Connect with us

Kerala

കൊടുവള്ളിയില്‍ വീണ്ടും കാലിടറി മുസ്‌ലിം ലീഗ്

Published

|

Last Updated

കോഴിക്കോട്:കൊടുവള്ളിയില്‍ വീണ്ടും അടിപതറി മുസ്‌ലിം ലീഗ്. ജില്ലയില്‍ മുസ്‌ലിം ലീഗിന്റെ ഉറച്ച സീറ്റുകളില്‍ ഒന്നായ കൊടുവള്ളിയിലാണ് 2006ന് ശേഷം ലീഗ് വീണ്ടും തകര്‍ന്നടിഞ്ഞത്. 537 വോട്ടുകള്‍ക്കാണ് ലീഗിനെ വെല്ലുവിളിച്ച് ഇടതു പക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട് റസാഖ് വിജയിച്ചത്. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്ററെയാണ് കാരാട്ട് അടിയറവ് പറയിപ്പിച്ചത്. ഭൂരിപക്ഷം കുറവാണെങ്കിലും റസാഖിന്റെ പത്തരമാറ്റ് വിജയം അക്ഷരാര്‍ഥത്തില്‍ ലീഗിന് മുഖത്തേറ്റ അടിയായി വിലയിരുത്തുന്നു. വോട്ടെണ്ണലിന്റെ ആദ്യം മുതല്‍ നേരിയ വോട്ടുകള്‍ക്കാണെങ്കിലും അവസാനം വരെ കാരാട്ട് റസാഖ് ലീഡ് വിടാതെ പിടിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ ഉറച്ച മണ്ഡലമായി ലീഗ് കരുതി വന്ന കൊടുവള്ളിയിലെ തോല്‍വി ഇപ്പോഴും നേതൃത്വത്തിനും അണികള്‍ക്കും വിശ്വസിക്കാനാവാത്ത സ്ഥിതിയാണ്. മണ്ഡലത്തിലെ നിര്‍ണായകമായ സുന്നി വിഭാഗത്തിന്റെ വോട്ടുകളാണ് വിധി നിര്‍ണയത്തില്‍ പ്രതിഫലിച്ചത്. ചേളാരി വിഭാഗത്തിന്റെ വക്താവും സജീവ സാന്നിധ്യവുമായിരുന്നു റസാഖ് മാസ്റ്റര്‍. ജില്ലയിലെ ലീഗിന്റെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ ഇതോടെ നഷ്ടപ്പെട്ടു. ലീഗിനെ വെല്ലുവിളിച്ച് നേരത്തേ വിജയിച്ച പി ടി എ റഹീമിനൊപ്പം കാരാട്ട് റസാഖും കൂടി എം എല്‍ എ ആയതോടെ ലീഗില്‍ പുതിയ പ്രശ്‌നങ്ങളും തല പൊക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് തന്നെ മുസ്‌ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായായിരുന്ന കൊടുവള്ളി 1957ന് ശേഷം നടന്ന പതിനൊന്ന് തിരഞ്ഞെടുപ്പുകളില്‍ 2006 ലൊഴിച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും യു ഡി എഫിനെ വിജയിപ്പിച്ചിരുന്നു. ആദ്യത്തെ രണ്ട് തിരഞ്ഞെടുപ്പുകളിലൊഴികെ എട്ട് തവണയും ഇവിടെ നിന്ന് നിയമ സഭയിലെത്തിയതാവട്ടെ മുസ്‌ലിം ലീഗും. അത്രയും കണ്ണടച്ചു വിശ്വസിച്ചു പോന്നിരുന്ന മണ്ഡലത്തിലേറ്റ തിരിച്ചടിക്ക് കാരണം ലീഗിലെ അഴിമതിയും ചില നേതാക്കന്‍മാരുടെ അധികാര ഭ്രമവുമാണെന്നാണ് വിലയിരുത്തുന്നത്. കാരാട്ട് റസാഖ് 61,033 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി എം എ റസാഖ് മാസ്റ്റര്‍ക്ക് 60,460 വോട്ടുകളേ നേടാനായുള്ളൂ. എന്‍ ഡി എ സ്ഥാനാര്‍ഥി അലി അക്ബര്‍ ഇത്തവണ 11, 537 വോട്ടുകള്‍ നേടി ബി ജെ പി നില മെച്ചപ്പെടുത്തി.
മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കാരാട്ട് റസാഖ് പാര്‍ട്ടി നേതൃത്വം എം എ റസാഖിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍ട്ടി വിട്ട് എല്‍ ഡി എഫ് പാളയത്തിലെത്തിയത്. റസാഖ് മാസ്റ്ററുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഉടനെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച് മത്സരരംഗത്തിറങ്ങിയ കാരാട്ട് റസാഖിനെ ഒടുവില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സിറ്റിംഗ് എം എല്‍ എയായ വി എം ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലേക്കയച്ചായിരുന്നു എം എ റസാഖ് മാസ്റ്റര്‍ക്ക് മുസ്‌ലിം ലീഗ് കൊടുവള്ളി സീറ്റ് നല്‍കിയത്. സ്ഥാനാര്‍ഥിത്വത്തിന്റെ ആദ്യ ഘട്ടത്തില്‍ അങ്കലാപ്പിലായ യു ഡി എഫ് കാരാട്ട് റസാഖിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സി പി എം, ഡി വൈ എഫ് ഐ പ്രാദേശിക ഘടകങ്ങളില്‍ ഭിന്നതയുണ്ടെന്നുള്ള വ്യാജ വാര്‍ത്തകള്‍ വരെ പ്രചരിപ്പിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അതൊന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. എന്നാല്‍ പ്രചാരണത്തില്‍ എറെ മുന്നിലെത്തിയ യു ഡി എഫ് കാരാട്ട് റസാഖിന്റെ രാജി പാര്‍ട്ടിയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന കണക്കുകൂട്ടലിലായിരുന്നു അവസാനം വരെ.
മുസ്‌ലിം ലീഗിന്റെ പ്രമുഖരായ പല നേതാക്കളെയും വിജയിപ്പിച്ച് നിയമസഭയിലെത്തിച്ച ചരിത്രപരമായ പ്രാധാന്യമുള്ള മണ്ഡലമായിരുന്നു കൊടുവള്ളി. അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദ്, ലീഗ് രാഷ്ട്രീയത്തില്‍ അതികായനായിരുന്ന പി എം അബൂബക്കര്‍ എന്നിവര്‍ ജയിച്ച് കയറിയ ലീഗിന്റെ അഭിമാന മണ്ഡലമാണ് റസാഖിന് മുന്നില്‍ ലീഗിന് ഇത്തവണ അടിയറവ് പറയേണ്ടിവന്നത്. ജില്ലയില്‍ യു ഡി എഫിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായിരുന്നു കൊടുവള്ളി മണ്ഡലം. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതിനു മുമ്പ് ലീഗിന് അടിയേറ്റ 2006ല്‍ അഡ്വ. പി ടി എ റഹീമിന്റെ വിജയമായിരുന്നു. 7506 വോട്ടിനായിരുന്നു ഡി ഐ സി യിലെ കെ മുരളീധരനെ റഹീം പരാജയപ്പെടുത്തിയിരുന്നത്്. എന്നാല്‍ 2011ല്‍ മുസ്‌ലിം ലീഗിന്റെ വി എം ഉമ്മര്‍ മാസ്റ്റര്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിഭക്ഷമായ 16,552 വോട്ടിനായിരുന്നു മണ്ഡലം തിരിച്ചുപിടിച്ചത്.
1957ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിലും പിന്നീട് 1960ല്‍ നടന്ന രണ്ടാം തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിലെ എം ഗോപാലന്‍കുട്ടി നായരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. കുന്ദമംഗലം മണ്ഡലത്തിന്റെ ഭാഗമായി കൊടുവള്ളി മാറി. 1977ലാണ് കൊടുവള്ളി മണ്ഡലം വീണ്ടും വരുന്നത്. അന്നുമുതല്‍ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് ഇവിടെ മത്സരിച്ചുജയിച്ചുവന്നു. 1957ലും 1960ലും കോണ്‍ഗ്രസിലെ ഗോപാലന്‍കുട്ടി നായരാണ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1977ല്‍ ഇ അഹമ്മദ് മണ്ഡലത്തില്‍ നിന്ന് ജയിച്ചതോടെ പിന്നീടിങ്ങോട്ട് ലീഗിന്റെ പടയോട്ടമായിരുന്നു. 1980ലും 1982ലും പി വി മുഹമ്മദ്, 1987ല്‍ പി എം അബൂബക്കര്‍, 1991ല്‍ വീണ്ടും പി വി മുഹമ്മദ്, 1996ല്‍ സി മോയിന്‍കുട്ടി, 2001ല്‍ സി മമ്മൂട്ടി എന്നീ ലീഗ് സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയിരുന്നു.
കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും യു ഡി എഫിന് കൊടുവള്ളിയില്‍ നല്ല ഭൂരിപക്ഷം ലഭിച്ചിരുന്നു. എം കെ രാഘവന് കൊടുവള്ളിയില്‍ നിന്ന് മാത്രം കിട്ടിയത് 16,599 വോട്ടിന്റെ ഭൂരിപക്ഷമാണ്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണ് മണ്ഡലത്തില്‍ സംഭവിച്ചിരുന്നത്. യു ഡി എഫിന്റെ ലീഡ് 3742 ആയി കുറഞ്ഞു. അന്ന് മണ്ഡലത്തിലെ കൊടുവള്ളി മുനിസിപ്പാലിറ്റി, ഓമശ്ശേരി, താമരശ്ശേരി, കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകള്‍ യു ഡി എഫ് നേടിയപ്പോള്‍ കട്ടിപ്പാറ, നരിക്കുനി പഞ്ചായത്തുകളായിരുന്നു എല്‍ ഡി എഫ് നേടിയത്. ഇതില്‍ കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ സീറ്റുകളുടെ എണ്ണത്തില്‍ യു ഡി എഫ് മുന്നിലാണെങ്കിലും വോട്ടിന്റെ കാര്യത്തില്‍് എല്‍ ഡി എഫായിരുന്നു മുന്നില്‍.