Connect with us

Kerala

ഇടതിന് ന്യൂനപക്ഷങ്ങളുടെ നിറഞ്ഞ പിന്തുണ

Published

|

Last Updated

തിരുവനന്തപുരം:ഇടത് മുന്നേറ്റത്തിന് ഊര്‍ജമായത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച നിറഞ്ഞ പിന്തുണ. ബി ജെ പി ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയോട് തുടക്കത്തില്‍ മൃദുസമീപനം സ്വീകരിച്ച കോണ്‍ഗ്രസിനും യു ഡി എഫിനുമെതിരായ ജനവിധിയാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. മലബാറില്‍ ഇടതുമുന്നണിക്ക് ലഭിച്ച മേല്‍ക്കൈ വ്യക്തമാക്കുന്നതും ഇത് തന്നെ. പാര്‍ട്ടി വോട്ടുകള്‍ കൊണ്ട് ജയിക്കാവുന്ന സീറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ ഫലത്തില്‍ നിര്‍ണായകമായത് ന്യൂനപക്ഷ വോട്ടുകളാണ്. ഭൂരിപക്ഷവിഭാഗത്തില്‍ നിന്ന് ഇടത് മുന്നണിക്ക് ലഭിക്കുന്ന പിന്തുണ ഒരു പരിധി വരെ നിലനിര്‍ത്തിയതിനൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ ഇടത് മുന്നണിക്ക് അനുകൂലമായതാണ് ത്രസിപ്പിക്കും ജയത്തിലേക്ക് എല്‍ ഡി എഫിനെ അടുപ്പിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു ഡി എഫിനെ പിന്തുണച്ചവര്‍ ഇത്തവണ ഇടത്തേക്ക് മാറി. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ പലതും എല്‍ ഡി എഫിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞു. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനും തിരുവമ്പാടിയില്‍ ജോര്‍ജ്ജ് എം തോമസും കൊടുവള്ളിയില്‍ കാരാട്ട് റസാഖും നേടിയ വിജയം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ന്യൂനപക്ഷ സ്വാധീനമുള്ള സിറ്റിംഗ് സീറ്റുകള്‍ ഭൂരിഭാഗവും എല്‍ ഡി എഫിന് നിലനിര്‍ത്താനും കഴിഞ്ഞു. കുന്ദമംഗലത്ത് അഡ്വ. പി ടി എ റഹീമും ബേപ്പൂരില്‍ വി കെ സി മമ്മദ് കോയയും നേടിയ വിജയം ഇതിന് ഉദാഹരണമാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മറ്റു മണ്ഡലങ്ങളിലും ന്യൂനപക്ഷ സ്വാധീനം വ്യക്തമാണ്.
മലപ്പുറം ജില്ലയിലെ താനൂര്‍ മുസ്‌ലിം ലീഗില്‍ നിന്നും നിലമ്പൂര്‍ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തു. തവനൂര്‍, പൊന്നാനി സീറ്റുകള്‍ നിലനിര്‍ത്താനും ഇടതിന് കഴിഞ്ഞു. പെരിന്തല്‍മണ്ണ, മങ്കട സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണയും ഇടതിന് ലഭിച്ചിട്ടുണ്ട്. ബി ഡി ജെ എസിലൂടെ വെള്ളാപ്പള്ളി ഇടത് വോട്ടുകളില്‍ വലിയൊരു പങ്ക് ചോര്‍ത്തിയപ്പോള്‍ ന്യൂനപക്ഷ വോട്ടുകളാണ് ഇടത് മുന്നണിക്ക് അനുഗ്രഹമായത്.
ബി ജെ പി ഉയര്‍ത്തിയ വെല്ലുവിളി തടയുന്നതില്‍ യു ഡി എഫിന് സംഭവിച്ച വീഴ്ചയാണ് ന്യൂനപക്ഷ വിഭാഗത്തിന്റെ അകല്‍ച്ചക്ക് പ്രധാന കാരണമായത്. ഇതോടൊപ്പം മുസ്‌ലിം ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മുസ്‌ലിംലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയ നിലപാടുകളും തിരിച്ചടിക്ക് കാരണമായി. സര്‍ക്കാറിന്റെ മൃദുഹിന്ദുത്വ സമീപനം വലിയ ചര്‍ച്ചകള്‍ക്ക് വിഷയമായതാണ്.
തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തില്‍ യു ഡി എഫും ബി ജെ പിയും തമ്മിലാണ് മത്സരമെന്ന നിലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവനയും അനുകൂലമായത് ഇടതുപക്ഷത്തിനാണ്. വെള്ളാപ്പള്ളിയുടെ ബി ജെ പി സഹകരണം ഇടതിന്റെ ഈഴവ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയെങ്കിലും മുസ്‌ലിം ന്യൂനപക്ഷം ഇടതിനോട് അടുക്കാന്‍ ഇതും സഹായകരമായിട്ടുണ്ടെന്ന് വേണം കരുതാന്‍.

---- facebook comment plugin here -----

Latest