Connect with us

National

ഉത്തരേന്ത്യയില്‍ ചൂട് കനക്കുന്നു; രാജസ്ഥാനില്‍ താപനില 51 ഡിഗ്രി

Published

|

Last Updated

ജയ്പൂര്‍: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കുളിരണിയിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത ചൂടില്‍ വെന്തുരുകുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത ചൂട് അനുഭവപ്പെടുന്നത്. രാജസ്ഥാനിലാണ് ചൂട് കൂടുതലായി അനുഭവപ്പെടുന്നത്. 0.5 മുതല്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് താപനില വര്‍ധിച്ചിട്ടുണ്ട്.
നിലവില്‍ 13 പേരാണ് കനത്ത ചൂടില്‍ മരിച്ചത്. ബാര്‍മര്‍ ജില്ലയിലെ അതിര്‍ത്തി സുരക്ഷാ സേനാ അംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ചിത്രം ജവാന്‍മാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് ജോധ്പൂര്‍ ജില്ലയിലെ പാലോടിയില്‍ 51 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. ചുരു, ശ്രീഗംഗ നഗര്‍ എന്നിവിടങ്ങളില്‍ 49.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. കോട്ടയില്‍ 47.3 ഡിഗ്രി താപനില രേഖപ്പെടുത്തിയത് ഇതുവരെയുള്ള റെക്കോര്‍ഡാണെന്ന് ജയ്പൂര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നു. വരും ദിവസങ്ങളില്‍ ചൂടിന്റെ കാഠിന്യം കൂടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റിന്റെ ഗതി പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നും ഇതിനാല്‍ അന്തരീക്ഷത്തില്‍ ചൂടിന്റെ കാഠിന്യം കുറയുമെന്നും അധികൃതര്‍ കണക്കു കൂട്ടുന്നു.
ചൂടില്‍ നിന്ന് രക്ഷ നേടാന്‍ പ്രധാന സ്ഥലങ്ങളില്‍ ബീക്കാനീര്‍ മുനിസിപ്പല്‍ അധികൃതര്‍ വെള്ളം തളിക്കുന്നുണ്ട്. കുടിവെള്ള ക്ഷാമവും ചൂടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വന്യജീവികളെയും ചൂട് ബാധിച്ചിട്ടുണ്ട്. മൃഗശാലയില്‍ അധികൃതര്‍ കൂളറുകള്‍ സ്ഥാപിച്ചു തുടങ്ങി.
മധ്യപ്രദേശിന്റെ പടിഞ്ഞാന്‍ ഭാഗങ്ങളിലും, വിദര്‍ഭ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഗുജറാത്തിന്റെ കച്ച് മേഖലയിലും സൗരാഷ്ട്രയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണ്‍സൂണ്‍ എത്താന്‍ ആറ് ദിവസം വൈകുമെന്ന് കാലാവസ്ഥാ അധികൃതര്‍ പറയുന്നു.

Latest