Connect with us

Kerala

അര്‍ഹതക്കുള്ള അംഗീകാരവുമായി എ കെ ബാലന്‍

Published

|

Last Updated

പാലക്കാട്: ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ എ കെ ബാലന്‍ മന്ത്രിയാകുമെന്ന് ഉറപ്പിച്ചതാണ്. സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനം വന്നതോടെ അത് യഥാര്‍ഥ്യമായി 1984ല്‍ ആഗസ്റ്റ് മൂന്നിന് കേളപ്പന്റെയും കുഞ്ഞിയുടെയും മകനായി കോഴിക്കോട് ചാലപ്പുറത്ത് ജനിച്ച എ കെ ബാലന്‍ തലശ്ശേരി ബ്രണ്ണന്‍കോളജില്‍ നിന്ന് ബിരുദം നേടി.

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ വന്ന ബാലന്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭൂസമരത്തില്‍ പങ്കെടുത്ത് മുപ്പത് ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കിടന്നിട്ടുണ്ട്.
1980ല്‍ ഒറ്റപ്പാലത്ത് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലാ കൗണ്‍സില്‍ പ്രഥമ പ്രസിഡന്റായിരുന്നു ബാലന്‍ 2006-11കാലത്ത് വി എസ് മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു.

ബാലന്‍ മന്ത്രിയായിരുന്ന കാലത്താണ് വൈദ്യുതി മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതും വൈദ്യുതി വകുപ്പിനെ ജനകീയമാക്കുകയും ചെയ്തത്. സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ആശയം എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് ബാലന്റെ ഇടപെടലിന്റെ ഫലമായിരുന്നു.
വൈദ്യുതി വകുപ്പില്‍ ശ്രദ്ധേയമായ ഒട്ടേറെ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാനും അക്കാലത്ത് അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹം പട്ടികജാതി വര്‍ഗ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചത്. തുടര്‍ച്ചയായി നാലാം തവണ നിയമസഭയിലേക്ക് എത്തുന്ന ബാലന്‍, രണ്ട് തവണ തരൂരില്‍ നിന്നും അതിനു മുമ്പ് കുഴല്‍മന്ദം മണ്ഡലത്തില്‍ നിന്നുമാണ് വിജയിച്ചത്.
നാലാം തവണയും മത്സരിക്കാന്‍ ബാലന് പാര്‍ട്ടി അനുമതി നല്‍കിയത് മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ജില്ലയിലെ സി പി എമ്മിനുള്ളിലെ ബലാബലങ്ങള്‍ പരിഹരിക്കാന്‍ രംഗത്തിറങ്ങിയതിനുള്ള പ്രതിഫലമെന്ന നിലക്ക് കൂടിയായിരുന്നു. ഡോ. പി കെ ജമീലയാണ്ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്.