Connect with us

Kerala

ചരിത്രം കുറിച്ച് നേമത്ത് ഒ രാജഗോപാല്‍

Published

|

Last Updated

തിരവനന്തപുരം: ഒടുവില്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ താമര വിരിഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതു വരെ അക്കൗണ്ട് തുറക്കാനാകാത്ത ബി ജെ പി തങ്ങളുടെ താര സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാലിലൂടെയാണ് നേമം മണ്ഡലത്തില്‍ ചരിത്രം കുറിച്ചത്. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സ്ഥാനാര്‍ഥിയായ വി ശിവന്‍കുട്ടിയെ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജഗോപാല്‍ പരാജയപ്പെടുത്തിയത്. രാജഗോപാല്‍ 67813 വോട്ടു നേടിയപ്പോള്‍, ശിവന്‍കുട്ടി 59142 വോട്ടു നേടി രണ്ടാമനായി. ഒരു ബി ജെ പി സ്ഥാനാര്‍ഥി സംസ്ഥാനത്ത് നേടുന്ന ഏറ്റവും കൂടുതല്‍ വോട്ടു നേടിയാണ് രാജഗോപാല്‍ വിജയകിരീടം ചൂടിയത്. യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി സുരേന്ദ്രന്‍ നേമത്ത് അപ്രസക്തനുമായി. നേമത്തെ നേട്ടത്തിനൊപ്പം സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളില്‍ ബി ജെ പി രണ്ടാമതെത്തി. ഒരു വേള മഞ്ചേശ്വരത്ത് താമരവിരുയുമെന്ന് തോന്നിപ്പിച്ചെങ്കിലും 89 വോട്ടിന്റെ നേരിയ വ്യത്യാസത്തില്‍ കൈവിട്ടു. സംസ്ഥാനത്ത് രണ്ടക്ക വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ബി ജെ പിക്ക് ഒറ്റ സീറ്റിലേക്ക് ചുരുങ്ങേണ്ടി വന്നെങ്കിലും സംസ്ഥാനത്ത് പാര്‍ട്ടി നടത്തിയ മുന്നേറ്റത്തെ തള്ളിക്കളയാനാകില്ല. ഇരു മുന്നണികള്‍ക്കൊപ്പം മൂന്നാം മുന്നണിയെന്ന രാഷ്ട്രീയ ഇടം സൃഷ്ടിക്കാനായെന്ന നേട്ടവും എന്‍ ഡി എ സഖ്യത്തിന് അവകാശപ്പെടാം. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാലക്കാട് ജില്ലയിലെ പാലക്കാട്, വി എസ് അച്യുതാനന്ദന്‍ മത്സരിച്ച മലമ്പുഴ, കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയത്. ഇതില്‍ മഞ്ചേശ്വരത്തും കാസര്‍കോട്ടും പാലക്കാട്ടും വട്ടിയൂര്‍ക്കാവിലും സി പി എം സ്ഥാനാര്‍ഥികളെ ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. വോട്ട് നേട്ടത്തിലും ഇക്കുറി ബി ജെ പിക്ക് നേട്ടമുണ്ടാക്കാനായി. നേമം അടക്കം മൂന്ന് മണ്ഡലങ്ങളില്‍ ബി ജെ പിക്ക് അമ്പതിനായിരത്തിലേറെ വോട്ട് നേടാന്‍ കഴിഞ്ഞു. അഞ്ച് സീറ്റുകളില്‍ നാല്‍പ്പതിനായിരത്തിലേറെയും പന്ത്രണ്ട് സീറ്റുകളില്‍ മുപ്പതിനായിരത്തിലേറെ വോട്ട് നേടാന്‍ ബി ജെ പി ക്ക് കഴിഞ്ഞു.

---- facebook comment plugin here -----

Latest