Connect with us

Gulf

ഇടത് ജയം; പ്രവാസ ലോകത്ത് ആഹ്ലാദം

Published

|

Last Updated

ഷാര്‍ജ:കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ടായ തകര്‍പ്പന്‍ ജയത്തില്‍ പ്രവാസലോകത്തെ ഇടത് സഹയാത്രികരില്‍ ആഹ്ലാദം. വലത് സംഘടനാ പ്രവര്‍ത്തകരില്‍ പക്ഷേ നിരാശ പ്രകടമായിരുന്നു. ഇടത് അനുകൂല പ്രവര്‍ത്തകര്‍ മുന്നണിക്കുണ്ടായ വിജയം ശരിക്കും ആഘോഷിച്ചു. മുന്നണി സ്ഥാനാര്‍ഥികള്‍ ഓരോ മണ്ഡലത്തിലും മുന്നേറുമ്പോള്‍ തന്നെ ആഹ്ലാദം മുളയിട്ടിരുന്നു. മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ച് മുന്നണി അവിശ്വസനീയമായ വിജയം കൈവരിച്ചതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദത്താല്‍ തുള്ളിച്ചാടുകയായിരുന്നു. എതിര്‍ സംഘടനാ പ്രവര്‍ത്തകരുമായി ആഹ്ലാദം അവര്‍ പങ്കിടുകയും ചെയ്തു.
സി പി എം അനുകൂല പ്രവാസി സംഘടനയായ മാസ് പ്രവര്‍ത്തകരില്‍ ഇടത് മുന്നണിയുടെ തിളക്കമാര്‍ന്ന വിജയം ഏറെ ആഹ്ലാദമാണ് സൃഷ്ടിച്ചത്. ഷാര്‍ജയില്‍ ഈ സംഘടനക്കു ശക്തമായവേരോട്ടമുണ്ട്. പ്രവര്‍ത്തകരെല്ലാം വിജയത്തില്‍ ആഹ്ലാദിച്ചു. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണല്‍ സൂക്ഷ്മമായാണ് അവര്‍ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെ നിരീക്ഷിച്ചത്. മുന്നണി സര്‍വകണക്കുകൂട്ടലുകളും തെറ്റിച്ച് മുന്നേറിയതോടെ ആഹ്ലാദഭരിതരായി. മുന്നണിക്കുണ്ടായ വിജയത്തിലുള്ള ആഹ്ലാദവും സന്തോഷവും അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം, നികേഷ്‌കുമാറിന്റെയും സെബാസ്റ്റ്യന്‍ പോള്‍ ഉള്‍പെടെയുള്ളവരുടെയും തോല്‍വി നിരാശപ്പെടുത്തി. വലത് മുന്നണിക്കേറ്റ കനത്തതോല്‍വിയാണ് യു ഡി എഫ് അനുകൂല പ്രവാസി സംഘടന പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തിയത്.
ഏറ്റവും വലിയ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന്റെ അനുകൂല പ്രവര്‍ത്തകര്‍ക്ക്, പാര്‍ട്ടിക്കേറ്റ കനത്തപരാജയം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ പ്രവര്‍ത്തകരില്‍ മ്ലാനതയായിരുന്നു. ജയപരാജയങ്ങളെക്കുറിച്ചാകട്ടെ പലരും മൗനം പാലിച്ചു. അതേസമയം മുന്നണിക്കു കനത്ത തോല്‍വിനേരിട്ടുവെങ്കിലും ഘടകക്ഷിയായ മുസ്‌ലിം ലീഗിനു വലിയ ക്ഷതം ഏല്‍ക്കാതിരുന്നത് അനുകൂല സംഘടനയായ കെ എം സി സി പ്രവര്‍ത്തകരില്‍ വലിയ നിരാശയ്ക്കു ഇടയാക്കിയില്ല. എങ്കിലും മുന്നണിക്കുണ്ടായ തോല്‍വി അവരെയും വേദനയിലാഴ്ത്തി.
ബി ജെ പി അനുകൂലികളും ഏറെ സന്തോഷവാന്മാരായിരുന്നു. സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറക്കാനായതിലാണ് അവര്‍ക്ക് ആഹ്ലാദം. അഞ്ച് സീറ്റുവരെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും ഒന്നുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതിലും അവര്‍ക്കുവിഷമമൊന്നുമുണ്ടായില്ല.
ജോലി സ്ഥലങ്ങളില്‍ വെച്ച് തന്നെയാണ് പ്രവാസികള്‍ വോട്ടെണ്ണലിന്റെ ഓരോ വിവരങ്ങളും അറിഞ്ഞത്. ഒഴിവ്, വിശ്രമ വേളകളിലും ജോലിക്കിടയിലും ഫലം അറിയാനായി ആകാംക്ഷയോടെ മലയാളികള്‍ കാത്തിരുന്നു. യാത്രക്കിടയിലും വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നു. ഭക്ഷണ ശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും മാത്രമല്ല, മലയാളികള്‍ ഒത്തുകൂടുന്നിടത്തെല്ലാം ഫലം അറിയാനായി വെമ്പല്‍ കൊണ്ടു. ഉത്സവ പ്രതീതിയാണ് പരക്കെ സൃഷ്ടിച്ചത്. അതിരാവിലെ മുതല്‍ തന്നെ ഫലം അറിയാനുള്ള തിടുക്കത്തിലായിരുന്നു. അറിയാനുള്ള സര്‍വ ഒരുക്കങ്ങളും നടത്തിയിരുന്നു. വോട്ടെണ്ണി തുടങ്ങിയതോടെ നെഞ്ചിടിപ്പ് തുടങ്ങി. ഓരോ നിമിഷവും ഉദ്വേഗം നിറഞ്ഞതായിരുന്നു. തങ്ങളുടെ മുന്നണി സ്ഥാനാര്‍ഥികളുടെ സ്ഥിതി എന്താകുമെന്നായിരുന്നു ഓരോരുത്തരുടെയും ആകംക്ഷ.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പുഫലം. ഇടത് മുന്നണി വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന പ്രവചനം യാഥാര്‍ഥ്യമാകുകയായിരുന്നു. പ്രവാസികളില്‍ നല്ലൊരു ശതമാനവും ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. മുന്നണിക്ക് ലഭിക്കാവുന്ന സീറ്റുകളെക്കുറിച്ചും പലരും കൃത്യമായി പ്രവചിക്കുകയും ചെയ്തിരുന്നു. അതേസമയം, ഉദുമ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ തോല്‍വി പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചക്ക് കളമൊരുക്കി. പ്രവാസലോകത്ത് വോട്ട് തേടിയെത്തി വ്യാപകമായ പ്രചാരണമാണ് സുധാകരന്‍ നടത്തിയിരുന്നത്.
ഇടത് വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ പലയിടത്തും നടന്നുവരികയാണ്.