Connect with us

Kozhikode

അക്രമ രാഷ്ട്രീയത്തില്‍ നിന്ന് ലീഗ് പിന്മാറിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും: മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കോഴിക്കോട്: ആക്രമണ രാഷ്ട്രീയത്തില്‍ നിന്ന് മുസ്‌ലിം ലീഗ് അടിയന്തരമായി പിന്മാറിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അക്രമര ാഷ്ട്രീയത്തിനെതിരെ സമുദായ വോട്ട് ചോദിച്ച മുസ്‌ലിം ലീഗ് തങ്ങളുടെ സ്വാധീന മേഖലകളില്‍ തിരഞ്ഞെടുപ്പിന് ശേഷം ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് അതേ അക്രമരാഷ്ട്രീയമാണ് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. പുത്തനത്താണിയില്‍ സുന്നി പ്രവര്‍ത്തകനായ ഹംസക്കുട്ടിയെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് കൊലപ്പെടുത്തിയത് അത്യന്തം ക്രൂരമായ നരനായാട്ടായി. ഒരു മതസംഘടനയുടെ കൂടി തലപ്പത്തിരിക്കുന്ന ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഈ വിഷയത്തില്‍ മൗനം വെടിയണം.

അധികാരത്തിന്റെ ബലത്തില്‍ എന്തുമാകാമെന്ന ധിക്കാരപരമായ സമീപനത്തിന് ജനാധിപത്യത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ജനം നല്‍കിയ തിരിച്ചടിക്ക് ക്രിമിനല്‍ രാഷ്ട്രീയത്തിലൂടെ പ്രതികരിക്കുന്നത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ചേര്‍ന്നതല്ല. ജനവിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് തെറ്റുതിരുത്താന്‍ തയ്യാറാകുകയാണ് വേണ്ടത്. തെരുവിലിറങ്ങി അരാജകത്വം സൃഷ്ടിക്കുന്ന അണികളെ നിയന്ത്രിക്കാനും മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് കഴിയണം. മണ്ണാര്‍ക്കാട് ഇരട്ട കൊലപാതകത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മുസ്‌ലിം ജമാഅത്ത് ഏതറ്റം വരെയും പോകും. രക്തക്കറ പുരണ്ട കൈകള്‍ എത്ര സ്വാധീനമുള്ളവരുടെതായാലും ഒരുനാള്‍ പിടിക്കപ്പെടുകതന്നെ ചെയ്യും. സുന്നി പ്രവര്‍ത്തകനായ ഹംസക്കുട്ടിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും അടിയന്തരമായി പിടികൂടണമെന്ന് മുസ്‌ലിം ജമാഅത്ത് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. കെ എം എ റഹീം, അഡ്വ. ഇസ്മാഈല്‍ വഫ, എന്‍ അലി അബ്ദുല്ല ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest