Connect with us

Kerala

ഇടതു തരംഗത്തിലും ചാപിള്ളയായി ജനാധിപത്യ കേരള കോണ്‍ഗ്രസ്

Published

|

Last Updated

കോട്ടയം: സംസ്ഥാനത്ത് ഇടതു തരംഗത്തില്‍ യു ഡി എഫ് കോട്ടകള്‍ ഒന്നൊന്നായി തകര്‍ന്നു വീണപ്പോഴും ഇടതു പിന്തുണയിലും പിടിച്ചു നില്‍ക്കാനാകാതെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചാപിള്ളയായി. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഇടുക്കി, ചങ്ങനാശേരി, പൂഞ്ഞാര്‍, തിരിവനന്തപുരം സീറ്റുകളില്‍ എല്ലാം പരാജയപ്പെട്ടു. ഇടുക്കിയില്‍ സിറ്റിംഗ് എം എല്‍ എയും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയുമായ റോഷി അഗസ്റ്റിനോട് 9,333 വോട്ടുകള്‍ക്കാണ് ഫ്രാന്‍സിസ് ജോര്‍ജ് പരാജയം രുചിച്ചത്. പൂഞ്ഞാറിലാകട്ടെ പി സി ജോസഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡോ. കെ സി ജോസഫ് മത്സരിച്ച ചങ്ങനാശേരിയില്‍ മാത്രമാണ് യു ഡി എഫുമായി പാര്‍ട്ടിക്ക് അല്‍പ്പമെങ്കിലും മത്സരം കാഴ്ചവെക്കാനായത്. ഇവിടെ സിറ്റിംഗ് എം എല്‍ എയും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയുമായ സി എഫ് തോമസിനോട് 1,849 വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ സി ജോസഫ് പരാജയപ്പെട്ടത്.

തിരുവനന്തപുരത്ത് ആന്റണി രാജു എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ വി എസ് ശിവകുമാറിനോട് 10,905 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം, ഇടുക്കി ജില്ലകളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി സി പി എം നടത്തിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ തീര്‍ത്തും പരാജയമാണെന്ന തിരിച്ചറിവുകളാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. പശ്ചിമഘട്ട സംക്ഷണ സമിതിയുടെ ആശിര്‍വാദത്തോടെ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി ഇടുക്കി ജില്ലയില്‍ സി പി എം നടത്തിയ പരീക്ഷണങ്ങളും , കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി അതിരൂപതകളെ ഒപ്പം ചേര്‍ത്തുള്ള രഹസ്യനീക്കങ്ങളും എല്‍ ഡി എഫിന് തിരഞ്ഞെടുപ്പില്‍ അനൂകൂല ഘടകങ്ങളായില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്നത് ഇടതുമുന്നണി പ്രവേശനം അടക്കമുള്ള രാഷ്ട്രീയ തീരുമാനങ്ങളിലും വലിയ തിരിച്ചടിയുണ്ടാക്കിയേക്കും.

---- facebook comment plugin here -----

Latest