശിനെ അദ്ദേഹത്തിന്റെ വിപുലമായ വ്യക്തിബന്ധങ്ങളും തുണച്ചു. ഇരിക്കൂരില്‍ കെ സി ജോസഫിനെതിരെ പ്രാദേശിക വികാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലിയ ശ്രമം ഇടതുപക്ഷം നടത്തിയെങ്കിലും മണ്ഡലത്തിലെ യു ഡി എഫ് അടിത്തറക്ക് ഇളക്കമുണ്ടാക്കാന്‍ ഈ പ്രചാരണത്തിന് കഴിഞ്ഞില്ല.

സുധീരന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അവസാന നിമിഷം ഹൈക്കമാന്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബഹന്നാന് പകരം തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായ പി ടി തോമസ് വമ്പന്‍ വിജയത്തിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ കാത്തു. 11,996 വോട്ടിനാണ് എല്‍ ഡി എഫിലെ അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ പി ടി തോമസ് പരാജയപ്പെടുത്തിയത്. ബെന്നി ബഹന്നാനെ മാറ്റി പി ടി തോമസിനെ സ്ഥാനാര്‍ഥിയാക്കിയത് തൃക്കാക്കരയില്‍ അടിയൊഴുക്കുകള്‍ക്കിടയാക്കുമെന്നും കാലുവാരല്‍ നടക്കുമെന്നും വിശ്വസിച്ചവരുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം. തൃക്കാക്കരയില്‍ പ്രചാരണം തുടങ്ങിയ ശേഷമാണ് അപ്രതീക്ഷിതമായി ബെന്നി ബഹന്നാന്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് പുറത്തായത്.

---- facebook comment plugin here -----

Latest